25 April Thursday

ഏരൂരിലെ അക്ഷര മുത്തശ്ശിക്ക് ബഹുനിലകെട്ടിടത്തിന്റെ പകിട്ട്‌

സ്വന്തം ലേഖകൻUpdated: Thursday Jan 21, 2021
അഞ്ചൽ 
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കരുത്തിൽ ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കാരത്തിലേക്ക്. 1852ൽ ആനക്കൊട്ടിലായി തുടങ്ങി ഒന്നര നൂറ്റാണ്ടിനപ്പുറം എട്ടേക്കറിൽ നാടിന്റെ അക്ഷരശ്രീയായി നിലകൊള്ളുന്ന ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ബഹുനില കെട്ടിടം യാഥാർഥ്യത്തിലേക്ക്‌. 22230 ചതുരശ്രഅടി വിസ്തീർണമുള്ള  ബഹുനില കെട്ടിടത്തിന്റെ നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാകും. കിഫ്ബി അനുവദിച്ച മൂന്നു കോടി രൂപയും മന്ത്രി കെ രാജുവിന്റെ  എംഎൽഎ ഫണ്ടിൽനിന്ന് 67 ലക്ഷം രൂപയും പിടിഎ നേതൃത്വത്തിൽ കണ്ടെത്തിയ 35 ലക്ഷം രൂപയും ചേർന്ന് നാലുകോടി രൂപ ചെലവിൽ മൂന്നുനിലകെട്ടിടമാണ് നിർമാണം പൂർത്തിയാകുന്നത്‌. 
ഓഫീസ് റൂം, രണ്ട് സ്റ്റാഫ്റൂം, 24 ക്ലാസ് മുറി, മൂന്നു നിലകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയിലറ്റ് ബ്ലോക്കുകൾ എന്നിവയടക്കമാണ്‌ കെട്ടിടം തയ്യാറായിട്ടുള്ളത്. എല്ലാ ക്ലാസ് മുറിയിലും ഇന്റർനെറ്റ് കണക്ഷനോടു കൂടിയ ഹൈടെക് ക്ലാസ് റൂമുകളാണ്‌ ഒരുങ്ങുന്നത്‌. ഫെബ്രുവരി ആദ്യംനിർമാണം പൂർത്തിയാക്കി കെട്ടിടം സ്കൂളിന് കൈമാറുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നിർമാണച്ചുമതലയുള്ള കൈറ്റും വാപ്കോസും ചേർന്ന് നടത്തുന്നത്. 
എട്ടേക്കറോളം വിസ്തൃതിയിലുള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എൽകെജി മുതൽ നാലുവരെയുള്ള പ്രൈമറി സ്കൂളും അഞ്ചു മുതൽ 12–-ാം ക്ലാസ് വരെയുള്ള ഹയർസെക്കൻഡറി  സ്കൂളും ഡിഗ്രി തലം മുതൽ പിജി വരെയുള്ള യുഐടി സെന്ററും ഉൾപ്പെട്ട എഡ്യൂക്കേഷണൽ കോംപ്ലക്സ് എന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. എൻസിസി, എസ്‌പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ യൂണിറ്റുകളും സ്കൂളിൽ ഉണ്ട്. 2020 –- -21 വർഷം ജില്ലയിലെ ഏറ്റവും മികച്ച പിടിഎ അവാർഡ്‌ സ്കൂളിനായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top