25 April Thursday

നിർമിതി കോളനി നിവാസികൾക്ക്‌ ആശ്വാസമായി ആരിഫ് എംപി

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021

ക്ലാപ്പന നിർമിതി കോളനി എ എം ആരിഫ്‌ എംപി സന്ദർശിക്കുന്നു

കരുനാഗപ്പള്ളി
ആർത്തലച്ചുപെയ്യുന്ന പേമാരിയിൽ ഏതുനിമിഷവും നിലംപൊത്താവുന്ന വീടുകളിൽ ഭീതിയോടെ കഴിയുന്ന ക്ലാപ്പന നിർമിതി കോളനി നിവാസികൾക്ക്‌ എ എം ആരിഫ് എംപിയുടെ ഇടപെടൽ ആശ്വാസമായി. കുടുംബങ്ങളുടെ ദുരിതജീവിതത്തിനു പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശമന്ത്രി എം വി ഗോവിന്ദനും  നിവേദനം നൽകിയതായി അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ലൈഫ്മിഷൻ സിഇഒ അടുത്ത ദിവസംതന്നെ കോളനി സന്ദർശിക്കാമെന്നും എംപി പറഞ്ഞു.  
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായമഴയിൽ വീടിന്റെ കോൺക്രീറ്റ് മേൽക്കൂര ഉൾപ്പെടെ അടർന്നുവീണിരുന്നു. ചോർന്നൊലിക്കുന്ന മുറികളിലാണ് 33 വീട്ടുകാർ കഴിയുന്നത്. ദേശാഭിമാനി വാർത്തയെ തുടർന്ന്‌ എ എം ആരിഫ് എംപി കോളനി സന്ദർശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത്അംഗം ബിന്ദു എന്നിവർക്കൊപ്പം കോളനി സന്ദർശിച്ച എംപി പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് എംപി പ്രശ്നം അവതരിപ്പിച്ചത്. 
1984ൽ കൊല്ലം കലക്ടർ സംഘടിപ്പിച്ച "ഫയലിൽനിന്ന് വയലിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിൽ, വിവാഹിതരായ നിർധനരായ ദമ്പതികൾക്കുള്ള പുനരധിവാസപദ്ധതിയുടെ ഭാഗമായാണ് ആയിരംതെങ്ങിനു സമീപം നിർമിതി കേന്ദ്രത്തെക്കൊണ്ട് ചെലവ് കുറഞ്ഞ നിർമാണരീതിയിൽ കോളനി നിർമിച്ചത്. വീടുകൾ അപകടാവസ്ഥയിലായതോടെ കോളനി നിവാസികൾക്ക്‌ ലൈഫ്മിഷൻ പദ്ധതിയിൽ വീട് നൽകാൻ ആലോചന നടന്നിരുന്നു. എന്നാൽ, കെട്ടിടങ്ങളുടെ നിർമിതി ഘടനകാരണം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടില്ല. സംസ്ഥാന സർക്കാർ അനുമതിയോടെ മാത്രമേ നിർമിതി 
കോളനി നിവാസികളെ ലൈഫ് പദ്ധതിയിലേക്ക് പരിഗണിക്കാൻ കഴിയുകയുള്ളൂ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top