20 April Saturday

മഴ ലഭ്യതകൂടി ബാരാപോളിൽ വൈദ്യുതി ഉൽപ്പാദനം പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം വെളളം ബാരാപോൾ പുഴയിലേക്ക് ഒഴുക്കുന്നു

 ഇരിട്ടി

ശക്തമായ വേനൽമഴ കിട്ടിയതോടെ  ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ  വൈദ്യുതി ഉൽപ്പാദനം പുനരാരംഭിച്ചു. ഫെബ്രുവരിയിൽ ഉൽപ്പാദനം നിർത്തിവച്ച ബാരാപോളിൽ നീരൊഴുക്ക് ശക്തമായതോടെയാണ്‌  ഇത്തവണ ഉൽപ്പാദനം നേരത്തെയാരംഭിച്ചത്‌. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനശേഷിയാണ്‌ ബാരാപോളിൽ കെഎസ്‌ഇബി ലക്ഷ്യമിട്ടത്‌. ഇക്കുറി മെയ് മാസം ഉൽപ്പാദനം തുടങ്ങാനായത്‌ പദ്ധതിക്ക്‌ നേട്ടമാവും.
   ഒരു ജനറേറ്റർ 24 മണിക്കൂർ പ്രവർത്തിപ്പിക്കാനുള്ള വെള്ളം വേനൽമഴയിൽ ലഭ്യമായി. മഴ തുടർന്നാൽ അഞ്ച്‌ മെഗാവാട്ട്‌ ശേഷിയുള്ള മൂന്ന് ജനറേറ്ററുകളും പ്രവർത്തിപ്പിക്കാനാവുന്ന തരത്തിൽ നീരൊഴുക്ക് ഒരാഴ്ചക്കകം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. കുടക്‌–- കേരളാതിർത്തിയിലെ ബ്രഹ്മഗിരി മലനിരകളിൽനിന്നാണ്‌ ബാരാപോൾ പുഴയിൽ നീരൊഴുക്ക്‌ കനപ്പിക്കുന്നത്‌.   നല്ല മഴ കർണാടകത്തിലുമുണ്ടായതും  ബാരാപോളിനെ ജലസമൃദ്ധമാക്കാൻ സഹായകമായി. പദ്ധതി കമ്മീഷൻ ചെയ്തിട്ട് അഞ്ചു വർഷമായെങ്കിലും  കഴിഞ്ഞ വർഷമാണ്‌ ഊർജ ഉൽപ്പാദനത്തിലേക്ക്‌  കുതിച്ചത്‌.  ജലവൈദ്യുത പദ്ധതികളിൽ മികവേറിയതും ലാഭകരമായതുമായ പദ്ധതിയായി ബാരാപോൾ മാറുകയാണ്‌. കഴിഞ്ഞ വർഷം 36 ദശലക്ഷം യൂണിറ്റിന്റെ ലക്ഷ്യം മറികടന്ന്‌ 49.20 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ച്‌ ബാരാപോൾ വൈദ്യുതി ബോർഡിന്റെ മിനി ഹൈഡൽ പ്രൊജക്ടുകളിൽ മുൻനിരയിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top