25 April Thursday

എടവക, പൊഴുതന കുടുംബാരോഗ്യ 
കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

പൊഴുതന കുടുംബാരോഗ്യകേന്ദ്രം

കൽപ്പറ്റ
 നൂൽപ്പുഴ, പൂതാടി, മുണ്ടേരി യുപിഎച്ച്സി എന്നിവയ്ക്കു പിന്നാലെ ജില്ലയിലെ രണ്ട്‌ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുകൂടി ദേശീയ അംഗീകാരം. എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് ദേശീയ ഗുണനിലവാര പരിശോധനയിൽ (എൻക്യുഎഎസ്) രാജ്യത്തെ മികച്ച ആതുരാലയങ്ങൾക്കുള്ള അംഗീകാരം ലഭിച്ചത്. ഗുണനിലവാരം വിലയിരുത്തി ദേശീയതലത്തിൽ നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ എൻക്യുഎഎസ് സർട്ടിഫിക്കറ്റ് പരിശോധനയിൽ എടവക 91.52 ശതമാനവും പൊഴുതന 85.39 ശതമാനവും മാർക്ക് നേടി. ആഗസ്‌ത്‌ മാസത്തിൽ  നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ (എൻഎച്ച്എസ്ആർസി) നിയോഗിച്ച സംഘം ആരോഗ്യകേന്ദ്രങ്ങളിൽ ഓൺലൈൻ വഴി പരിശോധന നടത്തിയിരുന്നു. 
  പഞ്ചായത്ത് പ്രതിനിധികളുടെയും ഡിഎംഒ, ഡിപിഎം അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഇതര ജീവനക്കാരുടെയും കൂട്ടായ പ്രവർത്തന ഫലമാണ് എൻക്യുഎഎസ് അംഗീകാരമെന്ന്‌ മെഡിക്കൽ ഓഫീസർമാരായ ഡോ. എം ടി സഗീർ (എടവക), ഡോ. പി എസ് സുഷമ (പൊഴുതന) എന്നിവർ അഭിപ്രായപ്പെട്ടു. 
  സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ആശുപത്രികളാണ് എടവകയും പൊഴുതനയും.  കൂടുതൽ ഒപി കൗണ്ടറുകൾ, അഡ്വാൻസ് ബുക്കിങ് കൗണ്ടർ, ആവശ്യമായ ഇരിപ്പിടങ്ങൾ, കുടിവെള്ളം, ടോയ്‌ലറ്റ്‌ സൗകര്യം, ദിശാസൂചകങ്ങൾ, ഡിസ്‌പ്ലേ 
 ബോർഡുകൾ, ആരോഗ്യ ബോധവൽക്കരണ സംവിധാനങ്ങൾ, രോഗീപരിചരണ സഹായികൾ, സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാ മുറികൾ, മാർഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകൾ, ആവശ്യത്തിന്‌ ഡോക്ടർമാരുടെയും മറ്റു പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് രണ്ട് ആശുപത്രികളിലുമുള്ളത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top