20 April Saturday

ജലനിരപ്പ്‌ 774.15 മീറ്റർ ബാണാസുര ഡാം നാളെ തുറക്കും

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020
കൽപ്പറ്റ
ബാണാസുര സാഗർ ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അധികജലം ഒഴുക്കിവിടാൻ ഡാമിന്റെ ഷട്ടർ തിങ്കളാഴ്‌ച തുറക്കും. അപ്പർ റൂൾ ലെവലായ 775.00 മീറ്റർ മറികടക്കാൻ സാധ്യതയുള്ളതിനാൽ തിങ്കളാഴ്‌ച പകൽ മൂന്നിന് ശേഷം ഡാമിന്റെ  ഷട്ടറുകൾ 50 ക്യുബിക് മീറ്റർ വരെ തുറന്നു വിടും.  കടമാൻതോട്, പനമരംപുഴ എന്നിവയിലെ ജലനിരപ്പ് 60 സെ.മി മുതൽ 25 സെ.മി വരെ ഘട്ടം ഘട്ടമായി ഉയരാൻ സാധ്യതയുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. നിലവിൽ ബാണാസുര സാഗർ ഡാമിലെ  ജലനിരപ്പ് 774.30 മീറ്ററാണ്.  775.6 മീറ്ററാണ‌് ഡാമിൽ നിറക്കാവുന്ന വെള്ളത്തിന്റെ പരമാവധി ശേഷി. വരും ദിവസങ്ങളിലും  മഴ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഞായറാഴ്‌ച രാവിലെയോടെ റെഡ്‌ അലർട്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുമെന്ന്‌  എക്‌സിക്യൂട്ടീവ് എൻജിനീയർ  വി മനോഹരൻ അറിയിച്ചു. 
   സംഭരണശേഷിയുടെ 91.50 ശതമാനം വെളളം ഡാമിൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്‌.  ഓറഞ്ച്‌ അലർട്ട്‌ ലവലിന്‌ മുകളിലാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്‌. ജലനിരപ്പ് 35സെന്റീ മീറ്റർ  കൂടി ഉയർന്നാൽ റെഡ് അലർട് ലെവലിൽ എത്തും. 85 സെന്റീ മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ ഇപ്പോഴത്തെ അപ്പർ റൂൾ ലവലിൽ  വെളളം എത്തും.    കഴിഞ്ഞദിവസങ്ങളിലെ മഴയിൽ ഡാമിലേക്ക്‌ നീരൊഴുക്ക്‌ വർധിച്ചിട്ടുണ്ട്‌. ഡാം വൃഷ്‌ടി പ്രദേശങ്ങളിലും മഴ തുടരുകയാണ്‌. മൂന്ന്‌ ദിവസം കൂടി  ശക്തമായ മഴ തുടരുമെന്ന കാലവസ്ഥപ്രവചനമാണ്‌ ജില്ലയിലുള്ളത്‌.  ഓരോ മാസവും ഉയർത്തേണ്ട ജലത്തിന്റെ അളവ്‌ കണക്കാക്കിയാണ്‌ അപ്പർ റൂൾ ലെവൽ രേഖപ്പെടുത്തുന്നത്‌. ജലനിരപ്പ്‌ 773.50 മീറ്ററിൽ എത്തിയാൽ ഓറഞ്ച് അലേർട്ടും 774.00 മീറ്ററിന്‌ മുകളിലെത്തിയാൽ  റെഡ് അലേർട്ടും പ്രഖ്യാപിക്കും. ഇത‌് കവിഞ്ഞാൽ ഡാം തുറന്ന‌് വെള്ളം പുറത്തുവിടും. ജലസംഭരണിയുടെ  അപ്പർ റൂൾ ലെവലായ 774.50 മീറ്ററിന്റെ അടിസ്ഥാനത്തിലാണ് ഈ അലർട്ടുകൾ.
കൺട്രോൾ റൂം തുറന്നു
ബാണസുരസാഗർ ഡാമിൽ ജലനിരപ്പ്‌ ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക്‌ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കൺട്രോൾ റൂം തുറന്നു. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ഡാമുമായി ബന്ധപ്പെട്ട  സംശയങ്ങൾക്കു മറുപടി നൽകുന്നതിനായാണ്‌  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഡാം ഓഫീസിൽ  ആരംഭിച്ചത്‌.    ഡാം ജലനിരപ്പ്, മഴ , ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ  വിവരങ്ങൾ എന്നിവ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാം. ഫോൺ:  04936 274474,   9496011981. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top