തൃശൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അഞ്ചുലക്ഷം രൂപ പിഴയും തൃശൂർ അതിവേഗ പോക്സോ കോടതി വിധിച്ചു. പാലക്കാട് അഗളി ചങ്ങാത്തൂർ ബിനീഷി(26)നെയാണ് ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ എം രതീഷ്‌കുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. പിഴയടയ്‌ക്കുന്നപക്ഷം പിഴത്തുക ക്രിമിനൽനടപടി നിയമപ്രകാരം അതിജീവിതയ്‌ക്ക് നൽകണമെന്ന് വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്. 2017 മുതൽ 2019വരെ വിവിധ കാലയളവിൽ നിരവധി തവണ പീഡിപ്പിച്ചുവെന്നതാണ് കേസ്.
പരിസരവാസികളാണ് പ്രതിയെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിപ്രകാരവും ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചും ഒല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി അജയ്കുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..