28 March Thursday

കോഴിയിറച്ചി വില ഉയരുന്നു

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021
 
കൽപ്പറ്റ
ജില്ലയിൽ കോഴിയിറച്ചി വില ഉയരുന്നു. ഒരു ഇടവേളക്കുശേഷം ആദ്യമായാണ് ഇത്രയും വില വർധന.  200 രൂപയായാണ്‌ വർധിച്ചത്‌. കിലോക്ക് 160 മുതൽ 180 രൂപവരെയായിരുന്നു മുമ്പ്‌. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 40 രൂപവരെ കൂടി. 
   ജീവനുള്ള കോഴിക്ക് 140 മുതല്‍ 160 രൂപ വരെയാണ്‌ വില. ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് പലയിടങ്ങളിലെ വില. ഇടവിട്ട ദിവസങ്ങളിൽ വില മാറുന്നുണ്ട്‌.  എന്നാൽ, കേരള ചിക്കൻ ഇറച്ചിക്കോഴി ജീവതൂക്കമായി 120 രൂപക്കും കോഴിയിറച്ചി 190 രൂപക്കുമാണ് വിൽപ്പന. കോഴിക്കർഷകന് തീറ്റ നല്‍കുന്നതിനടക്കമുള്ള  ചെലവ് കണക്കാക്കിയാൽ ഒരു കോഴിക്ക് 110 രൂപയോളം വിലവരും. ഇതുമൂലം വിലവര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കർഷകർ പറയുന്നു.  50 കിലോ കോഴിത്തീറ്റക്ക്‌ വില 2300 രൂപവരെയാണ്‌.  
  നഷ്ടം സഹിച്ചാണെങ്കിലും 95 മുതൽ 100 രൂപവരെ വിലയിൽ കർഷകർ കോഴി വിൽക്കുന്നുണ്ട്. 110 രൂപയെങ്കിലും വില കിട്ടിയില്ലെങ്കിൽ കർഷകന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലെത്തും.1000 കോഴികളിൽ 100 കോഴിയെങ്കിലും ‘എറർ' വിഭാഗത്തിൽപ്പെടുന്നതാണ്. രോഗം വന്നതോ, അവശതയുള്ളതോ, വളർച്ച ഇല്ലാത്തതോ ആയ  ഈ തരത്തിൽപ്പെടുന്ന കോഴികളെ വിൽക്കാൻ കഴിയില്ല. 10% ഇങ്ങനെ നഷ്ടപ്പെടുമ്പോൾ ആ നഷ്ടവും കർഷകൻ സഹിക്കേണ്ടിവരുന്നു. കാലാവസ്ഥാ വ്യതിയാനത്തിലൂടെ നിരവധി കോഴികള്‍ ദിവസവും ചാകുന്നുമുണ്ട്.  തമിഴ്‌നാട്ടില്‍നിന്നുള്ള കോഴിവരവ് കുറഞ്ഞതും വിലവര്‍ധനക്കുള്ള കാരണമായി. പെട്രോൾ–ഡീസൽ വിലവർധനയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചിക്കോഴിയുടെ വില കൂടാൻ കാരണമായി.  വില കൂടിയതോടെ വിൽപ്പന മുമ്പത്തേക്കാൾ കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top