29 March Friday

കൊച്ചുപിലാമൂട്ടിൽ 
പുതിയപാലം വരുന്നു

സ്വന്തം ലേഖകൻUpdated: Monday Mar 20, 2023
കൊല്ലം
കൊല്ലം തുറമുഖത്തിന്റെ വികസന സാധ്യതയും ബീച്ചിലെ തിരക്കും പരിഗണിച്ച്‌ കൊച്ചുപിലാമൂട്ടിൽ കൊല്ലം തോടിനുകുറുകെ മറ്റൊരു പാലം നിർമിക്കുന്നതിനുള്ള നടപടികൾക്ക്‌ തുടക്കം. എം മുകേഷ്‌ എംഎൽഎയുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് (പാലം)വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയാണ്‌ നടന്നത്‌. സർവേ, മണ്ണ് പരിശോധന എന്നിവ പൂർത്തിയാക്കി അലൈൻമെന്റ് നിർണയിക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. ഡിസൈൻ പൂർത്തിയാക്കി വിശദ പദ്ധതിരേഖ (ഡിപിആർ)ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കും. കൊല്ലം തോടിനു കുറുകെ 22 മീറ്റർ നീളത്തിൽ രണ്ടുവരി ക്യാരിയേജ് വേയും നടപ്പാതയുമുള്ള പാലമാകും നിർമിക്കുക. നിലവിലുള്ള പാലത്തിന്റെ മാതൃകയിലാണ്‌ പുതിയ പാലവും നിർമിക്കുക. ഇതിനായി 10 കോടി രൂപയാണ്‌ സർക്കാർ അനുവദിക്കുന്നത്‌. ഇതിന്റെ അടങ്കൽ 2023- –-24ലെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വകയിരുത്തിയിട്ടുണ്ട്‌. 
കൊല്ലം ബീച്ചിലേക്കുള്ള പ്രവേശന മാർഗമായ കൊച്ചുപിലാമൂട് പാലത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാനും തുറമുഖത്തെ ചരക്കുഗതാഗത വിപുലീകരണത്തിനും നിലവിലുള്ള പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന്‌ എം മുകേഷ്‌ എംഎൽഎ ധനമന്ത്രിയോടും പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസിനോടും ആവശ്യപ്പെട്ടിരുന്നു. നിർദിഷ്‌ട തീരദേശ ഹൈവേ യാഥാർഥ്യമാകുമ്പോൾ ഉണ്ടാകാവുന്ന വാഹനത്തിരക്കും പുതിയ പാലത്തിന്റെ സാധ്യത വർധിപ്പിച്ചു. തുറമുഖത്ത്‌ കണ്ടയ്‌നറും ബീച്ചിൽ ദിവസവും ആയിരക്കണക്കിനു വാഹനവുമാണ്‌ വന്നുപോകുന്നത്‌. വലിയ കണ്ടയ്‌നര്‍ കടന്നുപോകാൻ ഇന്നത്തെ പാലം അപര്യാപ്‌തമാണ്‌. കൊല്ലം ബീച്ചിനെയും തുറമുഖത്തെയും ദേശീയപാത 66–ാ-മായി ബന്ധിപ്പിക്കുന്നതാണ്‌ കൊച്ചുപിലാമൂട്‌ പാലം. തുറമുഖത്തുനിന്ന്‌ കണ്ടയ്‌നറുകൾ കൊച്ചുപിലാമൂട്‌ പാലം വഴി റെയിൽവേ പാലത്തിലൂടെയാണ്‌ ദേശീയപാതയിൽ എസ്‌എൻ കോളേജ്‌ ജങ്‌ഷനിൽ എത്തുക. ഇതുവഴി കൊല്ലം ബീച്ചിൽ എത്തുന്ന വാഹനവും ഏറെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top