കൽപ്പറ്റ
മേപ്പാടിയിലെ അശാസ്‌ത്രീയ മണ്ണെടുക്കൽ നിർത്തിവയ്‌പ്പിച്ചു. സ്ഥലം സന്ദർശിച്ച റവന്യു അധികൃതരാണ് പ്രവൃത്തി നിർത്തിവയ്‌ക്കാൻ നിർദേശിച്ചത്. മണ്ണെടുപ്പ് സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തഹസിൽദാർ റിപ്പോർട്ട് നൽകി. അശാസ്ത്രീയ മണ്ണെടുപ്പ് സംബന്ധിച്ച ‘ദേശാഭിമാനി’ വാർത്തയെ തുടർന്നാണ് നടപടി.
മേപ്പാടി ടൗണിനുസമീപം കാപ്പംകൊല്ലിയിൽ മാത്രം ആറിടത്താണ് അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തത്. കാപ്പംകൊല്ലി ജങ്‌ഷനുസമീപം നാലും നാൽപ്പത്തിയാറ്, പഞ്ചമിക്കുന്ന് എന്നിവിടങ്ങളിലായി ഓരോയിടത്തുമാണ് ഖനനം. അഞ്ചും റോഡരികിലാണ്. ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിച്ച മാനദണ്ഡങ്ങൾ ഒന്നും പാലിച്ചില്ല.
പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന വിധത്തിലാണ് എല്ലാ മണ്ണെടുപ്പും.
കുന്നുകൾ ഇടിച്ച് നിരത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന ആശങ്ക പലരും പരാതിയായി ഉന്നയിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പഞ്ചായത്ത് അധികൃതർ കുന്നിടിച്ച് നികത്തി വൻ കെട്ടിടം നിർമിക്കാൻ നിർലോഭം അനുമതിയും നൽകി. ഇത്തരത്തിൽ അനുമതി ലഭിച്ചവരാകട്ടെ അളവിൽ കൂടുതൽ മണ്ണ് നീക്കംചെയ്തു. മണ്ണ് ഭൂരിഭാഗവും വയൽ നികത്താനാണ് ഉപയോഗിച്ചത്.
തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സമിതിയെ നിയോഗിച്ച് പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..