06 December Monday

മഴയ്‌ക്ക്‌ നേരിയ ശമനം നിലയ്‌ക്കാത്ത ദുരിതം

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

കൂട്ടിക്കൽ കാവാലിയിൽ ഉരുൾ പൊട്ടലിൽപെട്ട് കാണാതായ മാർട്ടിന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ

കോട്ടയം
സമാനതകളില്ലാത്ത ദുരിതപ്പെയ്‌ത്ത്‌ ജില്ലയ്‌ക്ക്‌ സമ്മാനിച്ചത്‌ കണ്ണീർക്കടൽ. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വേദനയിൽ മലയോരം തേങ്ങുകയാണ്‌. പരിക്കേറ്റവരും വീടുകളില്ലാതയവരും നിരവധിയുണ്ട്‌. നൂറിലേറെ വീടുകളും മലയോരമേഖലയിൽ നാമാവശഷേമായി. ചെളിയും മണ്ണുമടിഞ്ഞ്‌ ഉപയോഗശൂന്യമായ വീടുകളും നിരവധി. കൃഷിനാശവും ഏറെയാണ്‌. മുഴുവൻ കെടുതികളുടെയും നാശനഷ്ടം തിട്ടപ്പെടുത്തി വരികയാണ്‌.
മഴയുടെ താണ്ഡവം ഞായറാഴ്‌ച ശമിച്ചത്‌ രക്ഷാപ്രവർത്തനത്തിന്‌ ആശ്വാസമായി. അതേസമയം, ജില്ലയിൽ മഴക്കെടുതി പൂർണമായി ശമിച്ചിട്ടില്ല. മണിമല, മീനച്ചിൽ , കൊടൂർ നദികൾ കരകവിഞ്ഞത്‌ വെള്ളപ്പൊക്കം രൂക്ഷമാക്കി. കിഴക്കൻ മേഖലയിൽ വലിഞ്ഞ വെള്ളം പടിഞ്ഞാറിനെ മുക്കുമെന്നാണ്‌ ആശങ്ക. ഞായർ ഉച്ചയോടെ കുമരകം, തിരുവാർപ്പ്‌, ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിൽ വെള്ളം ഇരച്ചെത്താനിടയാക്കി. എങ്കിലും സ്ഥിതിഗതി ഭീതിദമല്ല. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും ജില്ലാ ഭരണകേന്ദ്രം നടപടി സ്വീകരിച്ചു. 
ഏറ്റുമാനൂർ ചെറുവാണ്ടൂർ പാടത്ത്‌ സൈനികൻ മുങ്ങിമരിച്ചതോടെ ജില്ലയിൽ മഴക്കെടുതി മരണം പതിനാലായി. മുണ്ടുവേലിൽ മുള്ളൻഹൗസിൽ ജോൺസൻ സെബാസ്‌റ്റ്യൻ(33) ആണ്‌ മരിച്ചത്‌.  കൂട്ടിക്കൽ ഉരുൾപൊട്ടലിൽ പതിമൂന്നും, കാഞ്ഞിരപ്പള്ളിയിൽ ഒരാളും മരിച്ചു. പുലർച്ചെമുതൽ നീണ്ട തെരച്ചിലിനൊടുവിലാണ്‌ എല്ലാവരെയും കണ്ടെത്തിയത്‌. മണ്ണിനടിയിലായ  പലരുടെയും മൃതദേഹങ്ങൾ ചിന്നഭിന്നമായിരുന്നു. ഉച്ചയോടെ തെരച്ചിൽ നിർത്തി. എങ്കിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു.  മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ നാല്‌ ലക്ഷം രൂപ സഹായവും സംസ്‌കാരചെലവുകളും പരിക്കേറ്റവർക്ക്‌ ചികിത്സാ ചെലവുകളും  സർക്കാർ വഹിക്കും.
 ജില്ലയിലാകെ 40 ക്യാമ്പുകളിലേക്കാണ്‌ ആളുകളെ മാറ്റിപ്പാർപ്പിച്ചത്‌. ആകെ 1706 പേർ ക്യാമ്പുകളിലുണ്ട്‌. 693 പുരുഷന്മാരും 704 സ്ത്രീകളും 300 കുട്ടികളും ക്യാമ്പുകളിലുണ്ട്‌. പൊലീസ്‌, ഫയർഫോഴ്‌സ്‌, എൻഡിആർഎഫ്‌, സ്‌പെഷ്യൽ എൻജിനിയറിങ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ എന്നിവ ചേർന്നായിരുന്നു തെരച്ചിൽ നടത്തിയത്‌.  മന്ത്രിമാരായ വി എൻ വാസവൻ, കെ രാജൻ, റോഷി അഗസ്റ്റ്യൻ, എംഎൽഎമാരായ സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, ഡോ. എൻ ജയരാജ്‌ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top