19 April Friday

പുരവഞ്ചികള്‍ ഒഴുകിത്തുടങ്ങി

സ്വന്തം ലേഖകന്‍Updated: Monday Oct 19, 2020
 
ആലപ്പുഴ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുരവഞ്ചികള്‍ സർവീസ് തുടങ്ങി. ഞായറാഴ്ച രാവിലെ ഒമ്പതുമുതലാണ്‌ യാത്രക്കാരുമായി   പുന്നമടക്കായലിൽ സഞ്ചാരം തുടങ്ങിയത്‌. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്ററ്റർ ചെയ്തവരാണ് യാത്രക്കെത്തിയത്. ശരീരതാപനില പരിശോധിച്ചശേഷമാണ്‌ പ്രവേശനം. ലഗേജ് ഉൾപ്പെടെ അണുവിമുക്തമാക്കി. പുന്നമട ഫിനിഷിങ് പോയിന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ നിന്നാണ്  യാത്ര തുടങ്ങിയത്. 
   സഞ്ചാരികൾ അറിഞ്ഞുവരുന്നതേയുള്ളെന്നും വരുംദിവസങ്ങളിൽ ബുക്കിങ് കൂടുമെന്നും ആലപ്പി ഹൗസ്‌ബോട്ട് ഓണേഴ്‌സ്‌ സമിതി പറഞ്ഞു. ആദ്യദിവസം സംസ്ഥാനത്തിന് അകത്തെ യാത്രക്കാരാണ്‌ ആലപ്പുഴയിലെത്തിയത്. മലപ്പുറം, കൊല്ലം, തിരുവനന്തപുരം, എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് യാത്രക്കാരെത്തി.  യുവാക്കളുടെ സംഘമാണ് ആദ്യദിനം എത്തിയത്. ഒരുബോട്ടിൽ പരമാവധി പത്തുപേർക്ക് മാത്രമാണ്  അനുമതി. മുറിയിൽ രണ്ട് പേർക്ക് താമസിക്കാം. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനുമിടക്ക്  ചെക്കിൻ, ചെക്കൗട്ട് നടത്തണം. ഒരോ യാത്രക്ക് ശേഷവും ബോട്ടുകൾ അണുവിമുക്തമാക്കണം.
  1500ൽ അധികം പുരവഞ്ചിയുള്ള ജില്ലയിൽ പത്ത് ശതമാനം മാത്രമാണ് സർവീസിന് തയ്യാറായത്. നാളുകളായി ഓട്ടമില്ലാത്തതിനാൽ ഭൂരിഭാഗം പുരവഞ്ചികൾക്കും വളവര, എൻജിൻ, ബാറ്ററി,  അറ്റകുറ്റപ്പണിയും പെയിന്റിങ്ങും നടത്തണം. ദീപാവലി പ്രമാണിച്ച് കൂടുതൽ ബുക്കിങ് പ്രതീക്ഷിക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്നടക്കം  വിളിക്കുന്നുണ്ട്‌.   
    ജീവനക്കാർ  സഞ്ചാരികളുമായി സമ്പർക്കത്തിലേർപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.  വില്ലേജ് വാക്ക് പാടില്ല. യാത്രക്കാർക്ക്‌ പ്രത്യേക പാസും അനുവദിക്കുന്നുണ്ട്.  മാർഗനിർദേശങ്ങൾ 
ഉടമകളുടെയും ജീവനക്കാരുടെയും സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്ന പുരവഞ്ചിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ടൂറിസം ഉപഡയറക്ടർ അഭിലാഷ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top