20 April Saturday

പൊലീസിനെതിരായ പരാതി കൺട്രോൾ
റൂമിൽ വിളിച്ചറിയിച്ച്‌ യുവാവ്‌ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jan 22, 2023
കോവളം
പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ വിളിച്ചറിയിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. വെങ്ങാനൂര്‍ പോങ്ങുവിള വീട്ടിൽ അമല്‍ജിത്താണ് (29) തൊടുപുഴ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച്‌ ആത്മഹത്യചെയ്‌തത്‌. എ ന്നാല്‍ തൊടുപുഴ സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനാണ് അമല്‍ജിത്തിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വെള്ളി രാത്രി പത്തോടെയാണ് അമല്‍ജിത്ത് തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്. ഫോണിൽ സംസാരിച്ച പൊലീസുകാരൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൊട്ടുപിന്നാലെ ഈ സംഭാഷണം അമൽ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു. അവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ്‌ വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങിയ നിലയിൽ അമലിനെ കണ്ടത്‌. തന്റെ ഭാര്യയെ മര്‍ദിക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞതിന് തൊടുപുഴ പൊലീസ് 49 ദിവസം ജയിലിലും 17 ദിവസം മാനസികാരോഗ്യകേന്ദ്രത്തിലും അടച്ചെന്നാണ് അമലിന്റെ ആരോപണം. 
അമലിന് രണ്ട് ഭാര്യമാരുണ്ട്. എറണാകുളം സ്വദേശിനി ഹരിത ഇപ്പോൾ വേറെയാണ്‌ താമസം. ഇവരുടെ മക്കൾ അമലിനൊപ്പമാണ്‌. തൊടുപുഴ സ്വദേശിനി ജോസ്നിക്കൊപ്പം വിഴിഞ്ഞത്താണ്‌ അമൽ താമസം. 
ഇതിനിടെ മകൾക്ക്‌ സുഖമില്ലാത്തിനാൽ ഹരിതയെ ഇയാൾ വിളിച്ചുവരുത്തി. ഇതേച്ചൊല്ലി ജോസ്‌നിയുമായി വഴക്കുണ്ടായി. ഇവരെ മർദിച്ചതോടെ കഴിഞ്ഞയാഴ്‌ച വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയ ജോസ്‌നി തൊടുപുഴയിലേക്ക് പോവുകയായിരുന്നുവെന്ന്‌ വിഴിഞ്ഞം പൊലീസ് പറഞ്ഞു. 
ജോസ്‌നിയുടെ ആദ്യ ഭര്‍ത്താവിനെ വെട്ടിയതാണ് അമലിനെതിരായ കേസ്‌. പിന്നീട്‌ ജയിലില്‍വച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമലിനെ കോടതി നിര്‍ദേശപ്രകാരമാണ് കോട്ടയത്തെ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയതെന്നും പൊലീസ് പറഞ്ഞു.
വെൽഡിങ്‌ തൊഴിലാളിയാണ് അമൽജിത്ത്. ഭാര്യമാർ: ഹരിത, ജോസ്നി. മക്കൾ : ധീരവ്, രുദ്ര, മറിയ അമൽജിത്ത്. സംസ്കാരം ഞായറാഴ്ച. 
 
അനുനയം ഫലംകണ്ടില്ല 
തൊടുപുഴ പൊലീസിനെതിരെ ആരോപണമുന്നയിച്ച്‌ ആത്സഹത്യാഭീഷണി മുഴക്കിയ അമൽജിത്തിനെ തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരൻ അനുനയിപ്പിക്കാൻ കാര്യമായി ശ്രമിക്കുന്നുണ്ട്‌. അമൽതന്നെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയ സംഭാഷണത്തിൽ ഇത്‌ വ്യക്തമാണ്‌.  
"നിങ്ങള്‍ക്കെതിരെ ഒരാള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ മക്കളെ ആരാണ് നോക്കുക’ എന്ന് പൊലീസുകാരൻ ചോദിക്കുമ്പോൾ "എന്റെ മക്കളെ എന്റെ സര്‍ക്കാര്‍ നോക്കും സാറേ’ എന്നാണ് അമലിന്റെ മറുപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top