26 April Friday

ബ്രിട്ടനിൽ വാഹനാപകടം: കൊല്ലം സ്വദേശിനി ഉള്‍പ്പെടെ 2 മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jan 19, 2022

ആർച്ച നിർമൽ, ബിൻസ് രാജൻ

കൊല്ലം
ബ്രിട്ടനിലെ ഗ്ലോസ്റ്ററിന് സമീപം ചെൽസ്റ്റർഹാമിൽ മലയാളികളായ രണ്ടു കുടുംബം സഞ്ചരിച്ച കാറിൽ ലോറിയിടിച്ച്‌  കൊല്ലം, മൂവാറ്റുപുഴ സ്വദേശികളായ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലം ഉളിയക്കോവിൽ സ്നേഹന​ഗർ 118 അഭിരാമത്തിൽ ആർച്ച നിർമൽ (24), എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ ബിൻസ് രാജൻ (32) എന്നിവരാണ് മരിച്ചത്. ആർച്ചയുടെ ഭർത്താവ് പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പൂര് പടുതോടുമലയിൽ നിർമൽ രമേശ്‌, ബിൻസ് രാജന്റെ ഭാര്യ അനഘ, കുഞ്ഞ് എന്നിവർ ഓക്‌സ്‌ഫഡ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. 
ചെൽസ്റ്റർഹാമിലെ പെഗ്ഗിൾസ്വർത്തിൽ എ-436 റോഡിൽ ചൊവ്വാഴ്ച ഇന്ത്യൻ സമയം പകൽ 11.15ന്‌ ആയിരുന്നു അപകടം. ബിൻസിന്റെ കാറിൽ ലൂട്ടനിൽനിന്ന്‌ ഗ്ലോസ്റ്റർഷെയറിലെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഇവർ. ബിൻസ്‌ രാജൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറി ഇടിച്ചതിനെത്തുടർന്ന്‌ കാറിൽനിന്ന്‌ റോഡിലേക്കു തെറിച്ചുവീണ ആർച്ചയെ ഉടൻ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും  രക്ഷിക്കാനായില്ല. ഭർത്താവ്‌ നിർമലിന്‌ കാലിനാണ്‌ പരിക്ക്‌. നിർമൽ രമേശും ആർച്ചയും രണ്ടു വർഷംമുമ്പാണ്‌ വിവാഹിതരായത്‌. ഖത്തറിൽ ബാങ്ക്‌ ജീവനക്കാരനായിരുന്ന നിർമൽ ഭാര്യയുടെ ഉപരിപഠനത്തിനുവേണ്ടി ബ്രിട്ടനിൽ പോകാൻ ജോലി രാജിവയ്‌ക്കുകയായിരുന്നു. നാട്ടിലെത്തി അഞ്ചുമാസം മുമ്പാണ് ബ്രിട്ടനിലേക്കു പോയത്‌. കാറിൽ ഒപ്പമുണ്ടായിരുന്ന ബിൻസ്‌ രാജന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. ആർച്ച യുകെയിൽ അടുത്തയാഴ്ച ജോലിക്കുവേണ്ടിയുള്ള പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. കൊല്ലം കോർപറേഷൻ ജീവനക്കാരനായിരുന്ന അച്ഛൻ മധു മൂന്നുമാസം മുമ്പാണ് മരിച്ചത്. സഹോദരൻ ​ആദർശ്‌ ദുബായിലാണ്‌. അമ്മ: അജിത (അങ്കണവാടി വർക്കർ). കൊല്ലം അയത്തിലാണ് താമസം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോ​ഗമിക്കുകയാണ്.
രാജന്റെയും മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാരാലീഗൽ വളണ്ടിയർ ലീലയുടേയും മകനാണ് ബിൻസ്. സഹോദരൻ: വിൻസ്. ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനിയാണ് അനഘ. ആഗസ്‌തിലാണ്‌ ബിൻസും കുടുംബവും ബ്രിട്ടിനിലേക്കു പോയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top