24 April Wednesday
സിന്തറ്റിക്‌ ട്രാക്ക്‌‌ നിർമാണം അവസാനഘട്ടത്തിൽ

ജില്ലാ സ്‌റ്റേഡിയം 
മാർച്ചിൽ സജ്ജമാവും

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കൽപ്പറ്റ  
കാൽപന്ത്‌ കളിക്കാർക്ക്‌ മോഹിപ്പിക്കുന്ന ഫുട്‌ബോൾ ടർഫ്‌, പുതിയ വേഗം കൈവരിക്കാൻ ഓട്ടക്കാർക്കായി ദേശീയ നിലവാരമുള്ള  ട്രാക്ക്‌, പുതിയ ഉയരവും ദൂരവും താണ്ടാൻ മികച്ച സൗകര്യങ്ങളോടെയുള്ള ജമ്പിങ്‌ പിറ്റ്‌,  ത്രോ ഇനങ്ങളിൽ കരുത്തുകാട്ടാൻ പ്രത്യേക കോർണറുകൾ. ജില്ലയിലെ കായികതാരങ്ങളും കായികപ്രേമികളും  സ്വപ്‌നംകണ്ട  ആധുനിക സൗകര്യങ്ങളോടെ സാങ്കേതികത്തികവാർന്ന  കായിക സ്‌റ്റേഡിയം  യാഥാർഥ്യമാവുന്നതിന്‌ ഇനി ആഴ്‌ചകൾ മാത്രം. കൽപ്പറ്റ നഗരത്തിൽനിന്നും മൂന്ന്‌ കിലോമീറ്റർ മാത്രം അകലെ മരവയലിൽ നിർമിക്കുന്ന  ജില്ലാ സ്‌റ്റേഡിയമാണ്‌  നാടിന്‌ സമർപ്പിക്കാനൊരുങ്ങുന്നത്‌. മാർച്ച്‌ അവസാനത്തോടെ സ്‌റ്റേഡിയം പൂർണമായും സജ്ജമാക്കി നാടിന്‌ സമർപ്പിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌  സ്‌റ്റേഡിയത്തിലെ നിർമാണ പ്രവൃത്തി  വിലയിരുത്താനെത്തിയ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എം മധു‌,  സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റി അംഗം കെ റഫീഖ്‌ എന്നിവർ പറഞ്ഞു. 
   അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌, പവിലിയൻ, ഹോസ്‌റ്റൽ ബ്ലോക്ക്‌ കെട്ടിടങ്ങൾ,  ഫുട്‌ബോൾ ഗ്രൗണ്ട്‌, ചുറ്റുമതിൽ, നടപ്പാത എന്നിവയെല്ലാം ഒന്നം ഘട്ടമായി ഇതിനകം പൂർത്തിയായിരുന്നു. ഫ്‌ളഡ്‌ലിറ്റ്‌ ലൈറ്റുകളും സജ്ജമാക്കി. സിന്തറ്റിക്‌ ട്രാക്കിന്റെ നിർമാണമാണ്‌ നിലവിൽ പുരോഗമിക്കുന്നത്‌. ഇത്‌ പൂർത്തിയാവുകയും ഗ്രൗണ്ട്‌ നിരപ്പാക്കി പച്ചപ്പുൽ മൈതാനി ഒരുക്കുകയും ചെയ്യുന്നതോടെ കായിക സ്വപ്‌നം പൂവണിയും.  7.88 ഏക്കർ ഭൂമിയിൽ രണ്ട്‌ ഘട്ടങ്ങളിലായി 18.60 കോടി രൂപയാണ്   ജില്ലാ സ്റ്റേഡിയം നിർമാണത്തിന് കിഫ്‌ബി വഴി ലഭിച്ചത്‌.   മുപ്പത്‌ വർഷം മുമ്പ്‌ ഈ സ്ഥലം ജില്ലാ സ്‌റ്റേഡിയം നിർമാണത്തിനായി വിട്ടുകൊടുത്തിരുന്നെങ്കിലും സ്‌റ്റേഡിയം മാത്രം ഉയർന്നില്ല. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയശേഷം ആദ്യ ബജറ്റിൽ തുക വകയിരുത്തിയതോടെയാണ്‌ സ്‌റ്റേഡിയം സ്വപ്‌നത്തിന്‌ ചിറക്‌ മുളച്ചത്‌.   രണ്ട്‌ ‌ പ്രളയങ്ങൾ, കോവിഡ്‌ മാഹമാരി, ലോക്‌ഡൗൺ എന്നിവയെല്ലാം സ്‌റ്റേഡിയം പൂർത്തീകരണത്തിന്‌ തടസ്സമായെങ്കിലും  ജില്ലയുടെ  അഭിമാന പദ്ധതി ലക്ഷ്യത്തിലേക്ക്‌ അടുത്തു കഴിഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top