19 April Friday

അടിപ്പാതകളുടെ നിർമാണം അതിവേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

മഞ്ചേശ്വരം കരോടയിൽ നടക്കുന്ന അടിപ്പാത നിർമാണം

കാസർകോട്‌
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അടിപ്പാതകളുടെ നിർമാണം തുടങ്ങി. തലപ്പാടി ചെങ്കള റീച്ചിൽ 12 അടിപ്പാതകളാണ്‌ നിർമിക്കുന്നത്‌. ഇതിൽ മഞ്ചേശ്വരം കരോട, മൊഗ്രാൽ, ചൗക്കി എന്നിവിടങ്ങളിൽ പ്രവൃത്തി തുടങ്ങി. ഹൊസങ്കടി, ഉപ്പള, ബന്തിയോട്‌, ആരിക്കാടി, കുമ്പള, വിദ്യാനഗർ, ബി സി റോഡ്‌, നായനാർ ആശുപത്രി എന്നിവിടങ്ങളിലാണ്‌ മറ്റ്‌ അടിപ്പാതകൾ. 
മഞ്ചേശ്വരം തുമിനാട്‌, കുഞ്ചത്തൂർ, മാട, പൊസോട്ട, ഉപ്പള ഗേറ്റ്‌, കൈക്കമ്പ, നയബസാർ, ഷിറിയ, മൊഗ്രാൽ പുത്തൂർ, ഏരിയാൽ, അടുക്കത്ത്‌ബയൽ, നായന്മാർമൂല, സന്തോഷ്‌നഗർ എന്നിവിടങ്ങളിൽ അടിപ്പാതയ്‌ക്കും ഉപ്പളയിൽ മേൽപ്പാലത്തിനും ആവശ്യമുയർന്നിട്ടുണ്ട്‌. ദേശീയപാത അതോറിറ്റി പഠനം നടത്തുകയാണ്‌. അംഗീകരിച്ചാൽ നിലവിലുള്ള എസ്‌റ്റിമേറ്റ്‌ പരിഷ്‌കരിക്കും.
         
പാലങ്ങളും തുടങ്ങി 
 നാല്‌ പ്രധാന പാലങ്ങളുടെയും പ്രവൃത്തി തുടങ്ങി. കുമ്പള പാലം ആറുവരിയിൽ പൊളിച്ച്‌ പണിയും. നിർമാണം ദ്രുതഗതിയിലായി. പുതിയ പാലം നിർമിച്ച ശേഷം നിലവിലുള്ളത്‌ പൊളിച്ചുമാറ്റും. മൊഗ്രാൽ, ഷിറിയ, ഉപ്പള പാലങ്ങൾ അഞ്ചുവരിയാണ്‌. നിലവിലുള്ള പാലങ്ങൾ പുതുക്കി പണിയും. നാല്‌ ചെറിയ പാലങ്ങളിൽ പൊസോട്ട (30 ശതമാനം), മഞ്ചേശ്വരം (70) എന്നിവയുടെ നിർമാണം വേഗത്തിലായി. ഏരിയാൽ, മംഗൽപാടി കുക്കാർ എന്നിവയാണ് മറ്റ്‌ ചെറിയ പാലങ്ങൾ. 81 കലുങ്കുകളുണ്ട്‌. മൂന്നെണ്ണം പുതിയതാണ്‌. സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ കാൽനടപ്പാലവും നിർമിക്കും.    
 
1.75 ഹെക്ടർ ഭൂമി 
ഏറ്റെടുക്കും
ദേശീയപാത വികസനത്തിനായി ജില്ലയിൽ 1.75 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കും.  ഇതിനായി 3 ഡി വിജ്ഞാപനം പുറപ്പെടുവിച്ച്‌ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യനിർണയം നടക്കുന്നു. നേരത്തെയുള്ള അലൈൻമെന്റിനകത്തുള്ള ഭൂമിയാണിത്‌. സർവേ നടത്താൻ വിട്ടുപോയതാണിത്‌.  ഇതടക്കം 95.95 ഹെക്ടർ ഭൂമിയാണ്‌ വേണ്ടത്‌. 93.69 ഹെക്ടർ ഏറ്റെടുത്തു. 2.26 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കാനുള്ളത്‌. ആകെ ഭൂമിയുടെ 97.64 ശതമാനം ഏറ്റെടുത്തു. 
      
1206.17 കോടി 
നഷ്ടപരിഹാരം നൽകി
 ഭൂ ഉടമകൾക്ക്‌ 1206.17 കോടി രൂപ  നഷ്ടപരിഹാരം കൈമാറി. 1335.40 കോടിയാണ്‌ ദേശീയപാത അതോറിറ്റി അനുവദിച്ചത്‌. ഇതിൽ സംസ്ഥാന സർക്കാർ നൽകുന്ന 25 ശതമാനം തുകയുണ്ട്‌. കോടതിയിൽ കേസുള്ളത്‌,   ആർബിട്രേഷൻ നടക്കുന്നത്‌, മാറ്റിവെച്ചത്‌ എന്നിവയടക്കം 129.24 കോടി ബാക്കിയുണ്ട്‌. 
 
കൂളിയങ്കാലില്‍ അടിപ്പാത ഉറപ്പായി
കാഞ്ഞങ്ങാട് 
പുതുക്കൈ, മടിക്കൈ ഗ്രാമങ്ങളുടെ ഗതാഗത കുതിപ്പിന്‌ കൂളിയങ്കാലിൽ അടിപ്പാത വരുമെന്നുറപ്പായതോടെ നാടാകെ ആഹ്ലാദത്തിൽ. 
കാഞ്ഞങ്ങാട്‌ നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന റോഡ്‌ കൂളിയങ്കാലിലെത്തുമ്പോൾ മുറിയുന്ന സാഹചര്യമാണുണ്ടായിരുന്നത്‌. ആറുവരി പാത മുറിച്ചുകടക്കാൻ കാഞ്ഞങ്ങാട്‌ സൗത്ത്‌ വരെ ചുറ്റിസഞ്ചരിക്കേണ്ടത്‌ ഇതോടെ ഒഴിവായി. അരയി, ഗുരുവനം, വാഴുന്നോറടി, മടിക്കൈ ഭാഗത്തുള്ളവർക്ക്‌ ആശ്വാസമായി. അരയിക്കടവിൽ പാലവും കൂളിയങ്കാൽ ജങ്‌ഷനിലേക്ക്‌ അപ്രോച്ച് റോഡും വന്നതോടെയാണ് ലക്ഷ്മിനഗർ - ആലാമിപ്പള്ളി വഴി നഗരത്തിലേക്കുള്ള വഴി തുറന്നത്‌. ഭൂമിശാസ്ത്രപരമായി ദേശീയപാതയേക്കാൾ താഴ്‌ന്നാണ്‌ അരയിപ്പാലം റോഡ്. 
      നിർദിഷ്ട ഉൾനാടൻ ജലപാതയുടെ കനാൽ കടന്നുപോകുന്നതിനായി അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം കൂളിയങ്കാൽ ജങ്ഷനും ജില്ലാ ആശുപത്രിക്കും ഇടയിലാണ്. കനാൽ കൂളിയങ്കാൽ ജങ്‌ഷന്‌ അടുത്തുവരുന്ന നിലയിൽ ക്രമീകരിച്ച് സമാന്തരമായി വാഹനങ്ങൾ കടന്നുപോകുന്ന അടിപ്പാതയും ക്രമീകരിച്ചാൽ ചെലവ് കുറയ്‌ക്കും. മികച്ച ദൃശ്യഭംഗിയും സമ്മാനിക്കും. നീലേശ്വരത്തേക്കും മടിക്കൈയിലേക്കും നിരവധി റോഡുകളുണ്ടെങ്കിലും കാഞ്ഞങ്ങാട്ടേക്കുള്ള ഒരേയൊരുവഴി അരയിപ്പാലം - കൂളിയങ്കാൽ റോഡാണ്‌. അടിപ്പാതക്കായി ഇ ചന്ദ്രശേഖരൻ എംഎൽഎ, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത എന്നിവർ ഇടപെട്ടു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി മുഹമ്മദലിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ച്‌ പ്രവർത്തിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top