23 April Tuesday

വ്യവസായ വിപണനമേള ചവിട്ടിയിൽ ചുവടുറപ്പിച്ച്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 19, 2022

കൈത്തറി ചവിട്ടിയുമായി വിപണനമേളക്കെത്തിയ സിന്ധു

 നിലമ്പൂർ

കൈത്തറി ചവിട്ടി നിർമാണത്തിലൂടെ വിജയത്തിലേക്ക് ചുവടുവച്ച കഥയാണ് വ്യവസായ വിപണനമേളയിലെത്തിയ ശിവാനി ഹാൻഡ്‌ലൂം ഫ്ലോർ മാറ്റ് യൂണിറ്റ് ഉടമ സിന്ധു ശ്രീരാജിന് പറയാനുള്ളത്. ചുങ്കത്തറ പള്ളിക്കുത്ത്‌ വനിതാ കൂട്ടായ്മയാണ്‌ പള്ളിക്കുത്ത്‌ ഇടപ്പലം വീട്ടിൽ സിന്ധുവിന്റെ നേതൃത്വത്തിൽ തറിയിലൂടെ ജീവിതത്തിന്റെ നൂൽകോർത്തത്‌. 2012ൽ ഭർത്താവിനുണ്ടായ  അപകടത്തെ തുടർന്ന്‌ കുടുംബത്തിന്റെ നിത്യവൃത്തിക്കായാണ്‌ സിന്ധു സംരംഭകയാകാൻ തീരുമാനിച്ചത്. ഒരിക്കൽ അഹമ്മദാബാദിലുള്ള സുഹൃത്തിനെ കാണാൻ പോയപ്പോൾ അവിടെവച്ചാണ് തറിനെയ്ത്തിനെക്കുറിച്ച് അറിഞ്ഞത്‌. സുഹൃത്തിന്റെ സഹായത്തോടെ മുപ്പതിനായിരം രൂപ മുടക്കി ആദ്യ തറി  എത്തിച്ചു. പിന്നീട് കാഞ്ചീപുരത്തെത്തി നൂലുകളെക്കുറിച്ചും നെയ്‌ത്തിനെക്കുറിച്ചും പഠിച്ചു. തിരുപ്പൂരിലെത്തിയാണ്‌ ചവിട്ടികളുണ്ടാക്കാനുള്ള പ്രധാന അസംസ്കൃത വസ്തുവായ തുണി വേസ്റ്റിനെക്കുറിച്ച്‌ മനസ്സിലാക്കുന്നത്‌. വൈകാതെ അസംസ്കൃത വസ്തു ലഭ്യമാക്കാൻ ടെക്സ്റ്റൈൽ കമ്പനികളുമായി ധാരണയിലെത്തി. വീട്ടിൽ ഒരു തറിയുമായാണ്‌ ചവിട്ടി നിർമാണത്തിന്റെ തുടക്കം. രണ്ടുമാസത്തിനകം സിന്ധു മൂന്ന് തറികൾകൂടി വാങ്ങി. 5.70 ലക്ഷം രൂപ മുതൽമുടക്കിയായിരുന്നു സംരംഭത്തിന്റെ ആരംഭം. 
അതിൽ 1.5 ലക്ഷം രൂപ കുടുംബശ്രീ ടെക്നോളജി ഫണ്ടിൽനിന്ന്‌ ലഭിച്ചു. ഒരു തറിയിൽ തുടങ്ങിയ ശിവാനി ഫ്ലോർ മാറ്റ് യൂണിറ്റിൽ ഇന്ന് 17 തറികളും ഇരുപതിലധികം വനിതകളും ജോലിചെയ്യുന്നു. ദിവസവും അഞ്ഞൂറിലധികം ചവിട്ടി നിർമിക്കുന്നു. 33 രൂപമുതൽ 300 രൂപവരെയുള്ള ചവിട്ടികളാണ് ഇവർ വിൽപ്പന നടത്തുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ പ്രോത്സാഹനവും ഉപദേശങ്ങളും യൂണിറ്റിനെ വിജയത്തിലെത്തിച്ചുവെന്ന് ശിവാനി ഹാൻഡ്‌ലൂം ഫ്ലോർ മാറ്റ് അംഗങ്ങൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top