08 December Wednesday

പിലിക്കുഡ്‌ലു കോളനിയിൽ കോടിയുടെ വികസനം

കെ സി ലൈജുമോൻUpdated: Thursday Oct 21, 2021

നാരമ്പാടി പിലിക്കുഡ്‌ലു പട്ടികവർഗ കോളനിയിലെ പി കൃഷ്‌ണനായ്‌കും മകൻ ഗഗനും 
സർക്കാർ നിർമിച്ചുനൽകിയ വീടിനുമുന്നിൽ

നെക്രാജെ

നാരമ്പാടി പിലിക്കുഡ്‌ലു പട്ടികവർഗ കോളനിക്കാർക്ക്‌ മറക്കാനാവില്ല, ഈ മാറ്റം. പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ്‌ കോളനിയിലെ വികസനം. 
അഞ്ചുവർഷം മുമ്പുവരെ അടിസ്ഥാന സൗകര്യം പോലുമില്ലാതെ അവഗണനയിൽ കഴിഞ്ഞ കോളനിക്ക്‌ ഒരു കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ അനുവദിച്ചത്‌. വീടും റോഡും ഉൾപ്പെടെ നിരവധി പദ്ധതികൾ ഞൊടിയിടയിൽ പൂർത്തിയാക്കി. രണ്ട്‌ കിടപ്പുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും കക്കൂസും ഉൾപ്പെടുന്ന അഞ്ച്‌ പുതിയ വീട്‌, മുഴുവൻ വീടിനും സൗജന്യ വയറിങ്‌, 11 വീടുകളുടെ അറ്റകുറ്റപ്പണി, കോളനിയിലെ വൈദ്യുതിയില്ലാത്ത മുഴുവൻ വീടുകളും വയറിങ്‌ നടത്തി വൈദ്യുതി കണക്‌ഷൻ, വോൾട്ടേജ്‌ ക്ഷാമം നേരിട്ടതോടെ പുതിയ ട്രാൻസ്‌ഫോർമർ, കുടിവെള്ളമില്ലാത്ത വീട്ടുകാർക്ക്‌ സൗജന്യമായി കുടിവെള്ള സൗകര്യം, മൺറോഡുകൾ കോൺക്രീറ്റ്‌ ചെയ്യൽ... ഇവയെല്ലാം ലക്ഷ്യത്തിലെത്തിച്ച്‌ കോളനിയുടെ വികസനം സാക്ഷാൽകരിക്കാൻ സർക്കാരിനായി. ഗതാഗതം അസാധ്യമായ 400 മീറ്റർ റോഡാണ്‌ വീതികൂട്ടി കോൺക്രീറ്റ്‌ ചെയ്‌തത്‌. പഞ്ചായത്ത്‌ ഭരിക്കുന്നവരും വർഷങ്ങളായി നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയും തിരിഞ്ഞുനോക്കാത്തതിനാൽ വികസനം സ്വപ്‌നം മാത്രമായ നാടിന്‌ കൈത്താങ്ങായി നിലകൊണ്ട എൽഡിഎഫ്‌ സർക്കാരിന്‌ നന്ദി പറയുകയാണ്‌ ഇവിടുത്തെ ഓരോ കുടുംബവും.
 
സ്വന്തമായി വീടുണ്ടാവുകയെന്നത്‌ എല്ലാവരുടെയും സ്വപ്‌നമാണ്‌. കൂലിപ്പണിയെടുത്ത്‌ കിട്ടുന്ന വരുമാനം കൊണ്ട്‌ കുടുംബത്തിന്റെ ചെലവും കഴിഞ്ഞ്‌ പുതിയ വീട്‌ നിർമിക്കാൻ കഴിയില്ലായിരുന്നു. സർക്കാരും പട്ടികവർഗ വകുപ്പും സഹായിച്ചതിനാൽ പേടിക്കാതെ സന്തോഷത്തോടെ കഴിയാനിടമായി.
ഗീത അച്യുതൻ, കോളനിവാസി
സ്വന്തമായി സ്ഥലമുണ്ട്‌. ഓരോ വർഷവും വീടിനായി പഞ്ചായത്തിൽ അപേക്ഷിച്ചു. ഒരിക്കൽപോലും പരിഗണിച്ചില്ല. നിരാശയിൽ കഴിയവെയാണ്‌ സർക്കാർ പട്ടികവർഗ വകുപ്പ്‌ മുഖേന ഞങ്ങൾക്ക്‌ വീട്‌ നൽകുന്നത്‌. എത്ര കാലം കഴിഞ്ഞാലും മറക്കാനാകാത്ത അനുഭവമാണിത്‌. 
സത്യവതി ഗോവിന്ദൻ, കോളനിവാസി
"വെളിച്ചംകേറാ മൂല' എന്ന ചൊല്ല്‌ പോലെയായിരുന്നു അഞ്ചുവർഷം മുമ്പുവരെ കോളനിയുടെ അവസ്ഥ. നല്ല റോഡുപോലുമില്ലായിരുന്നു. ബദിയടുക്ക–- മുള്ളേരിയ റോഡിലെ പ്രധാന കേന്ദ്രമായ പുളിയന്റടിയിലേക്ക്‌ എളുപ്പമെത്താൻ കഴിയുന്ന റോഡ്‌ സർക്കാർ കോൺക്രീറ്റ്‌ ചെയ്‌തതോടെ അതിനും പരിഹാരമായി. 
ശിവനായ്‌ക്‌, കോളനിവാസി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top