20 April Saturday

പഞ്ചായത്ത്തലത്തിൽ കൺട്രോൾ റൂം മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
കണ്ണൂർ
മഴക്കാല ദുരന്തനിവാരണം മുൻനിർത്തി ജില്ലയിൽ പഞ്ചായത്ത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് ജോയിന്റ്‌ ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകി. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് നിർദേശം.
ജില്ലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളുടെ ലിസ്‌റ്റ്‌  പഞ്ചായത്ത്തലത്തിൽ തയ്യാറാക്കി ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പട്ടിക  ജനങ്ങളെ അറിയിക്കും. ഓരോ പഞ്ചായത്തും ദുരിതാശ്വാസ വളന്റിയർമാരുടെ പട്ടിക തയ്യാറാക്കണമെന്നും കലക്ടർ എസ്‌ ചന്ദ്രശേഖർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ, ജാഗ്രതാ നിർദേശങ്ങൾ തുടങ്ങിയവ വാർഡ്തലത്തിൽ അറിയിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും. 
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അവശ്യസാധനങ്ങളും ഉപകരണങ്ങളും ഉറപ്പുവരുത്താൻ ഫയർഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകൾക്ക്  ചുമതല നൽകി. ജലാശയങ്ങളിലെ എക്കലും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഇറിഗേഷൻ വകുപ്പിനും നിർദേശം നൽകി. 
പുഴകളിൽനിന്ന്‌ നീക്കിയ എക്കൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ലാബിൽ പരിശോധിച്ച് വില നിർണയിക്കാനും ലേലംചെയ്ത് ഒഴിവാക്കാനും നിർദേശിച്ചു. അപകടകരമായ മരങ്ങൾ, മരക്കൊമ്പുകൾ എന്നിവ മുറിച്ചുനീക്കണം. ഇക്കാര്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണം. നദീതീരത്തും കടൽത്തീരത്തും കഴിയുന്ന മാറ്റി പാർപ്പിക്കേണ്ടി വരുന്നവരുടെ പട്ടിക തയ്യാറാക്കണം. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. സ്‌കൂൾ, ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്താൻ പൊതുമരാമത്ത് വകുപ്പും തദ്ദേശ  സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കണം. ആശുപത്രികളിൽ വൈദ്യുതി തടസ്സമുണ്ടാവരുത്. ഇക്കാര്യത്തിൽ കെഎസ്ഇബി പ്രത്യേക ശ്രദ്ധ കാട്ടണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകണം. പകർച്ചവ്യാധികൾക്കെതിരായ മുന്നൊരുക്കങ്ങൾ നടത്താനും- കലക്ടർ നിർദേശിച്ചു. ജില്ലയിലെ സ്ഥിതിഗതികളും യോഗം ചർച്ച ചെയ്തു. കോർപ്പറേഷൻ പരിധിയിലെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ പ്രത്യേക പരിഗണന നൽകാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. സിറ്റി, റൂറൽ പൊലീസ് മേധാവികൾ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ  സ്ഥാപന സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top