20 April Saturday

യാത്രക്കാരെ മറന്ന് റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ നാലം പ്ലാറ്റ്‌ഫോമിലെ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറി അടഞ്ഞുകിടക്കുന്ന നിലയിൽ

കണ്ണൂർ
കോവിഡ്‌ ഇളവുകൾ രാജ്യത്താകെ വന്നിട്ടും യാത്രക്കാർക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച്‌ റെയിൽവേ. സ്‌റ്റേഷനുകളിൽ ശുചിമുറിപോലും ഉപയോഗിക്കാനുള്ള അനുവാദമില്ല. പാസഞ്ചർ ട്രെയിനുകൾ അനുവദിക്കാതെയും അൺറിസർവ്‌ഡ്‌ ടിക്കറ്റ്‌ നൽകാതെയും റെയിൽവേ ജനങ്ങളെ പിഴിയുമ്പോഴും എംപിമാർ ശ്രദ്ധിക്കുന്നില്ല. ആയിരക്കണക്കിനാളുകൾ ദിവസവും ആശ്രയിക്കുന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലെ ശുചിമുറിയും പൂട്ടിയിട്ടു. പൊതുജനങ്ങൾക്ക്‌ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറിയാണ്‌ പൂട്ടിയത്‌. 
കോവിഡ്‌ വ്യാപനത്തിനുശേഷം പാലക്കാട്‌ ഡിവിഷനിൽ പാസഞ്ചർ ട്രെയിനുകളും അൺറിസർവ്‌ഡ്‌ കോച്ചുകളുള്ള ട്രെയിനുകളും ഇതുവരെ അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ ഒമ്പത്‌ ട്രെയിനുകളാണ്‌ സർവീസ്‌ നടത്തുന്നത്‌. രാവിലെ 7.40ന്‌ മംഗളുരുവിലേക്ക്‌ പോകുന്ന ട്രെയിൻ സാധാരണക്കാർക്കും ജീവനക്കാർക്കും പ്രയോജനപ്പെടുന്നുമില്ല. കോവിഡില്ലെന്ന രേഖകൾ ഉൾപ്പെടെ കർണാടകം നിർബന്ധമാക്കിയതോടെ ആശുപത്രിയിലേക്കും മറ്റും യാത്രചെയ്യുന്നവരുടെ എണ്ണവും കുറവാണ്‌. ഈ ട്രെയിൻ കാസർകോട്‌നിന്നും കോഴിക്കോട്ടേക്ക്‌ സർവീസ്‌ നടത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്‌. 
തിരുവനന്തപുരം ഡിവിഷനിൽ ഒമ്പത്‌ പാസഞ്ചർ ട്രെയിനുകൾ സർവീസ്‌ നടത്താൻ തുടങ്ങിയിട്ടും പാലക്കാട്‌ ഡിവിഷൻ ഇപ്പോഴും മുടന്തൻ ന്യായങ്ങൾ നിരത്തുകയാണ്‌. എക്‌സ്‌പ്രസ്‌ ട്രെയിനുകളെല്ലാം മുഴുവൻ റിസർവേഷൻ കോച്ചുകളാക്കി സ്‌പെഷ്യൽ ട്രെയിനാക്കിയാണ്‌ സർവീസ്‌ നടത്തുന്നത്‌. മുൻകൂട്ടി റിസർവ്‌ ചെയ്‌ത ടിക്കറ്റില്ലാതെ യാത്രചെയ്യാൻ കഴിയില്ലെന്ന അവസ്ഥയാണ്‌. ദിവസവും ജോലിക്ക്‌ പോകുന്നവർ കൂടുതൽ ബുദ്ധിമുട്ടുന്നു.സീസൺ ടിക്കറ്റില്ലാത്തതിനാൽ മാസം ചുരുങ്ങിയത്‌ 3000 രൂപയാണ്‌ യാത്രയ്ക്ക്‌ മാത്രം ചെലവാകുന്നത്‌. തിരക്കുള്ള സമയത്ത്‌പോലും ഒരു കൗണ്ടർ മാത്രമാണ്‌ പ്രവർത്തിപ്പിക്കുന്നത്‌. ടോക്കൺ സിസ്‌റ്റം ഇല്ലാത്തതിനാൽ പലപ്പോഴും നീണ്ട ക്യൂവാണ്‌. ദിവസവും യാത്രചെയ്യുന്നവർ മണിക്കൂറുകൾ  ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ്‌. കോവിഡ്‌ മാനദണ്ഡം  പാലിക്കാനാവുന്നില്ല. പലപ്പോഴും ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള വാഗ്വാദങ്ങൾക്കും ഇത്‌ ഇടയാക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top