30 June Thursday

രാംബായി ‘മെഡൽ കൊയ്യുന്നു’; 
105–-ാം വയസ്സിൽ

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Friday May 20, 2022

മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ രാംബായിയും കുടുംബവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ട്രാക്കിൽ

 

തിരുവനന്തപുരം 
കളിക്കളത്തിൽ 105–-ാം വയസ്സിലും സൂപ്പർതാരമായി രാംബായി. ഓടിയും ചാടിയും മെഡൽ ‘കൊയ്യുന്ന’ കർഷകയായ ഈ അമ്മൂമ്മയുടെ മത്സരവീര്യത്തിനു മുന്നിൽ തോൽക്കുന്നു പ്രായവും എതിരാളികളും. ഒറ്റയ്‌ക്കല്ല ഹരിയാന സ്വദേശിനിയുടെ കുടുംബമൊന്നാകെ മത്സരിക്കാൻ ട്രാക്കിലും ഫീൽഡിലുമുണ്ട്‌. 
   ക്യാപ്‌റ്റനായി ‘ഫാമിലി ടീമിനെ’ നയിച്ച്‌ തിരുവനന്തപുരത്തും മാസ്‌റ്റേഴ്‌സ്‌ ഗെയിംസിനെത്തി പതിവ്‌ തെറ്റിക്കാതെ മെഡൽ നേടി രാംബായി. ബംഗളൂരുവിലെ മേളയിൽ മെഡലുകൾ നേടിയാണ്‌ ഇങ്ങെത്തിയത്‌. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ മത്സര അറിയിപ്പ്‌ മുഴങ്ങിയപ്പോൾ യാത്രാക്ഷീണമെല്ലാം മാഞ്ഞു. 100 മീറ്റർ ഓട്ടത്തിലും ലോങ്‌ ജമ്പിലും സ്വർണംകൊയ്‌തു.
മത്സരശേഷം ചുറ്റുംകൂടിയ ‘ആരാധകർ’ക്ക്‌ അറിയേണ്ടത്‌ ആരോഗ്യരഹസ്യം. ‘‘നല്ല ഭക്ഷണം, അധ്വാനം, പിന്നെ ഈ മത്സരങ്ങൾ’’ ചെറുചിരിയോടെ രാംബായി രഹസ്യം വെളിപ്പെടുത്തി. ‘‘ഞാനടക്കം കുടുംബാംഗങ്ങളെല്ലാം കൃഷിക്കാരാണ്‌. പശുവിനെയും എരുമയെും ആടിനെയും വളർത്തുന്നുണ്ട്‌. അവയെ നന്നായി നോക്കും. പിന്നെ, നല്ല ഭക്ഷണവും കഴിക്കും’’–-രാംബായി പറഞ്ഞു. കുടുംബാംഗങ്ങൾ അത്‌ ശരിവച്ചു. 
 കളിക്കളത്തിൽ എത്തിയത്‌ എങ്ങനെയെന്ന ചോദ്യത്തിന്‌, മത്സരിക്കാൻ തയ്യാറെടുക്കുന്ന സഹോദരൻ രാംകിഷനെ ചൂണ്ടിക്കാട്ടി. ‘‘അവനാണ്‌ എന്റെ ‘വഴികാട്ടി’. അവന്‌ 72 വയസ്സുണ്ട്‌ . രാംകിഷൻ മത്സരത്തിനു പോകുന്നതും വിജയിയാകുന്നതും കണ്ടപ്പോൾ കളിക്കമ്പമേറി. ആ ഇഷ്ടം കുടുംബമാകെ പടർന്നു. 69 വയസ്സുള്ള മകൻ മുക്ത്യാർ സിങ്‌, അറുപതുകാരി മകൾ സന്ദ്ര, അറുപത്തെട്ടുകാരി മരുമകൾ ബത്തേരിദേവി, കൊച്ചുമകൾ നാൽപ്പത്തിരണ്ടുകാരി ശർമിള എന്നിവരും എനിക്കൊപ്പം കളത്തിലിറങ്ങി. മത്സരങ്ങൾ നടക്കുന്ന വേദിയും തീയതിയുമെല്ലാം കണ്ടെത്തുന്നതും ഞങ്ങളുടെ പേര്‌ ചേർക്കുന്നതുമെല്ലാം ശർമിളയാണ്‌’’–-രാംബായി പറഞ്ഞു. 
ഇതിനകം നേപ്പാൾ, വാരാണസി, ബംഗളൂരു എന്നിവിടങ്ങളിൽ നടന്ന മേളകളിൽ രാംബായിയും കുടുംബവും മത്സരിച്ചു. 
അന്താരാഷ്ട്ര മീറ്റുകളിലടക്കം ഓട്ടത്തിനും ലോങ്‌ജമ്പിനും ഷോട്ട്‌പുട്ടിനും മെഡലുകളും നേടി. മത്സരം കഴിഞ്ഞു പോകുംവരെ  ആരാധകരുടെ നടുവിലായിരുന്നു ഈ ‘സൂപ്പർ സീനിയർ’ താരം.
 ‘‘പ്രായമല്ല കഴിവിലുള്ള വിശ്വാസമാണ്‌ പ്രധാനമെന്ന്‌’’ ഓർമിപ്പിച്ചാണ്‌ കളംവിട്ടത്‌.
മഹാരാഷ്ട്ര മുന്നിൽ
ആദ്യ ദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ മഹാരാഷ്ട്ര മുന്നിൽ. അസം രണ്ടാമതും ആതിഥേയരായ കേരളം മൂന്നാമതുമാണ്‌.  ശനിയാഴ്‌ച സമാപിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top