25 April Thursday

ജ്വലിക്കുന്നു കനലോർമ ചരിത്ര ശിൽപ്പത്തിൽ

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

തൃശൂർ ഇ എം എസ് സ്ക്വയറിൽ വെങ്കലഫലകത്തിൽ ഒരുക്കിയ ചരിത്ര നിമിഷങ്ങൾ

തൃശൂർ 
ഇ എം എസ്‌ ഓർമയായിട്ട്‌ 25 ആണ്ട്‌ തികയുമ്പോൾ  തൃശൂർ തിളങ്ങുന്നു, അദ്ദേഹത്തിൻെറ  സ്‌മരണകളിൽ. ഇ എം എസിന്റെ രാഷ്‌ട്രീയ ജീവിതത്തിന്‌ തുടക്കം കുറിച്ച മണ്ണാണ്‌ തൃശൂർ. നഗരമധ്യത്തിലെ സെന്റ്‌ തോമസ്‌ കോളേജിൽനിന്നാണ് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ ഇ എം എസ് ഇറങ്ങിത്തിരിക്കുന്നത്‌. 
ഇന്റർമീഡിയറ്റ് വിജയിച്ച്‌ 1929–-31ൽ സെന്റ്‌ തോമസിൽ ബിഎക്ക് പഠിക്കുമ്പോഴാണ്‌ ദേശീയ പ്രക്ഷോഭത്തിൽ ആകൃഷ്ടനായത്. പിന്നീട് 1931ൽ നിയമലംഘന പ്രക്ഷോഭത്തിൽ അണിചേരാൻ കോഴിക്കോട്ടേക്ക് പോവുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു. അറസ്‌റ്റ് വാർത്തയറിഞ്ഞ് സെന്റ് തോമസ്‌ കോളേജിലെ വിദ്യാർഥികൾ നടത്തിയ പഠിപ്പുമുടക്കാണ്‌ സെന്റ് തോമസിലെ ആദ്യ രാഷ്ട്രീയ പഠിപ്പുമുടക്കായി കണക്കാക്കുന്നത്. 
പടിഞ്ഞാറേ ചിറയോട്‌ ചേർന്ന ബ്രഹ്മസ്വം മഠത്തിലെ വേദപഠനം, വി ടി, എം ആർ ബി, പ്രേംജി തുടങ്ങിയവരോടൊത്തുള്ള നവോത്ഥാന പ്രവർത്തനങ്ങൾ, ഉണ്ണി നമ്പൂതിരിയിലൂടെ തുടക്കമിട്ട പത്രപ്രവർത്തനം തുടങ്ങി ഇ എം എസിന്‌ തൃശൂരുമായി അനുഭവങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. ഇ എം എസിന്റെ അമ്മയുടെ വീട്‌ ഒല്ലൂർ എടക്കുന്നിയിലെ വടക്കിനിയേടത്ത്‌ മനയാണ്‌.
ചരിത്രത്തിനുമുന്നേ നടന്ന  ഇ എം എസ്  ആദ്യം കണ്ട പട്ടണത്തിൽ അദ്ദേഹത്തിന്റെ ചരിത്രശിൽപ്പവും നിറഞ്ഞുനിൽക്കുന്നു. തൃശൂർ കോർപറേഷനാണ്‌ സാംസ്കാരിക നഗരിയെ എക്കാലവും ഓർമിപ്പിക്കുംവിധം ഇ എം എസ് ഓപ്പൺ എയർ തിയറ്ററും  മിനി പാർക്കും ശിൽപ്പവും സ്ഥാപിച്ചത്‌.  
50 ലക്ഷം  ചെലവിൽ നിർമിച്ച പാർക്കിൽ സ്‌റ്റേജും ചുറ്റും സ്‌റ്റേഡിയം മാതൃകയിൽ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്‌. സ്‌റ്റേജിന്‌ ഇടതുവശത്താണ്‌ ഇ എം എസിന്റെ ശിൽപ്പം.  
പാർക്കിന്റെ മതിലിലാണ്‌ ഇ എം എസിന്റെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങൾ ശിൽപ്പത്തിൽ ഒരുക്കി സ്ഥാപിച്ചിട്ടുള്ളത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top