29 March Friday

ശാസ്താംകോട്ടയിൽ തെരുവുനായ വിളയാട്ടം

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

മൈനാഗപ്പള്ളി മൂന്നാം വാർഡ്‌ ഭാഗത്തെ തെരുവുനായക്കൂട്ടം

ശാസ്താംകോട്ട
റോഡിലേക്കിറങ്ങുന്ന കാൽനട, ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കുക. കടിച്ചുകീറാൻ തയ്യാറായി തെരുവുനായകൾ കാത്തിരിപ്പുണ്ട്‌. ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലുമാണ്‌ ജീവന്‌ ഭീഷണി ഉയർത്തി തെരുവുനായകളുടെ വിളയാട്ടം. പ്രഭാതസവാരിക്ക്‌ ഇറങ്ങുന്നവരും പാൽ–- പത്രവിതരണക്കാരുമാണ്‌ പലപ്പോഴും  ആക്രമണത്തിന്‌ ഇരയാകുന്നത്‌. തലനാരിഴയ്‌ക്ക്‌ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നവരുമുണ്ട്‌.ഇരുചക്രവാഹനങ്ങളുടെ മുന്നിലേക്ക്‌ ചാടിവീഴുന്ന സംഭവങ്ങളുമുണ്ട്‌. ഇതുവഴിയും അപകടങ്ങൾ ഉണ്ടാകുന്നു. കുട്ടികളും സ്ത്രീകളും കൂടുതലായും ആക്രമണത്തിന്‌ ഇരയാകുന്നുണ്ട്‌. ഏതാനും ദിവസം മുമ്പ് ശാസ്താംകോട്ട രാജഗിരിയിൽ നിരവധി പേരെ തെരുവുനായ ആക്രമിച്ചിരുന്നു. മൈനാഗപ്പള്ളിയിലെ മൂന്നാം വാർഡിലും തെരുവുനായ ആക്രമണം രൂക്ഷമാണ്‌. കോഴി, താറാവ് , ആട് തുടങ്ങിയ  വളർത്തുജീവികളെയും ആക്രമിക്കുന്നു. പ്രായാധിക്യം ബാധിച്ച് വ്രണങ്ങൾ നിറഞ്ഞും ദുർഗന്ധം വമിപ്പിച്ചും തെരുവുകളിൽ അലയുന്ന നായകൾ പേടിപ്പെടുത്തുന്ന കാഴ്‌ചയാണ്‌. തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാനുള്ള എബിസി പദ്ധതി പ്രകാരമുള്ള വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്‌. തെരുവുനായ ശല്യം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top