26 April Friday
കരുത്തറിയിച്ച്‌ ചുമട്ടുതൊഴിലാളി പ്രകടനം

നഗരം നീലസാഗരം

സ്വന്തം ലേഖകൻUpdated: Friday May 20, 2022

കേരള ഹെഡ്‌ലോഡ്‌ ആന്‍ഡ് ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് കൊല്ലം നഗരത്തിൽ നടന്ന തൊഴിലാളി പ്രകടനം

കൊല്ലം
ഒട്ടേറെ വീറുറ്റ പ്രക്ഷോഭങ്ങൾക്ക്‌ വേദിയായ കൊല്ലം നഗരത്തെ നീലക്കടലാക്കി ചുമട്ടുതൊഴിലാളി പ്രകടനം. നീല ഷർട്ടും ചുവന്ന ലുങ്കിയും ധരിച്ച്‌ ചെങ്കൊടിയേന്തിയ പതിനായിരക്കണക്കിന്‌ ചുമട്ടുതൊഴിലാളികൾ അണിനിരന്ന മഹാറാലിയോടെ ഹെഡ്‌ലോഡ്‌ ആന്‍ഡ് ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ സമാപനം. തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതി ചിട്ടയോടെ നീങ്ങിയ പ്രകടനം കാണാൻ നഗരവീഥിയിൽ നൂറുകണക്കിനാളുകളാണ്‌ ഒത്തുചേർന്നത്‌. ആശ്രാമം മെതാനിയിൽനിന്ന്‌  വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ ആരംഭിച്ച പ്രകടനത്തിന്‌ ഏറ്റവും മുന്നിലായി കുട്ടികളുടെ റോളർ സ്‌കേറ്റിങ് നീങ്ങി. ബാനറിനു പിന്നിലായി സംസ്ഥാന ഭാരവാഹികളും തൊട്ടുപിന്നിലായി കൂറ്റൻ ചെങ്കൊടിയേന്തി 14 തൊഴിലാളികളും അണിചേർന്നു. പിന്നാലെ സമ്മേളന പ്രതിനിധികളും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽനിന്നുള്ള തൊഴിലാളികളും നീങ്ങി. ബാന്‍ഡും ചെണ്ടയും  മേളക്കൊഴുപ്പേകി. ക്യുഎസി മൈതാനിയിലെ കെ തുളസീധരൻ നഗറിൽ പൊതുസമ്മേളനം ആരംഭിച്ചിട്ടും റാലി അവസാനിച്ചിരുന്നില്ല. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ, ജനറൽ സെക്രട്ടറി ആർ രാമു, ട്രഷറർ എം എച്ച്‌ സലിം, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, സ്വാഗതസംഘം ചെയർമാൻ എസ്‌ ജയമോഹൻ, സെക്രട്ടറി എ എം ഇക്‌ബാൽ, അഡ്വ. ഇ ഷാനവാസ്‌ഖാൻ തുടങ്ങിയവർ  നേതൃത്വംനൽകി.  വഴിയോരങ്ങളിൽ വിവിധ വർഗബഹുജന സംഘടനകളും സർവീസ്‌ സംഘടനകളും അഭിവാദ്യം അർപ്പിച്ചു. പൊതുസമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു. ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. എ എം ഇക്ബാൽ സ്വാഗതം പറഞ്ഞു. സിഐടിയു വൈസ് പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ജയമോഹൻ, സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെ രാജഗോപാൽ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു, ട്രഷറർ എം എച്ച് സലിം, വൈസ് പ്രസിഡന്റുമാരായ സി ജയൻബാബു,  കെ രാമദാസ്, സെക്രട്ടറിമാരായ എൻ സുന്ദരംപിള്ള, കെ പി രാജൻ, ടി ആർ സോമൻ, അഡ്വ. ഇ ഷാനവാസ്‌ഖാൻ എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top