25 April Thursday

ജോഡോ യാത്ര: നടപടി കടുപ്പിച്ച്‌ ജില്ലാ നേതൃത്വം പിരിച്ചതിന്‌ കണക്കില്ല; കൈമാറിയില്ല

സ്വന്തം ലേഖകൻUpdated: Monday Sep 19, 2022

ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർക്ക്‌ ഡിസിസി പ്രസിഡന്റ്‌ 
കൈമാറിയ സർക്കുലർ

 

 
കോഴിക്കോട്‌
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കും അനുബന്ധമായി ജില്ലയിൽ നടത്തിയ ജാഥാ നടത്തിപ്പിനുമായി ബൂത്ത്‌തലം മുതൽ പിരിച്ച പണം കൈമാറാത്തതിൽ പ്രകോപിതരായി ജില്ലാ കോൺഗ്രസ്‌ നേതൃത്വം. 
പിരിച്ച പണം അടയ്‌ക്കാത്തവരും പ്രവർത്തനത്തിൽ പങ്കാളികളുമാവാത്ത നേതാക്കളെ കമ്മിറ്റികളിൽ പങ്കെടുപ്പിക്കില്ലെന്ന  ഭീഷണിയും ഡിസിസി നേതൃത്വം പുറത്തിറക്കിയ സർക്കുലറിലുണ്ട്‌.  മുൻകാലങ്ങളിലേതുപോലെ  പിരിച്ച പണം സ്വന്തമാക്കാമെന്ന്‌ ആരും കരുതേണ്ടെന്നും ചൊവ്വാഴ്‌ചക്കകം പണം അടച്ചില്ലെങ്കിൽ സംഘടനയിലെ സ്ഥാനത്ത്‌ തുടരാനാവില്ലെന്നും മണ്ഡലം ഭാരവാഹികൾക്ക്‌ നൽകിയ സർക്കുലറിൽ പറയുന്നു. 
ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ നയിച്ച ജാഥയിൽ ആളുകുറഞ്ഞതിന്‌ പുറമെ നിശ്ചയിച്ച പണമെത്തിക്കാത്തതിനും മണ്ഡലം കമ്മിറ്റി പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചിരുന്നു. ചേവായൂർ മണ്ഡലം കമ്മിറ്റിക്കെതിരെയായിരുന്നു നടപടി.  എന്നാൽ നടപടിയുണ്ടായിട്ടും ചുരുക്കം മണ്ഡലം കമ്മിറ്റികളൊഴികെ പിരിച്ച പണം ഡിസിസിക്ക്‌ കൈമാറിയിട്ടില്ല. 
 ബൂത്തിൽനിന്നും പതിനായിരം രൂപ ജോഡോ യാത്രക്കായി പിരിച്ച്‌ മണ്ഡലം കമ്മിറ്റികൾക്ക്‌ നൽകണമെന്നായിരുന്നു നിർദേശം. ഇതിനായി  50,000 രൂപയുടെ കൂപ്പണുകൾ വീതം നൽകിയിരുന്നു.  അനുബന്ധയാത്രയുടെ സ്വീകരണവേദിയിൽവച്ച്‌ പണം നൽകണമെന്നായിരുന്നു തീരുമാനം. എന്നാൽ യാത്രാസ്വീകരണം നടന്ന മിക്കയിടത്തും ഭാരവാഹികൾ പണം കൈമാറിയില്ല.  
അനുബന്ധജാഥ ജില്ലയിൽ 11 മുതൽ 15 വരെയായിരുന്നു പര്യടനം നടത്തിയത്‌. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ജോഡോ യാത്രയുടെ പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിന്ന സാഹചര്യവുമുണ്ടായി. പണം കൈമാറിയില്ലെന്നും ആളുകൾ കുറഞ്ഞെന്നും കാണിച്ച്‌ സ്വീകരണദിവസം രാത്രിതന്നെ ചേവായൂർ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പ്രസിഡന്റ്‌ ഉല്ലാസ്‌ കുമാറിനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു.  പ്രവർത്തനങ്ങളില്ലാത്ത നേതാക്കൾ, പണം അടയ്‌ക്കാത്ത കമ്മിറ്റികൾ എന്നിവയുടെ പട്ടികയുണ്ടാക്കി പാർടി വാട്‌സപ്പ്‌ ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുമെന്നുമുള്ള ഡിഡിസി പ്രസിഡന്റിന്റെ  ഭീഷണി ശബ്ദസന്ദേശവും ഇതിനിടെ  പ്രചരിക്കുന്നുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top