20 April Saturday
കാലവര്‍ഷം ഒരുക്കം

പൂര്‍ണ സജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

പത്തനംതിട്ട നഗരത്തിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയിലൂടെ പോകുന്ന തൊഴിലാളി

 പത്തനംതിട്ട

കാലവർഷത്തെ നേരിടാൻ ജില്ല പൂർണസജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാലവർഷത്തിന് മുന്നോടിയായ തയാറെടുപ്പുകൾ  അവലോകനം ചെയ്യാന്‍ ഓണ്‍ലൈനില്‍  ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വേനൽ മഴ കൂടുതൽ ലഭിച്ചതിനാൽ കാലവർഷത്തിൽ വെള്ളപൊക്ക സാധ്യത കൂടുതലാണ്. ഇത് മുന്നിൽക്കണ്ട് മുന്നൊരുക്കം  സജ്ജീകരിച്ചെന്നും  മന്ത്രി പറഞ്ഞു.  വെള്ളപൊക്ക, മണ്ണിടിച്ചിൽ സാധ്യതാ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടങ്ങാൻ   നിർദേശം നൽകിയതായി   കലക്ടർ ഡോ. ദിവ്യാ എസ് അയ്യർ യോഗത്തെ  അറിയിച്ചു.  ആരോഗ്യം, കെഎസ്ഇബി തുടങ്ങി മറ്റ് വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകി.  
പഞ്ചായത്തു തലങ്ങളിൽ 24 മണിക്കൂർ  കോൾ സെന്റർ തുടങ്ങും. നിലവിൽ  അണക്കെട്ടുകളിലെ  സ്ഥിതി അപകടകരമല്ല.  കക്കി, പമ്പാ, മൂഴിയാർ എന്നിവയില്‍ യാഥാക്രമം 31.34 ശതമാനവും  4.78 ശതമാനവും  37.97 ശതമാനം  വെള്ളമാണ്  നിലവിലുള്ളത്. സ്വകാര്യ  അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച്   ആവശ്യമായ നിർദേശം നൽകി.  മലയിടിച്ചിൽ   മേഖലയില്‍  ജനങ്ങളെ മാറ്റി പാർപ്പിക്കാന്‍  സജ്ജീകരണങ്ങൾ ചെയ്തു. പമ്പ, മണിമല, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് വർധിക്കുന്ന പ്രവണത ഉണ്ടെങ്കിലും അപകട സൂചനയിലെത്തിയിട്ടില്ല. നദികളിൽ അടിയുന്ന ചെളി നീക്കുന്നത് പുരോഗമിക്കുന്നു. വേനൽ മഴയിൽ 117 വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്‌. 
കാലവർഷത്തിന്  മുമ്പ് നെല്ല് സംഭരണം പൂർത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത്‌ അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.  
പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം ഒഴുകി പോകാനുള്ള തടസ്സം  മാറ്റണം. റെയിൽവേയുടെ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നവും  പരിഹരിക്കണം. മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ക്യാമ്പുകൾ സജ്ജീകരിക്കാൻ സ്‌കൂളുകൾക്ക് പുറമേ മറ്റെതെങ്കിലും സൗകര്യം  ലഭ്യമാണോ എന്നു പരിശോധിക്കണമെന്നും അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.   കാലവർഷം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍  നേരിടാൻ എല്ലാ സജ്ജീകരണങ്ങളും മികച്ച രീതിയിൽ ക്രമീകരിക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.  രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും മുൻകരുതലായി സൂക്ഷിക്കണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ,  പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top