19 April Friday

തലപ്പാടിയിൽ വണ്ടിയോടിക്കാം; പുതിയ പാതയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

തലപ്പാടിയിൽ പുതുതായി നിർമിച്ച ദേശീയപാതയിലൂടെ വാഹനങ്ങൾ ഓടുന്നു

കാസർകോട്‌
ദേശീയപാതാ വികസനത്തിൽ തലപ്പാടി മുതലുള്ള  ഒരു കിലോമീറ്റർ റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. തലപ്പാടി കാലിക്കടവ്‌ ആറുവരി ദേശീയപാതയിൽ  ഒന്നാംഘട്ടം ടാറിങ്‌ കഴിഞ്ഞ റോഡിലൂടെയാണ്‌ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്‌.  
തലപ്പാടി ചെങ്കള റീച്ചിൽ മണ്ണിട്ട്‌ റോഡൊരുക്കുന്ന പ്രവൃത്തി 60 ശതമാനം പൂർത്തിയായി. ഇരുവശത്തുമായി ആറുവരിയിൽ 74 കിലോമീറ്റർ റോഡാണ്‌ ഒരുക്കുന്നത്‌. പാലവും മേൽപ്പാലവും ഒഴികെയുള്ളതാണിത്‌. 45 കിലോമീറ്ററിൽ പ്രവൃത്തി കഴിഞ്ഞു. മണ്ണിട്ട്‌ സബ്‌ഗ്രേഡ്‌ ചെയ്യൽ 11 കിലോമീറ്റർ (15 ശതമാനം) പൂർത്തിയായി. വലിയ കല്ലുകളും ജില്ലി പൊടിയുമിട്ടുള്ള തറ പ്രവൃത്തി ഒമ്പത്‌ കിലോ മീറ്ററിലും (13 ശതമാനം) ജില്ലി കൂട്ടിക്കലർത്തി കോൺക്രീറ്റ്‌ രൂപത്തിലാക്കൽ 7 കിലോ മീറ്ററും (10 ശതമാനം) ഒന്നാം ഘട്ട ടാറിങ് ഒരു കിലോമീറ്ററും (2 ശതമാനം) പൂർത്തിയായി.അവസാനമാണ്‌ ബിസിഎം  ടാറിങ്ചെയ്യുക. 
 
പാത 10 വരി 
ആറുവരി പാതയ്‌ക്കൊപ്പം ഇരുഭാഗത്തുമായി രണ്ടു സർവീസ്‌ റോഡുകളുണ്ടാവും.ഒരോ സർവീസ്‌ റോഡും രണ്ടുവരി പാതയായിരിക്കും. അതോടെ പത്തുവരി പാതയായിമാറും. ആറുവരിയിൽ ഒന്നിന്‌ മൂന്നര മീറ്ററും സർവീസ്‌ റോഡിന്‌  മുന്നേക്കാൽ മീറ്ററുമാണ്‌ വീതി. ആറുവരി പാത പ്രളയത്തെ പ്രതിരോധിക്കാൻ  ശേഷിയുള്ള ഉയരത്തിലായിരിക്കും. 81 കല്ലുങ്കുകളുണ്ടാകും. കാൽനട യാത്രക്കാർക്കായി നടപ്പാലങ്ങളുമുണ്ടാകും. ആറുവരി മുറിച്ച്‌ കടക്കാൻ 12 അടിപ്പാതകർ നിർമിക്കും. 
      
ചെങ്കള– തളിപ്പറമ്പും 
വേഗത്തിലായി 
ചെങ്കള– നീലേശ്വരം റീച്ചിൽ 8.5 ശതമാനവും നീലേശ്വരം– തളിപ്പറമ്പ്‌ റീച്ചിൽ എട്ട്‌ ശതമാനവും പ്രവൃത്തി പൂർത്തിയായി. സർവീസ്‌ റോഡുകളുടെ  ടാറിങ് തുടങ്ങി.  ചെങ്കള നീലേശ്വരം റീച്ചിൽ ചെർക്കള, മാവുങ്കാൽ, കാഞ്ഞങ്ങാട്‌ സൗത്ത്‌ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ വരും. തെക്കിൽ പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. പടന്നക്കാട്‌  രണ്ടുവരി മേൽപ്പാലത്തിന്‌ സമാന്തരമായി മൂന്നുവരി മേൽപ്പാലം നിർമിക്കും. നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്‌. നീലേശ്വരം തളിപ്പറമ്പ റീച്ചിൽ  നീലേശ്വരം, കാര്യങ്കോട്‌,  പെരുമ്പ, കുപ്പം എന്നിവിടങ്ങളിൽ പാലങ്ങളുടെ പ്രവൃത്തി തുടങ്ങി. പിലാത്തറ, പരിയാരം എന്നിവിടങ്ങളിൽ മേൽപ്പാലം വരും. 
 
വൈദ്യുതിയെത്തും 
മുടങ്ങാതെ 
കാസർകോട്
ജില്ലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഉഡുപ്പി–- കരിന്തളം ലൈൻ യാഥാർഥ്യമാവുന്നു. 1000 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഇതുവഴി ലഭിക്കുക. ജില്ലയ്‌ക്ക്‌ ആവശ്യം 150 മെഗാവാട്ട്‌ മാത്രം. ബാക്കി മറ്റു ജില്ലകളിലേക്ക്‌ കൊണ്ടുപോകും. കരിന്തളം കയനിയിൽ സബ്‌സ്‌റ്റേഷൻ നിർമാണം പുരോഗമിക്കുന്നു.  കണ്ണൂർ, കാസർകോട്‌ ഉൾപ്പെടുന്ന ഉത്തരമലബാറിലേക്ക്‌ നിലവിൽ വൈദ്യുതി എത്തുന്നത്‌  അരീക്കോട്‌ 400 കെ വി സബ്‌സ്‌റ്റേഷനിൽനിന്നാണ്‌. മൈസൂരിൽനിന്നാണ്‌ വൈദ്യുതി എത്തുന്നത്‌. ലൈനുകളിൽ തകരാറുണ്ടായാൽ കണ്ണൂർ, കാസർകോട്‌ ജില്ലകൾ പൂർണമായും ഇരുട്ടിലാകും. ഇതിന്‌ പരിഹാരമായാണ്‌ കരിന്തളത്ത്‌ 400 കെ വി സബ്‌സ്‌റ്റേഷൻ നിർമിക്കുന്നത്‌. 
കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള 400 കെ.വി. പവർഹൈവേയുടെ ഭാഗമായുള്ള കരിന്തളം വയനാട്‌ വൈദ്യുതി ലൈൻ നിർമാണോദ്‌ഘാടനം ഉടൻ നടക്കും. കരിന്തളം കയനിയിലെ 400 കെ. വി. സബ്‌സ്‌റ്റേഷനോട്‌  ബന്ധിപ്പിച്ചാണ്‌ മാനന്തവാടി പയ്യമ്പള്ളി വരെ വൈദ്യുതി ലൈൻ വലിക്കുന്നത്‌. 125 കിലോമീറ്റർ നീളമുള്ള ലൈനിന്‌ 438 കോടി രൂപയാണ്‌ കെഎസ്‌ഇബി  ചെലവ് പ്രതീക്ഷിക്കുന്നത്‌. പയ്യമ്പള്ളിയിൽ 400 കെ. വി. സ്വിച്ചിങ്‌ സ്‌റ്റേഷൻ സ്ഥാപിക്കും. ഇതുവഴി കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌ എന്നീ ജില്ലകളിൽ വൈദ്യുതി എത്തിക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top