19 April Friday
ബദൽ സ്‌കൂൾ അധ്യാപകരെ സ്ഥിരപ്പെടുത്തിയ തീരുമാനത്തിൽ ജില്ലയിൽ ആഹ്ലാദം

വെളിച്ചമെത്തി ഇവരുടെ ജീവിതത്തിലും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

വള്ളുവാടി ഏകാധ്യാപക വിദ്യാലയം

 
കൽപ്പറ്റ
 വനാന്തരങ്ങളിലും വിദൂര ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവർക്ക്‌ അക്ഷരവെളിച്ചം പകർന്നവരുടെ ജീവിതം സുരക്ഷിതമാക്കിയ സർക്കാർ തീരുമാനത്തിൽ ജില്ലയിലെ അധ്യാപകർ ആഹ്ലാദത്തിൽ. സംസ്ഥാനത്തെ 270 ബദൽ വിദ്യാലയങ്ങളിൽ അധ്യാപകരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിയാണ് ജില്ലയിലെ 39 ഓളം ബദൽ സ്കൂൾ അധ്യാപകരുടെ ജീവിതത്തിൽ വെളിച്ചമേകുന്നത്‌. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പിടിസിഎം, എഫ്ടിഎം തസ്തികകളിലേക്കാണ്  പുനർനിയമനം. ജില്ലയിലെ 36 ഏകാധ്യാപക വിദ്യാലയങ്ങളിലെ  39 അധ്യാപകർക്ക്‌ തീരുമാനം തുണയാകും.    
   1997ൽ ഇ കെ നായനാർ മന്ത്രിസഭയാണ് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ  ബദൽ വിദ്യാലയങ്ങൾ തുടങ്ങിയത്. വിദ്യാഭ്യാസ, വാഹനസൗകര്യമില്ലാത്ത ഉൾഗ്രാമങ്ങളിലും വനത്തിനുള്ളിലും ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങളിലെ കുട്ടികൾക്കായാണ് ഇവ തുടങ്ങിയത്‌.  ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായിരുന്നു പഠനം.  മലപ്പുറം, വയനാട്‌, കാസർകോട്‌ ജില്ലകളിലായിരുന്നു ആദ്യം പദ്ധതി തുടങ്ങിയത്‌. പിന്നീട്‌ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.   
    തുടക്കത്തിൽ 750 രൂപയായിരുന്നു അധ്യാപകർക്ക്‌ നൽകിയിരുന്ന  അലവൻസ്‌.  2010ൽ എസ്‌എസ്‌എ പദ്ധതി ഉപേക്ഷിച്ചതോടെ ഏകാധ്യാപക വിദ്യാലയങ്ങൾ പ്രതിസന്ധിയിലായി. എന്നാൽ എൽഡിഎഫ്‌ സർക്കാർ ഫണ്ട്‌ നൽകി പദ്ധതി തുടരാൻ തീരുമാനിച്ചു.  ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അലവൻസ്‌ 10,000 രൂപയായി വർധിപ്പിച്ച്‌  നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. എന്നാൽ യുഡിഎഫ്‌ സർക്കാർ 5000 രൂപ മാത്രമാണ്‌ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർക്ക്‌ അലവൻസായി നൽകിയത്‌. 
   തുടർന്ന്‌ 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ  എൽഡിഎഫ്‌ സർക്കാർ അലവൻസ്‌ 10,000 രൂപയാക്കി വർധിപ്പിച്ചു. ആറുമാസത്തിനകം അലവൻസ്‌ വീണ്ടും 17,325 രൂപയാക്കി.  രണ്ടാം വർഷം വേതനം 18,500 ആക്കി വർധിപ്പിച്ചു.  കുട്ടികളുടെ കുറവുകാരണം അടച്ചുപൂട്ടിയ വിദ്യാലയങ്ങളിലെ അധ്യാപകരെ തൊട്ടടുത്ത വിദ്യാലയങ്ങളിൽ നിയമിച്ചും എൽഡിഎഫ്‌ സർക്കാർ ചേർത്തുനിർത്തി. ഇപ്പോൾ സർക്കാർ സർവീസിൽ നിയമിക്കാനുള്ള ഉത്തരവിലൂടെ ബദൽ സ്‌കൂൾ അധ്യാപകർക്ക്‌ എൽഡിഎഫ്‌ വീണ്ടും തണലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top