20 April Saturday
വ്യവസായക്കുതിപ്പിൽ രണ്ടാം പിണറായി സർക്കാർ

ഒരു വർഷം; 1473 ചെറുകിട വ്യവസായം

സ്വന്തം ലേഖകൻUpdated: Saturday May 21, 2022

ഉമയനല്ലുർ വ്യവസായ എസ്‌റ്റേറ്റിൽ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ബോസ്‌ ഫർണിച്ചർ യൂണിറ്റിൽ ജോലിയിലേർപ്പെട്ട സ്‌ത്രീകൾ

കൊല്ലം
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ ആരംഭിച്ചത്‌ 1473 സൂക്ഷ്‌മ ചെറുകിട വ്യവസായ സംരംഭം. 140 കോടി രൂപ നിക്ഷേപവും 6016 തൊഴിലവസരവും സൃഷ്ടിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ സമീപകാലത്തെ ഏറ്റവും മികച്ച നേട്ടമാണിത്‌.  
പുതിയവയ്‌ക്ക്‌ 
വൻ ആനുകൂല്യം
സംരംഭകത്വ സഹായ പദ്ധതി പ്രകാരം 166 സംരംഭകർക്കായി നാലര കോടി രൂപ സഹായം നൽകി. കേന്ദ്ര പദ്ധതി മുഖേന 3.54 കോടി രൂപ ഗ്രാന്റായി വിതരണംചെയ്തു. 2.37 കോടി രൂപയായിരുന്നു ലക്ഷ്യം. 153 യൂണിറ്റുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. കൂടാതെ 10 ലക്ഷം വരെ പദ്ധതിത്തുകയുള്ള നാനോ യുണിറ്റുകൾക്ക്‌ മാർജിൻ മണി ഗ്രാന്റ്‌ പദ്ധതി പ്രകാരം 28 നാനോ സംരംഭകർക്ക് 94.3 ലക്ഷം രൂപ നൽകി.
വായ്പയ്ക്ക് പലിശയിളവ് നൽകി വായ്പഭാരം ലഘൂകരിക്കുന്ന പദ്ധതികൾ നടപ്പാക്കി 30 നാനോ യുണിറ്റുകൾക്ക് 3,48,488 രൂപ നൽകി. മറ്റ് വ്യവസായ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്‌പകൾക്കും പ്രവർത്തന മൂലധന വായ്പകൾക്കുമുള്ള പലിശയിളവ് പദ്ധതി (വ്യവസായ ഭദ്രത) പ്രകാരം 119 യൂണിറ്റുകൾക്ക് 27,88,155 രൂപ നൽകി. 
പൂട്ടിക്കിടക്കുന്നതും പ്രവർത്തനരഹിതവുമായ കശുവണ്ടി ഫാക്ടറികൾ, മറ്റു യൂണിറ്റുകൾ എന്നിവയുടെ പുനരുദ്ധാരണത്തിന്‌ നടപടികൾ സ്വീകരിച്ചു. പൂട്ടിക്കിടക്കുന്ന രണ്ട് കശുവണ്ടി ഫാക്ടറി ഉൾപ്പെടെ നാല്‌ യൂണിറ്റ്‌ പുനരുദ്ധരിച്ച് പ്രവർത്തനസജ്ജമാക്കി. 32.6 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. സബ്സിഡികൾ അനുവദിക്കുന്നതിന് നെഗറ്റീവ് ലിസ്റ്റിലായിരുന്ന കശുവണ്ടി സംസ്‌കരണ യൂണിറ്റുകളെ എല്ലാ പദ്ധതിയിലും ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കി. കരകൗശല വിദഗ്ധർക്ക്  സഹായം നൽകുന്ന ആശപദ്ധതി പ്രകാരം അഞ്ചുപേർക്ക് 2,07,991 രൂപ നൽകി.
സംരംഭകത്വത്തിന്‌ 
പരിശീലനം
വിദ്യാർഥികളിൽ സംരംഭകത്വബോധം വളർത്താൻ ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇഡി ക്ലബ്ബുകൾ മുഖേന ബോധവൽക്കരണവും പരിശീലനവും നൽകി. എട്ടുലക്ഷം രൂപ ഇതിനു നൽകി. 
കൂടുതൽ സംരംഭങ്ങൾ കൊല്ലത്ത്‌
ഭക്ഷ്യമേഖലയിൽ കേന്ദ്ര–- സംസ്ഥാന സർക്കാർ പദ്ധതിയിലൂടെ 11 പുതിയ  സംരംഭമാണ് ജില്ലയിൽ ആരംഭിച്ചത്. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് കൊല്ലം ജില്ലയിലാണ്.
ജില്ലയിലെ പരമ്പരാഗത വ്യവസായ മേഖലയായ കൈത്തറി സഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണ പദ്ധതികൾക്കുമായി 16 സംഘങ്ങൾക്ക് 63 ലക്ഷം രൂപ  അനുവദിച്ചു. 
ഒപ്പം നിന്ന്‌ 
ജില്ലാ പഞ്ചായത്ത്
ഒരു വർഷത്തിനിടെ 4.5 കോടി രൂപയുടെ പദ്ധതികൾ ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് വ്യവസായമേഖലയിൽ മാത്രം നടപ്പാക്കി. അടിസ്ഥാന സൗകര്യമേഖലയിൽ രണ്ടു പുതിയ വ്യവസായ എസ്റ്റേറ്റാണ് ആരംഭിച്ചത്. ഇട്ടിവയിൽ പഞ്ചായത്തിന്റെ ഭൂമിയിലും പിറവന്തൂരിൽ സ്വന്തമായി ജില്ലാ പഞ്ചായത്ത് വിലയ്ക്കു വാങ്ങിയ ഭൂമിയിലുമാണ് പദ്ധതി.  കോവിഡിനുശേഷം ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഗൃഹശ്രീ, സ്വയംപ്രഭ പദ്ധതികൾ ആരംഭിച്ചത് ജില്ലയിൽ മാത്രമാണ്. മുൻവർഷം 30 സംരംഭമാണ് ഇപ്രകാരം ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top