25 April Thursday

നെല്ല്‌ വെള്ളത്തിൽ;
കർഷകർ കണ്ണീർപ്പാടത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

വേളൂർ പൈനിപ്പാടം വടക്ക് പാടത്തെ കൊയ്തെടുത്ത നെല്ല് 
സംഭരിക്കാത്തതിനെ തുടർന്ന് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു

കോട്ടയം
നെല്ല്‌ കൊയ്‌ത്‌ കരയ്‌ക്കെത്തിച്ചെങ്കിലും സംഭരിച്ചിട്ടില്ല; കർഷകർ കണ്ണീർപാടത്ത്‌. വേളൂർ പയനിപ്പാടം വടക്ക്‌ പാടത്ത്‌ കൊയ്‌ത്ത്‌ കഴിഞ്ഞിട്ട്‌ രണ്ടാഴ്‌ചയായി. 30 ഏക്കറാണ്‌ പയനിപ്പാടം വടക്ക്‌. തരിശ്‌ കിടന്ന പാടത്ത്‌ മൂന്നുവർഷമായി കൃഷിയിറക്കുന്നുണ്ട്‌. ഇത്തവണ മുക്കാൽഭാഗം നെല്ലുമാത്രമാണ്‌ കൊയ്യാനായുള്ളൂ. അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ ബാക്കി ഭാഗത്തെ നെല്ല്‌ വെള്ളം കയറി നശിച്ചു. കൊയ്‌ത നെല്ലിൽ 10 ടണ്ണോളം കയറിപ്പോകാനുണ്ട്‌. അവ ഇപ്പോഴും കരയിൽ തന്നെ കിടക്കുകയാണ്‌. 
കൊയ്‌ത്‌ രണ്ടാഴ്‌ചയോളമായതിനാൽ നെല്ല്‌ കുതിർന്ന്‌ കിളിർത്തു തുടങ്ങി. ഇത്‌ നെല്ലിന്റെ കിഴിവ്‌ കുറയാൻ കാരണമാകും. പാടത്ത്‌ വെള്ളം കയറി തുടങ്ങിയതോടെ സ്വന്തം കൈയിൽനിന്ന്‌ പണമെടുത്ത്‌ കർഷകർ റോഡരികിലേക്ക്‌ നെല്ല്‌ മാറ്റി. എന്നാൽ റോഡിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ എന്ത്‌ ചെയ്യണമെന്ന്‌ അറിയാത്ത അവസ്ഥയിലാണ്‌ കർഷകർ. 
ഒരേക്കറിൽ 55,000 രൂപ മുടക്കിയാണ്‌ കൃഷിയിറക്കിയത്‌. പലരും കടം വാങ്ങിയും പലിശക്കെടുത്തും സ്വർണം പണയം വച്ചുമൊക്കയാണ്‌ കൃഷിയിറക്കിയത്‌. പാഡി ഓഫീസർ പ്രദേശത്തേക്ക്‌ വന്നിട്ടില്ലെന്ന്‌ കർഷകർ പറഞ്ഞു. രണ്ട്‌ ദിവസത്തിനുള്ളിൽ നെല്ല്‌ എടുത്തില്ലെങ്കിൽ വെള്ളംകയറി ഉള്ളവ കൂടി നശിക്കുമെന്ന്‌ കർഷകർ പറഞ്ഞു. ഹരിതകേരളം മിഷൻ പദ്ധതിപ്രകാരമായിരുന്നു ഈ പാടവും കൃഷിയോഗ്യമായത്‌. അടിയന്തരമായി ഇടപെടാൻ അധികൃതർ തയ്യാറാകണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top