20 April Saturday
ഇഎസ്ഐ ആശുപത്രിയിലെ ചികിത്സപ്പിഴവ്‌

കുറ്റക്കാർക്കെതിരെ നടപടി വേണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

 

എഴുകോൺ 
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ സമീപനമാണ് ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടായത്. സാധാരണ പ്രസവ ശസ്ത്രക്രിയ നടത്താറുള്ള ഓപ്പറേഷൻ തിയേറ്ററിലല്ല സിസേറിയൻ നടന്നത്. അണുവിമുക്തമല്ലാത്ത മുറിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം സർജിക്കൽ മോപ്പ് വയറ്റിൽ കുടുങ്ങിയതറിയാതെ തുന്നലിട്ട് യുവതിയെ വാർഡിലേക്കു മാറ്റി. 
യുവതിയുടെ നില വഷളായിട്ടും പറ്റിയ അബദ്ധം മറച്ചുവയ്ക്കാനാണ് ഡോക്ടർമാർ ശ്രമിച്ചത്. കൂടുതൽ സൗകര്യമുള്ള മറ്റു ആശുപത്രിയിലേക്ക് മാറ്റുന്നതിനോ പരിശോധനാ റിപ്പോർട്ടുകൾ കൈമാറുന്നതിനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ഗുരുതരമായ അനാസ്ഥ കാണിച്ച ഡോക്ടറെയും മറ്റു ജീവനക്കാരെയും സംരക്ഷിക്കുന്ന സമീപനമാണ് സൂപ്രണ്ട് സ്വീകരിച്ചത്. അതിനാൽ സൂപ്രണ്ടിനും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ഒപ്പമുണ്ടായിരുന്ന മറ്റു ജീവനക്കാർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പ്രവർത്തകർ വെള്ളിയാഴ്ച ഇഎസ്ഐ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഓമനക്കുട്ടൻ, എം പി മനേക്ഷ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ അമീഷ് ബാബു, സെക്രട്ടറി ആർ പ്രശാന്ത്, ട്രഷറർ എൻ നിയാസ്, നിഖിൽ എസ് മോഹൻ, ബിബിൻരാജ്, അഖിൽ അശോക് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധിച്ചവരെ എഴുകോൺ പൊലീസ് അറസ്റ്റ്ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top