25 April Thursday

പൈതൃകടൂറിസം മുഖംമിനുക്കി കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

നവീകരിച്ച തലശേരി സെന്റ്‌ ജോൺസ്‌ പള്ളി.

തലശേരി
വിനോദസഞ്ചാരമേഖലയിൽ കുതിപ്പിനൊരുങ്ങുകയാണ്‌ വടക്കൻ കേരളവും. പൈതൃകത്തെ കാത്തും ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിച്ചും വിനോദ സഞ്ചാരരംഗത്ത്‌ വളർച്ചയുടെ ഉയരങ്ങളിലേക്കാണ്‌ കണ്ണൂരിന്റെയും കുതിപ്പ്‌. അറിയപ്പെടാതിരുന്ന ഗ്രാമീണ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളടക്കം ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടംതേടുന്നു. കാലപ്രവാഹത്തെ അതിജീവിച്ച ചരിത്രസ്‌മാരകങ്ങളും നിർമിതികളും വരുംതലമുറക്കായി കൂടുതൽ മനോഹരമാക്കി കരുതിവയ്‌ക്കുകയാണിവിടെ. 
തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ നവീകരിച്ച ഇല്ലിക്കുന്ന്‌ ഗുണ്ടർട്ട്‌ ബംഗ്ലാവിൽ ഭാഷയുടെ കഥപറയുന്ന മ്യൂസിയം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഗുണ്ടർട്ടിന്റെ ജീവിതത്തെ ആറ്‌ ഭാഗമാക്കിയാണ്‌ മ്യൂസിയത്തിൽ അവതരിപ്പിക്കുന്നത്‌. ഹെർമൻ ഹെസ്സേ ലൈബ്രറിയും ജൂലി ഗുണ്ടർട്ട്‌ ഹാളും ഗുണ്ടർട്ട്‌ പ്രതിമയും അനുബന്ധമായുണ്ട്‌. ഗുണ്ടർട്ടിന്റെ മകൾ മാരി ഗുണ്ടർട്ടിന്റെ മകനും നൊബേൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സേ ബഹുഭാഷാപണ്ഡിതനായ മുത്തച്ഛനെക്കുറിച്ച്‌ രേഖപ്പെടുത്തിയതും ഇവിടെ വായിക്കാം.  മലയാള ഭാഷാവ്യാകരണത്തിൽ ഗുണ്ടർട്ട്‌ തിരുത്തൽ വരുത്തിയ താൾ, 1849ലെ ചിറക്കൽ ഭവനത്തിന്റെ ഫോട്ടോ തുടങ്ങി അപൂർവമായ രേഖകൾ പലതുണ്ട്‌. 2.21 കോടി രൂപ ചെലവഴിച്ചാണ്‌ മ്യൂസിയം സജ്ജീകരിച്ചത്‌. 
 
വികസിപ്പിക്കുന്നത്‌ 
 61 ടൂറിസം കേന്ദ്രങ്ങൾ
വയനാട്‌, കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലെ ഒമ്പത്‌ മണ്ഡലത്തിലായി വ്യാപിച്ചുകിടക്കുന്ന തലശേരി പൈതൃകടൂറിസം പദ്ധതിയിൽ  61 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌  വികസിപ്പിക്കുന്നത്‌.  കൾച്ചറൽ സർക്യൂട്ട്‌, പഴശ്ശി സർക്യൂട്ട്‌, ഹാർബർ ടൗൺ സർക്യൂട്ട്‌, ഫോക്‌ലോർ സർക്യൂട്ട്‌ എന്നീ നാലുമേഖലകളിലായാണ്‌ പദ്ധതി. കൊട്ടിയൂർ, തൊടീക്കളം, വള്ളിയൂർകാവ്‌ ക്ഷേത്രങ്ങളിലെ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. 
മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പഴശ്ശി മ്യൂസിയം വൈകാതെ നാടിന്‌ സമർപ്പിക്കും. മക്രേരി ക്ഷേത്ര നവീകരണവും സംഗീത മ്യൂസിയം നിർമാണവും കതിരൂർ സൂര്യനാരായണ ക്ഷേത്രം നവീകരണവും പുരോഗമിക്കുന്നു.
തലശേരി സെന്റ്‌ ജോൺസ്‌ ആംഗ്ലിക്കൻ പള്ളിക്കും സെമിത്തേരിക്കും ഇപ്പോൾ പുതുമോടിയാണ്‌. ചരിത്രം സ്‌പന്ദിക്കുന്ന തലശേരി പിയർ റോഡിലൂടെ താഴെഅങ്ങാടി വഴി കടലോരത്തേക്കുള്ള വഴി ആരെയും ആകർഷിക്കുംവിധം നവീകരിച്ചു. ആദ്യഘട്ടത്തിൽ ഭരണാനുമതി ലഭിച്ച ഒമ്പത്‌ പദ്ധതിയും പൂർത്തിയാകുകയാണ്‌.  
ജില്ലയിൽ 20 പദ്ധതിക്കുകൂടി കിഫ്‌ബി ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌. കോടികളുടെ പദ്ധതിയാണ്‌ പൈതൃകടൂറിസം രംഗത്ത്‌ സർക്കാർ നടപ്പാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top