28 March Thursday

ആവേശമേറ്റി ‘ബ്രസീൽ X അർജന്റീന’ മത്സരം പന്തിനൊപ്പം ഹൃദയവേഗം

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

ദേശാഭിമാനി പ്രചാരണാർഥം അരീക്കോട്ട് സംഘടിപ്പിച്ച അർജന്റീന x ബ്രസീൽ സൗഹൃദ മത്സരത്തിൽനിന്ന്

 അരീക്കോട്‌

ചടുലനീക്കങ്ങളാൽ ഗോൾ വലകൾ വിറപ്പിച്ച്‌ ‘അർജന്റീനയും ബ്രസീലും’. രാജ്യാന്തര താരമായിരുന്ന യു ഷറഫലിയുടെ നേതൃത്വത്തിൽ കാനറികളും കേരള പൊലീസ് താരമായിരുന്ന ഹബീബ് റഹ്‌മാന്റെ നായകത്വത്തിൽ അർജന്റീനയും കളം നിറഞ്ഞു‌. ഇടതുവിങ്ങിൽനിന്ന്‌ തുളച്ചുകയറിയ ഗോളുമായി കളിയുടെ ആദ്യ മിനിറ്റുകളിൽതന്നെ ബ്രസീൽ ഞെട്ടിച്ചെങ്കിലും അന്തിമ വിസിൽ മുഴങ്ങുമ്പോൾ രണ്ടിനെതിരെ മൂന്ന്‌ ഗോളിന്‌ വിജയം അർജന്റീനയ്‌ക്ക്‌.    കാൽപ്പന്തിന്റെ ഹൃദയഭൂമികയായ അരീക്കോടിന്‌ ആഹ്ലാദമേറ്റി ദേശാഭിമാനി പ്രചാരണ ഭാഗമായ സെവൻസ്‌ ഫുട്‌ബോൾ സൗഹൃദമത്സരം. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഹബീബ്‌ റഹ്‌മാന്റെ പാസിൽ നിഹാൽ അർജീന്റനയുടെ വിജയഗോൾ നേടി. ഫായിസ്‌, സാബിൽ എന്നിവരാണ്‌ മറ്റ്‌ ഗോളുകൾ നേടിയത്‌. ബ്രസീലിനായി റഫീഖും മനോജും വല കുലുക്കി. സലീൽ (എജി), കെ വി ഷാമിൽ (എജി), വൈ പി ഷെരീഫ് (സന്തോഷ്‌ ട്രോഫി താരം), ജിത്തിൻ റാഷിദ് (അണ്ടർ 21 കേരള), ഷൈജൽ (എസ്‌യു ബംഗളൂരു), കെ ഷാബിൽ (അണ്ടർ 21 കേരള), ഫായിസ്‌ എന്നിവരാണ്‌ ‘അർജന്റീന’യ്‌ക്കായി ബൂട്ടണിഞ്ഞത്‌. ‘ബ്രസീലി’നായി മാലിക് (കെഎസ്‌ഇബി), ഹനാൻ ജാവേദ് (ഇന്ത്യ), റുമൈസ് (ഇന്ത്യ), മനോജ് (അണ്ടർ 21 കേരള), റൗഫ് (ഖാലിദിയ ദമാം), ഈപ്പൻ (സന്തോഷ്‌ ട്രോഫി), ആഷിഖ്‌ അലി എന്നിവർ ഇറങ്ങി. ദേശീയ റഫറി കെ വി സർജാസ്‌ മത്സരം നിയന്ത്രിച്ചു. ഡിവൈഎഫ്ഐ- ബ്ലോക്ക്‌ കമ്മിറ്റിയും എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രദർശന മത്സരം യു ഷറഫലി ഉദ്ഘാടനംചെയ്‌തു. കെ ജിനേഷ് അധ്യക്ഷനായി. ഹബീബ് റഹ്‌മാൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീർ, ജില്ലാ ട്രഷറർ അഡ്വ. കെ മുഹമ്മദ് ഷെരീഫ്, സി റഫീഖ്, ഫിറോസ് ആലം, വൈ പി മുഹമ്മദ്‌ ഷെരീഫ്, കെ ബിനീഷ്‌, സി നീതു, ടി പി റഷീദ്‌, കെ വി ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു.

തിരൂരിൽ ഫുട്ബോൾ ടൂർണമെന്റ്‌ ഇന്ന്‌ തിരൂർ ദേശാഭിമാനി പ്രചാരണ ക്യാമ്പയി​ന്റെ ഭാഗമായി എസ്എഫ്ഐ–--ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള സെവൻസ് ഫുട്ബോൾ ടൂർണമെ​ന്റ് ഞായറാഴ്ച നടക്കും. ബിപി അങ്ങാടി സ്പോർട്സാ ടർഫ് ഗ്രൗണ്ടിൽ രാത്രി ഒമ്പതിന് മത്സരം ആരംഭിക്കും. നൂറിലേറെ അപേക്ഷയിൽനിന്ന്‌ നറുക്കെടുപ്പിലൂടെ എട്ട് ടീമുകളെയാണ് തെരഞ്ഞെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top