25 April Thursday

കരിപ്പൂരിലെ സംഭവം സ്വർണക്കടത്ത്‌ കാരിയറെന്ന്‌ സംശയിച്ച്‌ തട്ടിക്കൊണ്ടുപോയ യാത്രക്കാരനെ വഴിയിൽ തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

കൊണ്ടോട്ടി 
കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ സ്വര്‍ണക്കടത്ത് കാരിയറെന്ന് സംശയിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു‌. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് സംഘം വ്യാഴാഴ്‌ച തട്ടിക്കൊണ്ടുപോയത്‌. മുക്കത്തെ പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ്‌ റിയാസ്‌  ദുബായില്‍നിന്ന്‌ കരിപ്പൂരിലിറങ്ങിയത്‌. രാത്രിയോടെ കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍നിന്നയച്ച കാറിലാണ് മടങ്ങിയത്. കാറിനെ പിന്തുടര്‍ന്ന കള്ളക്കടത്ത് ഏജന്റുമാരുടെ സംഘം കൊണ്ടോട്ടി- അരീക്കോട് റോഡില്‍ കാളോത്തുവച്ച് റിയാസ് സഞ്ചരിച്ച കാര്‍ തടഞ്ഞു. അരീക്കോട് ഭാഗത്തേക്ക് കയറ്റിക്കൊണ്ടുപോയി. കാര്‍ ഡ്രൈവറുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ്‌ റിയാസ് വെള്ളിയാഴ്‌ച കുറ്റ്യാടിയിലെ വീട്ടിലെത്തിയതായി  വിവരം ലഭിച്ചത്‌. വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന്‌ ഇയാൾ പറഞ്ഞു.
നേരത്തെ, ദുബായില്‍നിന്ന് മടങ്ങുന്നതിനിടെ സ്വര്‍ണക്കടത്ത് സംഘം റിയാസിനെ സമീപിച്ചിരുന്നു.  30,000 രൂപയ്‌ക്ക് സ്വര്‍ണം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിക്കാന്‍ മൂന്ന് സ്വര്‍ണ ഗുളികകളും നല്‍കി. എന്നാല്‍ സ്വര്‍ണം സുഹൃത്ത് മുഖേന കളളക്കടത്ത് സംഘത്തിനുതന്നെ കൈമാറാന്‍ ഏല്‍പ്പിച്ച് റിയാസ്‌ മടങ്ങി. തങ്ങളുടെ സ്വര്‍ണം നല്‍കാതെ മുങ്ങുകയാണെന്ന ധാരണയിലാണ്‌ കള്ളക്കടത്ത്‌ സംഘം  തട്ടിക്കൊണ്ടുപോയതെന്ന്‌ കരുതുന്നു. കക്കാടംപൊയിലിലെ സുഹൃത്ത് റിസോര്‍ട്ടില്‍ സൗജന്യ ക്വാറന്റൈൻ സൗകര്യം ഒരുക്കിയപ്പോഴാണ് റിയാസ്‌‌ അങ്ങോട്ടുപോയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top