27 April Saturday
കെപിഎൽ

ജില്ലാ സ്‌റ്റേഡിയത്തിന്‌ 
പുതുപ്രതീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഗോകുലം എഫ്സിയുടെ ക്യാപ്റ്റൻ സാമുവേലിന്റെ മുന്നേറ്റം കേരള യുണൈറ്റഡ് എഫ്സിയുടെ ഗോളി പ്രതീഷ് തട്ടിയകറ്റുന്നു ഫോട്ടോ:- എം എ ശിവപ്രസാദ്

സ്വന്തം ലേഖകൻ
കൽപ്പറ്റ
കേരള പ്രീമിയർ ലീഗ് ‌(കെപിഎൽ) പോരാട്ടങ്ങളുടെ  ആരവത്തിന്‌ കൊടിയിറങ്ങിയപ്പോൾ പുത്തൻ പ്രതീക്ഷകളുമായി ജില്ലാ സ്‌റ്റേഡിയം. കെപിഎൽ മത്സരങ്ങൾക്ക്‌ വേദിയായതോടെ കൽപ്പറ്റ മരവയലിലെ ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്‌റ്റേഡിയം ദേശീയതലത്തിൽത്തന്നെ അറിയപ്പെട്ടു.  ഫൈനൽ ഉൾപ്പടെ അഞ്ച്‌ മത്സരങ്ങളാണ്‌ സ്‌റ്റേഡിയത്തിൽ നടന്നത്‌.  
ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ, വയനാട്‌ യുണൈറ്റഡ്‌ എഫ്‌സി എന്നിവർ സംയുക്തമായി നടത്തിയ മത്സരങ്ങൾ സംഘാടന മികവിലും ശ്രദ്ധേയമായി. ഫുട്‌ബോൾ ആരാധകരായ ആയിരങ്ങളാണ്‌ സ്‌റ്റേഡിയത്തിലെത്തി കളി ആസ്വദിച്ചത്‌. കിഫ്‌ബിയിൽ 18.67 കോടി രൂപ വിനിയോഗിച്ച്‌  നിർമിച്ച സ്‌റ്റേഡിയം കഴിഞ്ഞ സെപ്‌തംബറിലാണ്‌  ഉദ്‌ഘാടനംചെയ്‌തത്‌. ഉദ്‌ഘാടനത്തിന്‌ ശേഷം നടന്ന പ്രധാന മത്സരം വൻ വിജയമായത്‌ ‌ സംഘാടകർക്ക്‌ വലിയ പ്രതീക്ഷയാണ്‌ നൽകുന്നത്‌. 
വയനാടിന്റെ ‌ സ്വന്തം ടീമായ വയനാട്‌ യുണൈറ്റഡ്‌ എഫ്‌സി  പരിശീലനത്തിന്‌ ജില്ലാ സ്‌‌റ്റേഡിയത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഗോകുലം എഫ്‌സി, കേരള യുണൈറ്റഡ്‌ എഫ്‌സി എന്നീ ടീമുകളും  സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളിൽ സംതൃപ്‌തി പ്രകടിപ്പിച്ചു.   ഭാവിയിൽ സംസ്ഥാന, ദേശീയമത്സരങ്ങൾക്ക്‌ വേദിയാവുന്നതിനുള്ള സാധ്യതകൾ ഈ മത്സരങ്ങളിലൂടെ തുറന്നുകിട്ടിയതായി ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എം മധു പറഞ്ഞു.   കെപിഎൽ മത്സര വേദിയായതിലൂടെ  താരങ്ങൾക്ക്‌ പരിശീലനം നൽകാനും സെക്കൻഡ്‌ ഡിവിഷൻ ലീഗ്‌ അടക്കമുള്ള മത്സരങ്ങൾ നടത്തുമ്പോൾ പരിഗണിക്കപ്പെടുന്നതിനുള്ള സാധ്യതയും തെളിയുന്നുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top