10 December Sunday

പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി 
പുതിയ കെട്ടിടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി പുതിയ കെട്ടിടം

പയ്യന്നൂർ
ആതുരശുശ്രൂഷാ രംഗത്ത് പയ്യന്നൂർ മണ്ഡലത്തിലെയും സമീപ ജില്ലയായ കാസർകോടിന്റെ അതിർത്തിയിലുള്ളവർക്കും ആശ്വാസം പകരുന്നതാണ് പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി. സമാനതകളില്ലാത്തവിധം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുകയാണ് ഈ സ്ഥാപനം.  നിർമാണം പൂർത്തിയാക്കിയ കെട്ടിടം 24ന്  രാവിലെ പത്തിന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. 
സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 104 കോടി രൂപയുടെ മാസ്റ്റർപ്ലാനിലാണ് കെട്ടിടമൊരുക്കിയത്. ഹൈറ്റ്സ് ആണ് നിർവഹണ ഏജൻസി. പുതിയ ആശുപത്രി ബ്ലോക്കിന്റെ നിർമാണം, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, നിലവിലുള്ള കെട്ടിടങ്ങളിൽ അധികനിലകൾ നിർമിക്കൽ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.  79,452 ചതുരശ്ര അടി വിസ്‌തീർണത്തിൽ 7 നിലയിലാണ്‌ ആശുപത്രി ബ്ലോക്ക്.  ഒന്നാം നിലയിൽ പീഡിയാട്രിക്ക് വാർഡ്‌, പിഐസിയു, പീഡിയാട്രിക്ക് ഒപി. രണ്ടാംനില: സ്ത്രീകളുടെ വാർഡ്‌, എംഐസിയു. മൂന്നാംനില: ഗൈനക്ക് ഒപി, ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്. നാലാംനില: പുരുഷ വാർഡ്‌, റീഹാബിലിറ്റേഷൻ സെന്റർ, സെമിനാർ ഹാൾ. അഞ്ചാംനില: പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐസിയു, സ്ത്രീകളുടെ സർജിക്കൽ വാർഡ്. ആറാംനില: ഓപ്പറേഷൻ തീയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്‌. ഏഴാംനില: എല്ലാവിധ ലാബുകളും.  
കെഎസ്ഇബിയുടെ സഹകരണത്തോടെ ആർഎംയു സംവിധാനം ഉപയോഗപ്പെടുത്തിയാണ് ആശുപത്രിയിലേക്കുള്ള വൈദ്യുതി വിതരണം. ഇതിനായി പയ്യന്നൂർ പെരുമ്പ സബ് സ്‌റ്റേഷനിൽനിന്ന്‌ നേരിട്ട് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്ന പ്രവർത്തി പൂർത്തിയായി.  1.68 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണി, അത്യാധുനിക മാലിന്യ നിർമാർജന പ്ലാന്റ് എന്നിവയും പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top