29 May Sunday
കോവിഡ് രോഗികൾ ഉയരുന്നു

ജില്ലയില്‍ കൂടുതൽ 
നിയന്ത്രണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
 
കൽപ്പറ്റ
  ജില്ലയിൽ ഒമിക്രോൺ വകഭേദമടക്കമുള്ള കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കോവിഡ് കേസുകൾക്ക് മാത്രമായി മാറ്റിവയ്‌ക്കണം. സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നത് പരമാവധി കുറയ്ക്കാനും  സേവനങ്ങൾ ഇ ഓഫീസ് അല്ലെങ്കിൽ മറ്റ് സമാന രീതികൾ ഉപയോഗിച്ച് നൽകാനും ഓഫീസ് മേധാവികൾക്ക് കലക്ടർ നിർദേശം നൽകി. 
    സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികൾക്ക് അനുവദിക്കാം. ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തണം. 
   വിനോദ സഞ്ചാരകേന്ദ്രങ്ങളായ എടക്കൽ, കുറുവ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം ഓൺലൈൻ ടിക്കറ്റ് ബുക്കിങ്‌ വഴി മാത്രമാക്കി നിജപ്പെടുത്തുന്നതിന് ഡിടിപിസി നടപടിയെടുക്കണം. ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് അതത് കേന്ദ്രങ്ങളിലെ ഡെസ്റ്റിനേഷൻ മാനേജർമാർ ഉറപ്പുവരുത്തണം. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദ കേന്ദ്രങ്ങളായ കാരാപ്പുഴ, ബാണാസുര ഡാമുകളിൽ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും.
   സാമൂഹ്യ -രാഷ്ട്രീയ, കലാകായിക പരിപാടികൾ, വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകളിൽ ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും.  അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകി.  കടകളിലും ഹോട്ടലുകളിലും സിനിമാശാലകളിലും 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂ. പ്രവേശന കവാടത്തിൽ സാനിറ്റൈസറും 
 തെർമൽ സ്‌കാനറും നിർബന്ധമായും സൂക്ഷിക്കണം. തെർമൽ സ്‌കാനർ ഉപയോഗിച്ച് ആളുകളെ പരിശോധിച്ചശേഷമേ കടകളിൽ പ്രവേശിപ്പിക്കാവൂ. 
   ഹോട്ടലുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെ  ജിം, നീന്തൽകുളങ്ങൾ എന്നിവയുടെ പ്രവർത്തനം ഫെബ്രുവരി 15 വരെ നിർത്തി വയ്‌ക്കണം. ഇത്തരം ഇടങ്ങളിൽ ഒരു കാരണവശാലും അതിഥികളെ പ്രവേശിപ്പിക്കാൻ പാടില്ല. ഹെൽത്ത് ഇൻസ്‌പെക്ടർമാർ തങ്ങളുടെ അധികാര പരിധിയിലെ സ്ഥാപനങ്ങൾ പരിശോധിച്ച് കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 
   റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾ, അപാർട്ട്‌മെന്റ് സമുച്ചയങ്ങൾ, ക്ലബ്ബുകൾ, മാളുകൾ, ഹോട്ടലുകൾ, കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കോവിഡ് പ്രോട്ടോകോൾ കൃത്യമായി  പാലിക്കണം.
    ആളുകൾ ഒന്നിച്ചുകൂടുന്ന ഇടങ്ങൾ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണം.  ഇക്കാര്യം ബന്ധപ്പെട്ട സ്ഥാപന ഉടമകൾ ഉറപ്പാക്കണം.  പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കരുത്. സ്ഥാപനങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ഉപയോഗിക്കണം.  മാസ്‌ക് ധരിക്കാത്തവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുവാൻ പാടില്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരമിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
 
ഫ്ലവർഷോയ്ക്ക് വിലക്ക് 
കൽപ്പറ്റ
    ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെ കൽപ്പറ്റ ഫ്ലവർഷോ ഗ്രൗണ്ടിൽ നടത്താനിരുന്ന ഫ്ലവർഷോയും എക്‌സിബിഷനും വിലക്കി കലക്ടറുടെ  ഉത്തരവ്‌.  ജനം ചാരിറ്റബിൾ ട്രസ്റ്റാണ് ഫ്ലവർഷോ സംഘടിപ്പിക്കാനിരുന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top