27 April Saturday

മരണത്തിലും മുത്തച്ഛനോട് ചേർന്ന്...

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
ചിറക്കൽ
അമ്മ നവ്യ ജോലിചെയ്യുന്ന കടയ്ക്ക് സമീപത്ത് പുതുതായി തുടങ്ങുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തുമെന്ന് പറഞ്ഞാണ് ആ​ഗ്നയ് ഇടച്ചേരിയിലെ വീട്ടിൽനിന്ന്‌ അമ്മയെ യാത്രയാക്കിയത്. അതിനായി പുറപ്പെട്ടെങ്കിലും അവനെയും മുത്തച്ഛനെയും മരണം കവർന്നു.  റോഡിൽ വീണുകിടക്കുമ്പോഴും ഓടിക്കൂടിയവരുടെ കണ്ണ്‌ നിറച്ച്‌ ആഗ്‌നേയിന്റെ ഒരു കൈ മുത്തച്ഛന്റെ  ശരീരത്തോട്‌ ചേർന്നുതന്നെയിരുന്നു. 
  ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ദേശീയപാതയിൽ പള്ളിക്കുളത്തിന് സമീപം വെള്ളിയാഴ്ചയുണ്ടായ വാഹനാപകടം തകർത്തത്‌. പള്ളിക്കുളത്ത് പുതുതായി ആരംഭിച്ച സ്വകാര്യസ്ഥാപനത്തിന് തൊട്ടടുത്ത സ്ഥാപനത്തിലാണ്  നവ്യ ജോലി ചെയ്യുന്നത്.  ഉദ്ഘാടനത്തിന്  പോകുമ്പോൾ ഒപ്പമുണ്ടാകണമെന്നും  മുത്തച്ഛനോടൊപ്പം വരുമെന്നും പറഞ്ഞാണ് നവ്യയെ ആ​ഗ്നേയ്  യാത്രയാക്കിയത്. അമ്മ വീട്ടിൽനിന്നിറങ്ങി അൽപ്പസമയത്തിനുശേഷം മുത്തച്ഛനും ആ​ഗ്നേയും ബൈക്കിൽ പള്ളിക്കുളത്തേക്ക് പുറപ്പെട്ടു. സ്ഥാപനത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് ​ഗ്യാസ് ലോറി ഇവർ സഞ്ചരിച്ച ബൈക്കിലിടിച്ചത്.  റോഡിലേക്ക് വീണ ഇരുവരുടെയും ദേഹത്തിലൂടെയാണ് ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയത്. സ്ഥാപനത്തിന് മുന്നിലെ ആൾക്കൂട്ടവും ബഹളവും കേട്ട് പുറത്തിറങ്ങിയ നവ്യ കണ്ടത് റോഡിൽ മരിച്ചുകിടക്കുന്ന അച്ഛനെയാണ്. നിലവിളിയോടെയെത്തിയ നവ്യയെ സഹപ്രവർത്തകർ ഇടച്ചേരിയിലെ വീട്ടിലെത്തിച്ചു.  
അപകടത്തിന്റെ ഞെട്ടലിലായിരുന്നു  പള്ളിക്കുളത്തെ വ്യാപാരികളും പ്രദേശവാസികളും.  കേളകം സ്വദേശി സതീഷ് കുമാറായിരുന്നു ലോറിയുടെ ഡ്രൈവർ. ഇയാൾ അപകടം നടന്നയുടൻ ഓടിരക്ഷപ്പെട്ടു. ഇയാളെ പിന്നീട്‌ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ​ഗതാ​ഗതം തടസ്സപ്പെട്ടു. എഎസ്‌പി വിജയ് ഭാരത് റെഡ്ഢി, വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് മരാം​ഗലത്ത്  എന്നിവർ സ്ഥലത്തെത്തി ​ഗതാ​ഗതം പുനഃസ്ഥാപിച്ചു.
 
അപകട മേഖലയായി പള്ളിക്കുളം
പൊലിഞ്ഞത് നിരവധി ജീവനുകള്‍
ചിറക്കൽ
ദേശീയപാതയിൽ പള്ളിക്കുളത്ത് അടിക്കടിയുണ്ടാകുന്ന  വാഹനാപകടങ്ങളിൽ പൊലിഞ്ഞത്‌ നിരവധി ജീവനുകൾ. ഇരുചക്രവാഹന യാത്രക്കാരാണ്‌ കൂടുതലും അപകടത്തിൽപ്പെട്ടത്‌. സ്വകാര്യ ബസ്സുകളുടെയും ​ഗ്യാസ് ടാങ്കറുൾപ്പെടെയുള്ള ലോറികളുടെയും മത്സരപ്പാച്ചിലാണ് ഇവിടെ തുടരെ അപകടത്തിന് കാരണമാകുന്നത്. 
യോ​ഗീശ്വര മണ്ഡപത്തിന് സമീപത്തെ വളവുകാരണം എതിർ ദിശയിൽനിന്നു വരുന്ന വാഹനങ്ങൾ കാണാനാകില്ല. എന്നിട്ടും അൽപ്പം പോലും വേഗത കുറയ്‌ക്കാതെയാണ്‌ ഈ ഭാഗത്തുകൂടെ വാഹനങ്ങൾ ചീറിപ്പായുന്നത്‌. കണ്ണൂർ ഭാ​ഗത്തുനിന്ന് പുതിയതെരു ഭാ​ഗത്തേക്കും തിരിച്ചും അമിതവേ​ഗത്തിൽ പോകുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ്‌ പലപ്പോഴും അപകടമുണ്ടാകുന്നത്‌. 
 പള്ളിക്കുളം ബസ് സ്റ്റോപ്പ് മുതൽ പുതിയതെരു ഭാ​ഗത്തേക്ക് ഏറെ ദൂരം  ഡിവൈഡറുകളില്ല. ഡിവൈഡറുകൾ സ്ഥാപിച്ചിടങ്ങളിൽ റിഫ്ലക്ടറുകളില്ലാത്തതിനാലും നിരവധി അപകടങ്ങളുണ്ടായി.  ചിലയിടങ്ങളിൽ വാഹനങ്ങളിടിച്ച് ഡിവൈഡറുകൾക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. 
 ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും മരണപ്പാച്ചിൽ കാരണം കാൽ നടയാത്രപോലും ഇവിടെ അതീവദുഷ്‌കരമാണ്‌. സീബ്രാലൈനുണ്ടെങ്കിലും ജീവൻ കൈയിൽ പിടിച്ചേ റോഡ്‌ മുറിച്ചുകടക്കാൻ കഴിയൂവെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. പുതിയതെരുവിലെ തുടർച്ചയായ ​ഗതാ​ഗതക്കുരുക്കും പള്ളിക്കുളം ഭാഗത്തെ അപകടസാധ്യത വർധിപ്പിക്കുന്നു. ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെട്ടുഴലുന്ന വാഹനങ്ങൾ പിന്നീട് അമിതവേ​ഗത്തിലാണ് പള്ളിക്കുളത്തൂടെ കടന്നുപോ വുക.  അമിത വേ​ഗത്തിൽ പായുന്ന വാഹനങ്ങൾ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.
 
ജോൺ ബ്രിട്ടാസ്‌ എംപി കത്തയച്ചു
ഡിവൈഡറുകൾ നന്നാക്കി 
റോഡ് റിഫ്ലക്ടറുകൾ സ്ഥാപിക്കണം
കണ്ണൂർ 
പുതിയതെരു- –- താഴെചൊവ്വ ദേശീയപാതയിലെ അപകടാവസ്ഥയിലുള്ള ഡിവൈഡറുകൾ നന്നാക്കി റോഡ് റിഫ്ലക്ടറുകൾ  അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു. 
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ മുപ്പതിലേറെ പേർക്കാണ് ഡിവൈഡറുകൾ മൂലം ഉണ്ടായ വാഹനാപകടങ്ങളിൽ ജീവഹാനി സംഭവിച്ചത്. ഡിവൈഡറുകളുടെ ഉയരക്കുറവും രാത്രികാലങ്ങളിൽ ഡിവൈഡറുകൾ തിരിച്ചറിയുന്നതിനുള്ള റോഡ് റിഫ്ലക്ടറുകൾ സ്ഥാപിക്കാത്തതുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമായത്. റോഡിന്റെ പരിപാലന ചുമതല നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്തതിനാൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല.  
വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ കണക്കിലെടുത്ത് ഇതിന്  പരിഹാരം ഉണ്ടാക്കണമെന്നും  മന്ത്രിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top