23 April Tuesday

നടുവൊടിഞ്ഞ്‌
 പൊതുഗതാഗത മേഖല

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കണ്ണൂർ

കോവിഡ്‌ നിയന്ത്രണങ്ങൾ  നീങ്ങിയിട്ടും  പഴയനില പുനഃസ്ഥാപിക്കാനാവാതെ  പൊതുഗതാഗത മേഖല.  സ്വകാര്യ ബസ്സുകളിൽ പകുതി മാത്രമാണ്‌ ഇപ്പോൾ സർവീസ്‌ നടത്തുന്നത്‌. സ്‌കൂൾ  തുറക്കുന്നതോടെ യാത്രാപ്രശ്‌നം രൂക്ഷമാകും.   കോവിഡിന്‌ മുമ്പ്‌ 1350 ബസ്സുകൾ ഓടിയിരുന്നു. നിലവിൽ 700 ബസ്സുകളാണ്‌ സർവീസ്‌ നടത്തുന്നത്‌. ബസ്സുകളുടെ കുറവ്‌ സാരമായി ബാധിക്കുക   വിദ്യാർഥികളെയാണ്‌. സൗജന്യനിരക്കിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക്‌ പകരം സംവിധാനം കണ്ടെത്തുക എളുപ്പവുമല്ല.
ബസ്സുകളിൽ മിക്കതും സാമ്പത്തിക പ്രതിസന്ധി കാരണം സർവീസ്‌ നിർത്തി. രണ്ടുലക്ഷം രൂപയെങ്കിലുമില്ലെങ്കിൽ ഇവയ്‌ക്ക്‌ ഓടാനാവില്ല.  ഇൻഷുറൻസിന്‌ ശരാശരി 75,000 രൂപ അടക്കണം.  ടയർ, ബാറ്ററി, ഓയിൽ മാറ്റൽ, ഫിറ്റ്‌നസ്‌ സർടിഫിക്കറ്റ്‌ പുതുക്കൽ, പെയിന്റടിക്കൽ എന്നിവയ്‌ക്കും ചെലവേറെയാണ്‌.  രണ്ട്‌ ലക്ഷം രൂപ ചെലവാക്കി ബസ്‌ സർവീസ്‌ തുടങ്ങിയാലും രക്ഷയില്ലെന്നതാണ്‌ അവസ്ഥ. 
ഇൻഷുറൻസിന്‌ പ്രതിദിനം 600 രൂപ വേണം.  ടയറിന്‌ 500 രൂപ മാറ്റിവയ്‌ക്കണം.  ദൈനംദിന അറ്റകുറ്റപ്പണിക്കായി 500 രൂപ ചെലവഴിക്കണം.  ദിവസം  ഇന്ധനമടിക്കാൻ  ശരാശരി 8,500 രൂപ കരുതണം. തൊഴിലാളികളുടെ കൂലിയും നൽകണം.  ഇത്രയും ചെലവ്‌ കഴിച്ചാൽ സർവീസ്‌ നടത്തുന്നവർക്ക്‌മിച്ചമൊന്നുമുണ്ടാകില്ല. 
പിൻവാങ്ങിയവയിൽ ഭൂരിപക്ഷവും  ഹ്രസ്വദൂര റൂട്ടിലെ സ്വകാര്യ ബസ്സുകളാണ്‌. ഈ ബസ്സുകളിൽ മിക്കവയും വിൽക്കുകയോ,  കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്‌തു. ഇതോടെ ഗ്രാമീണ യാത്രക്കാർ കടുത്ത പ്രയാസത്തിലാണ്‌.  സംസ്ഥാന സർക്കാർ താങ്ങായിട്ടും അടിക്കടി വർധിക്കുന്ന ഇന്ധന വിലയിൽ ഈ വ്യവസായത്തിന്‌ പിടിച്ചുനിൽക്കാനാവുന്നില്ല. യാത്രക്കാർ ടൂവീലർ ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ തേടിപ്പോവുകയും ചെയ്‌തു.  സമാന്തര സർവീസുകളും ഭീഷണിയാണ്‌. അതിഥി തൊഴിലാളികളുള്ളതുകൊണ്ടാണ്‌  ചില സർവീസുകളെങ്കിലും  രക്ഷപ്പെടുന്നത്‌. 
ഇന്ധന സബ്‌സിഡി അനുവദിക്കണം
ഇന്ധന സബ്‌സിഡി അനുവദിച്ചാൽ മാത്രമെ സ്വകാര്യ ബസ്‌ സർവീസിന്‌ പിടിച്ചുനിൽക്കാനാകുകയുള്ളൂവെന്ന്‌ ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത്‌ വ്യക്തമാക്കി. 
 കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഇക്കാര്യം ശ്രദ്ധിക്കണം.  ബസ്‌ വ്യവസായ മേഖലയ്‌ക്ക്‌ പലിശ രഹിത വായ്‌പയെന്ന  ആവശ്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്‌. വാഹന നികുതി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.  രാമചന്ദ്രൻ കമീഷൻ ശുപാർശ പ്രകാരം വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരുടെ  ബസ്‌ ചാർജ്‌ വർധിപ്പിക്കണം.
ആനുകൂല്യം പുനഃസ്ഥാപിക്കണം
ബസ്‌ തൊഴിലാളികളുടെ തൊഴിലും  വെട്ടിക്കുറച്ച കൂലിയും ആനുകൂല്യങ്ങളും  പുനഃസ്ഥാപിക്കാൻ നടപടിയുണ്ടാവണമെന്ന്‌  മോട്ടോർ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി  കെ ജയരാജൻ പറഞ്ഞു.  200 മുതൽ 600 രൂപവരെയാണ്‌ ഇപ്പോൾ കൂലി  നൽകുന്നത്‌. നേരത്തെ 1000 രൂപ കൂലി ലഭിച്ചിരുന്നു.  രണ്ട്‌ വർഷമായി ബോണസ്‌ ലഭിക്കുന്നില്ല.  തൊഴിലാളികൾക്ക്‌ ക്ഷേമനിധിയിൽനിന്ന്‌ പലിശരഹിത വായ്‌പ നൽകണം.  തൊഴിലാളികൾക്ക്‌  നാല്‌ തവണ സഹായമെത്തിച്ച  സംസ്ഥാന സർക്കാരിന്റെ നടപടി അഭിനന്ദനാർഹമായിരുന്നു.
മണിക്കൂറുകൾ കാത്തിരിക്കണം
നീർക്കടവ് - കണ്ണൂർ ആശുപത്രി റൂട്ടിൽ  ബസ്സിനായി മണിക്കൂറുകൾ കാത്തിരിക്കണമെന്ന്‌ പള്ളിയാന്മൂലയിലെ എം ടി രാജൻ പറഞ്ഞു.   അഞ്ച് ബസ്സുകൾ സർവീസ് നടത്തിയ റൂട്ടാണിത്‌. ഇപ്പോൾ  രണ്ട് ബസ്സുകൾ മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top