20 May Friday

ത്യാഗനിർഭരം, സമരജീവിതം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

സിപിഐ എം സംസ്ഥാന കമ്മിറ്റിക്ക്‌ വേണ്ടി കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എം പി റീത്ത്‌ സമർപ്പിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ സമീപം.

 
കൽപ്പറ്റ
 ‌ ജില്ലയിൽ സിപിഐ‌ എമ്മിന്റെ ജനനത്തിനും വളർച്ചക്കും ഒപ്പം സഞ്ചരിച്ചയാളായിരുന്നു പി എ  മുഹമ്മദ്‌.  പാർടിക്ക്‌ വേരോട്ടമില്ലാത്ത കുടിയേറ്റ മണ്ണിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കുറിച്ചതിന്‌ ‌ പിന്നിലും  പി എ എന്ന രണ്ടരക്ഷരത്തിന്റെ  അനിഷേധ്യ നേതൃത്വമുണ്ട്‌. സഖാക്കളും നാട്ടുകാരും സ്‌നേഹാദരത്തോടെ പി എ  എന്നു വിളിച്ചു.  
കണിശതയും  സുവ്യക്തമായ രാഷ്‌ട്രീയ നിരീക്ഷണവും  പ്രതിപക്ഷത്തിന്റെ പോലും ബഹുമാനം പിടിച്ചുപറ്റി.  ആക്ഷേപഹാസ്യരൂപേണയുള്ള  പ്രസംഗങ്ങൾ.  രാഷ്‌ട്രീയ പൊതുയോഗങ്ങളിൽ ആ നർമബോധം  ആൾക്കൂട്ടം സൃഷ്‌ടിച്ചു.  
  ആ പ്രസംഗങ്ങൾ പാർടി പ്രവർത്തകർക്ക്‌ ഒരു സ്‌റ്റഡി ക്ലാസായിരുന്നു. ജന്മിത്വത്തിനും കുടിയായ്‌മക്കും കുടിയൊഴിപ്പിക്കലിനുമെതിരെ കുടിയേറ്റ കർഷകരും  മാനേജ്‌മെന്റ്‌ ചൂഷണത്തിനെതിരെയുള്ള തോട്ടം തൊഴിലാളികളുടെ ചെറുത്ത്‌ നിൽപ്പുമാണ്‌ വയനാട്ടിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ അടിത്തറ രൂപപ്പെടുത്തിയത്‌. ഈ സമരചരിത്രത്തിന്‌ ഇന്ധനമായതിലും പി എ  മുഹമ്മദിന്റെ‌ നേതൃത്വത്തിന്‌ അനിഷേധ്യ പങ്കുണ്ട്‌.  സേലം വെടിവയ്‌പിനെതിരെ സമരം സംഘടിപ്പിച്ച്‌ സ്‌കൂൾ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായ  ബാലനിൽനിന്നും സിപിഐ എമ്മിന്റെ ജില്ലയിലെ അനിഷേധ്യ നേതാവായി വളർന്ന പി എയുടെ പോരാട്ടത്തിന്‌ ‌ പ്രചോദിതമായത്‌  കറകളഞ്ഞ  പ്രത്യയശാസ്‌ത്ര‌ പ്രതിബദ്ധത. പരന്ന വായനയും പ്രായോഗിക രാഷ്‌ട്രീയത്തിന്റെ മെയ്‌വഴക്കവും പി എ യുടെ നേതൃപാടവത്തിന് ഊടും പാവുമായി.  1946ൽ കണിയാമ്പറ്റ മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന്‌ ഇഎസ്‌എസ്‌എൽസി വിജയിച്ചു. തുടർന്ന്‌ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ തേർഡ്‌ ഫോറത്തിൽ ചേർന്നു.
1955ലെ വെടിവെയ്‌പിനെ തുടർന്നുണ്ടായ രാഷ്‌ട്രീയാന്തരീക്ഷം പി എ യിലെ  വിപ്ലവകാരിയെ ഉണർത്തി. വെടിവയ്‌പിനെതിരെ സ്‌കൂളിൽ  പഠിപ്പ്‌ മുടക്ക്‌ സമരം നടത്തിയാണ്‌  പി എയിലെ പ്രക്ഷോഭകാരിയുടെ ആദ്യസമരാനുഭവം.   1952ലെ പൊതു തെരഞ്ഞെടുപ്പിൽ  പ്രജാ സോഷ്യലിസ്‌റ്റ്‌ പാർടിക്ക്‌ വേണ്ടി ഗോദയിലിറങ്ങിയ പത്മപ്രഭ ഗൗഡരുടെ വിജയത്തിനായി തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിലേർപ്പെട്ടതും  സ്‌കൂൾ വിദ്യാർഥിയായിരിക്കേ തന്നെ. നോട്ട്‌ ബുക്കിൽ നിന്നും കടലാസുകൾ കീറിയെടുത്ത്‌ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ അരയാൽ വൃക്ഷത്തിന്റെ അടയാളം പ്രദർശിപ്പിച്ചതും മറ്റും പി എ പലപ്പോഴും സ്‌മരിക്കാറുണ്ട്‌.   1956ൽ എസ്‌എസ്‌എൽസി  പാസായ പി എ, കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജിൽ പിയുസിക്ക്‌ ചേർന്നു. 
  കൽപ്പറ്റയിലെ ഒരു ധനിക കർഷകന്റെ സഹായത്താലായിരുന്നു പഠനം.   സ്‌പോൺസർ പിന്മാറിയതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്‌ മടങ്ങി.  പിന്നെ പി എ   ഉപജീവനത്തിനായി പല തൊഴിലുകൾ തേടി.   പലചരക്ക്‌ കടയിലും റേഷൻ കടയിലും ഹോട്ടലിലുമെല്ലാം തൊഴിലാളിയായി.   തോട്ടം മേഖലയിലെ ചൂഷണത്തിനെതിരെ തൊഴിലാളികളുടെ ചെറുത്ത്‌ നിൽപ്പുകൾക്ക്‌ തുടക്കമിടുന്നതും  ഇക്കാലത്ത്‌.  നാടൻ സായ്‌പ്പുമാരായ   കങ്കാണിമാരുടെ പീഡനങ്ങൾക്കെതിരെയുള്ള തൊഴിലാളി  ചെറുത്ത്‌ നിൽപ്പുകൾ തൊഴിലാളി യൂണിയൻ  പ്രവർത്തനം സജീവമാക്കി.   1960 മാർച്ച്‌ 15ന്‌ വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർ യൂണിയൻ ഓഫീസ്‌ സെക്രട്ടറിയായി പി എക്ക്‌ ചുമതല നൽകി. യൂണിയൻ മേപ്പാടി ബ്രാഞ്ച്‌ സെക്രട്ടറിയായും പ്രവർത്തിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top