ആലക്കോട്
കോൺഗ്രസ് ഭരിക്കുന്ന നടുവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതിയെന്ന പരാതിയിൽ അന്വേഷണം നടത്തുന്ന വിജിലൻസിന് മുമ്പാകെ പരാതിക്കാർ മൊഴി നൽകി. കോൺഗ്രസ് നേതാക്കളും മുൻ സ്ഥിരംസമിതി അധ്യക്ഷരുമായ ബിജു ഓരത്തേൽ, ടി എൻ ബാലകൃഷ്‌ണൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജേക്കബ് പാണക്കുഴി എന്നിവരാണ് തിങ്കളാഴ്ച ഉച്ചക്ക് കണ്ണൂർ വിജിലൻസ് ഓഫീസിലെത്തി സിഐ ആർ വിനോദിന് മൊഴി നൽകിയത്.
കഴിഞ്ഞ വർഷമാണ് പരാതിക്കിടയാക്കിയ സംഭവം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ 28 റോഡ് കോൺഗ്രീറ്റ് പ്രവൃത്തികളിലും കാരാറുകാരും ഭരണസമിതിയിലെ അംഗങ്ങളുംചേർന്ന് അഴിമതി നടത്തിയതായാണ് പരാതി. തൊഴിൽ കാർഡ് ഉടമകളുടെ പേരിൽ വ്യാജ മസ്റ്റ്‌റോൾ ഉണ്ടാക്കി വേതനം കൈപ്പറ്റിയെന്നും 22 റോഡുകളുടെ നിർമാണ പ്രവൃത്തിയിലൂടെ 20 ലക്ഷത്തിലധികം രൂപ തട്ടിയെന്നും പരാതിയിൽ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന രേഖകളും മൊഴികളുമാണ് നേതാക്കൾ വിജിലൻസിനുമുന്നിൽ ഹാജരാക്കിയത്.
കോൺഗ്രസ് നേതാവും നടുവിൽ പഞ്ചായത്ത് പൊട്ടൻപ്ലാവ് വാർഡ് അംഗവുമായ അലക്സ് ചുനയംമാക്കൽ, ഭാര്യയും നടുവിൽ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണുമായ സ്വപ്ന അലക്സ്, ബംഗളൂരുവിൽ പഠിക്കുന്ന ഇവരുടെ മകൻ എന്നിവരാണ് തൊഴിലുറപ്പ് പണിയിൽ കൃത്രിമം കാണിച്ച് പണംപറ്റിയത്. 17 കിലോമീറ്റർ ദൂരത്തുള്ള രണ്ടാംവാർഡിൽ തൊഴിലെടുത്തുവെന്ന രേഖയുണ്ടാക്കി വേതനവും ദൂരപരിധിയുടെ ആനുകൂല്യവും അലക്സ് തൊഴിലെടുക്കാതെ കൈപ്പറ്റിയെന്നാണ് പരാതിയിലുള്ളത്. ആ ദിവസങ്ങളിൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അലക്സ് പങ്കെടുത്തതിന്റെ രേഖകളും ഇത് സാധൂകരിക്കുന്ന ഓംബുഡ്സ്മാന്റെ നടപടിക്രമങ്ങളും പരാതിക്കാർ വിജിലൻസിന് മുമ്പാകെ ഹാജരാക്കി. പഞ്ചായത്ത് പ്രസിഡന്റായ ബേബി ഓടംപള്ളിലിന്റെ നേതൃത്വത്തിൽ നടുവിൽ പഞ്ചായത്ത് ഭരണസമിതിയിൽ തീവെട്ടിക്കൊള്ള നടക്കുന്നതായും ഇതിന് ഒരുകൂട്ടം ഭരണസമിതി അംഗങ്ങൾ കൂട്ടുനിൽക്കുന്നതായും ഇവർ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..