26 April Friday
ദേശീയപാത വികസനം

കരുനാഗപ്പള്ളിയിൽ ഓപ്പൺ ഫ്ലൈഓവറിന് സാധ്യതയേറി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

 

കരുനാഗപ്പള്ളി
ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ പില്ലറുകളിൽ സ്ഥാപിക്കുന്ന ഓപ്പൺ ഫ്ലൈ ഓവർ നിർമിക്കാനുള്ള സാധ്യത തെളിയുന്നു. നിലവിൽ കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ ടൗണുകളിൽ വാൾ സെപ്പറേറ്റഡ് ഫ്ലൈ ഓവറുകളാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, തിരക്കേറിയ കരുനാഗപ്പള്ളിയിൽ വാഹനങ്ങളുടെ എണ്ണവും നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സാധ്യതയും പരിഗണിച്ച് പില്ലറുകളിൽ സ്ഥാപിക്കുന്ന ഓപ്പൺ ഫ്ലൈവർ നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം എ എം ആരിഫ് എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി നൽകിയ മറുപടിയാണ് ഓപ്പൺ ഫ്ലൈ ഓവർ നിർമിക്കുന്നതിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. കരുനാഗപ്പള്ളിയിലും ഹരിപ്പാടും വാഹനങ്ങളുടെ ബാഹുല്യവും വ്യാപാരസ്ഥാപനങ്ങളുടെ എണ്ണവും ജനത്തിരക്കും കണക്കിലെടുത്താണ്‌ ഓപ്പൺ ഫ്ലൈ ഓവറുകൾ സ്ഥാപിക്കണമെന്ന ആവശ്യം എ എം ആരിഫ് എംപി പാർലമെന്റിൽ ഉയർത്തിയത്. ഇക്കാര്യം പരിഗണിക്കുമെന്നും പ്രദേശത്തെ ജനങ്ങളുടെ ആവശ്യംകൂടി മനസ്സിലാക്കി സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ ഉൾപ്പെടെ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി മറുപടി പറഞ്ഞു. ഇതോടെയാണ് കരുനാഗപ്പള്ളി നിവാസികളുടെ ദീർഘകാല ആവശ്യമായ ഓപ്പൺ ഫ്ലൈ ഓവർ എന്ന ആവശ്യം യാഥാർഥ്യമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. എന്നാൽ, വാൾ സെപ്പറേറ്റഡ് ഫ്ലൈഓവർ നിർമിക്കുമ്പോൾ ഉണ്ടാകുന്നതിൽനിന്ന്‌ വ്യത്യസ്തമായി പില്ലറുകളിൽ സ്ഥാപിക്കുന്ന ഓപ്പൺ ഫ്ലൈ ഓവറുകൾക്ക്‌ കൂടുതൽ പണച്ചെലവ് വേണ്ടിവരും. ഈ ചെലവ് ആരു വഹിക്കണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായെങ്കിൽ മാത്രമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമാവുകയുള്ളൂ. 
കരുനാഗപ്പള്ളി ടൗൺ, കൊല്ലത്ത് കൊല്ലം–- -തേനി ദേശീയപാത മുറിച്ചുകടക്കുന്ന ഭാഗം, കൂനമ്പായിക്കുളം റോഡ്, കൊല്ലം ബൈപാസ് സമാപിക്കുന്നിടം, കൊട്ടിയം ജങ്‌ഷൻ, ചാത്തന്നൂർ ജങ്‌ഷൻ, പാരിപ്പള്ളി ജങ്‌ഷൻ എന്നിവിടങ്ങളിലാണ് ഫ്ലൈ ഓവറുകൾ നിർമിക്കാൻ നിലവിലുള്ള രൂപരേഖയിൽ നിർദേശമുള്ളത്. അംഗീകരിച്ച പ്ലാൻ പ്രകാരം കരുനാഗപ്പള്ളി  ഹൈസ്കൂൾ ജങ്‌ഷൻ മുതൽ കന്നേറ്റി പാലംവരെ വാൾ എലിവേറ്റഡ്‌ ഹൈവേ നിർമിച്ചാൽ നഗരം രണ്ടായി വിഭജിക്കപ്പെടുകയും പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഒരുപോലെ പ്രയാസങ്ങൾ സൃഷ്ടിക്കുകയുംചെയ്യും. 
തുറന്ന മേൽപ്പാത നിർമിക്കുകയാണെങ്കിൽ പാരിസ്ഥിതികമായി മെച്ചമായിരിക്കുമെന്നും ഗതാഗതക്കുരുക്ക് ഏറെയുള്ള കരുനാഗപ്പള്ളിയിൽ പാർക്കിങ് സൗകര്യം വർധിക്കുകയും കൂടുതൽ വികസിക്കുകയും ചെയ്യും. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ എന്നിവർക്ക് എ എം ആരിഫ് എംപി, മുൻ എംപി കെ സോമപ്രസാദ് എന്നിവർ നേരത്തെ കത്ത്‌ നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top