26 April Friday

ഹൈക്കോടതി നിരീക്ഷണം എം സി ഖമറുദ്ദീന് തിരിച്ചടിയായി

സ്വന്തംലേഖകൻUpdated: Monday Oct 19, 2020
തൃക്കരിപ്പൂർ
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണം എം സി  ഖമറുദ്ദീൻ എംഎൽഎക്ക്‌ തിരിച്ചടിയായി. പൊലീസ്‌ നടപടികൾ ഒഴിവാക്കുന്നതിനായാണ്‌  വ‌ഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഖമറുദ്ദീൻ  ഹൈക്കോടതിയെ സമീപിച്ചത്‌.   പോപ്പുലർ ഫിനാൻസിന് സമാനതയുള്ള തട്ടിപ്പാണ് `ജ്വല്ലറിയുടെ പേരിൽ  നടന്നതെന്നാണ്‌ കോടതി നിരീക്ഷിച്ചത്. 27 ന് കേസ് വീണ്ടും പരിഗണിക്കും.
നിലവിൽ 88 കേസുകളാണ്‌  വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.  കൂടുതൽ കേസുകൾ വരുന്നത്‌ ഒഴിവാക്കാനും നിക്ഷേപകരിൽ ഭൂരിപക്ഷത്തെ വീണ്ടും കബളിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു കോടതിയെ സമീപിച്ചത്‌. 
 നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും സിവിൽ കേസ് ആണെന്നുമായിരുന്നു എംഎൽഎയുടെ വാദം.  
 ജ്വല്ലറിയുടെ മറവിൽ നടന്നത്‌ കൃത്യമായ തട്ടിപ്പുകളാണെന്നാണ്‌‌ അന്വേഷണ സംഘം കണ്ടെത്തിയത്‌.   2006, 2009, 2012 വർഷങ്ങളിൽ നാല് കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. എല്ലാ കമ്പനികളുടേയും ചെയർമാൻ ഖമറുദ്ദീനായിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ 2016 മുതൽ കമ്പനി നഷ്ടത്തിലാണ് പറയുന്നുണ്ടെങ്കിലും 2019 ലും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്‌. മൂന്ന് ജ്വല്ലറികളിലായി വിറ്റുവരവടിസ്ഥാനത്തിൽ   30 കോടിയിൽ താഴെ മാത്രമാണ് സ്വർണ്ണം കണക്കാക്കിയത്.  എന്തിനാണ് 150 കോടിയിലേറെ സമാഹരിച്ചതെന്ന ചോദ്യവുമുയരുന്നു. കമ്പനീസ്‌നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത  ജ്വല്ലറി പൂട്ടിയ ശേഷം കോടികളുടെ സ്വത്തുക്കൾ വിൽപന നടത്തിയത്‌ നിയമവിരുദ്ധമായാണ്‌. സ്വത്ത്‌ ബിനാമികളായ ഡയറക്ടർമാർക്ക്‌ കൈമാറിയതും   നിക്ഷേപിച്ചവർക്ക്‌ പണം തിരിച്ചു നൽകാത്തതും  വഞ്ചന തന്നെയാണെന്നാണ്‌   അന്വേഷണ സംഘം വാദിക്കുന്നത്‌. 
പണം ആവശ്യപ്പെട്ടാൽ തിരികെ നൽകാമെന്ന മുദ്രപത്രത്തിലെ കരാറും    സിവിൽ നിയമത്തിന്റെ പരിധിയിൽ പെടുന്നതല്ല. നൂറിലേറെ പേർക്ക് ഖമറുദ്ദീൻ തന്നെ ധാരണ പത്രം ഒപ്പിട്ട് നൽകിയിട്ടുണ്ട്‌.  വഞ്ചനാ കുറ്റത്തിനാണ് ആദ്യം കേസ്  രജിസ്റ്റർ ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ  ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിക്കൽ, വണ്ടി ചെക്ക് നൽകി വഞ്ചിക്കൽ. ജ്വല്ലറി നിക്ഷേപത്തിന്റെ മറവിൽ സ്വകാര്യ സംബാദ്യം, ജ്വല്ലറി പൂട്ടിയ ശേഷം ആസ്തി വിൽപന . ഡയറക്ടറുമാരുടെ ഐ ടി റിട്ടേൺ വിവരങ്ങൾ, നികുതി വെട്ടിപ്പ്, വിദേശ യാത്രകൾ,  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ചെലവ്, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കാലത്ത് സ്വർണ കടത്തിന് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളും വന്നിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top