27 April Saturday

അതിദരിദ്രർ ഇനിയില്ല; നാട്‌ കൈകോർക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
കാസർകോട്‌
അതിദാരിദ്ര്യം അനുഭവിക്കുന്നവർക്ക്‌ ഉപജീവനം കണ്ടെത്താൻ  നാടൊരുമിക്കുന്നു. വിവിധ കാരണങ്ങളാൽ   സർക്കാരിന്റെ  ക്ഷേമ പദ്ധതികളിലൊന്നും ഉൾപ്പെടാതെ  കഷ്‌ടപ്പെടുന്നവർക്ക്‌ തണലൊരുക്കുകയാണ്‌ ലക്ഷ്യം.  അഞ്ച്‌ വർഷത്തിനകം അതി ദാരിദ്ര്യം  തുടച്ചുനീക്കാനുള്ള  സർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ പ്രവർത്തനങ്ങളിലാണ്‌ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി  കണ്ണൂർ–- കാസർകോട്‌  ജില്ലകളിലെ റിസോഴ്‌സ്‌ പേഴ്‌സൺമാർക്കുള്ള പരിശീലനം പൂർത്തിയായി.  ബുധൻ മുതൽ  ജനപ്രതിനിധികൾക്കും പഞ്ചായത്ത്‌ സെക്രട്ടറിമാർക്കും പരിശീലനം തുടങ്ങും.
 പരിശീലനം പൂർത്തിയായശേഷം  വാർഡുതല ജനകീയ സമിതിയുടെയും  ഫോക്കസ്‌ ഗ്രൂപ്പിന്റെയും ചർച്ചയ്‌ക്ക്‌ ശേഷം അന്തിമ പട്ടികയ്‌ക്ക്‌ രൂപ നൽകി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കൈമാറും.  പട്ടികയിലുള്ളവരെ കണ്ട്‌ മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരം ശേഖരിക്കും. ഈ വിവരങ്ങൾ പ്രകാരം  തയ്യാറാക്കുന്ന പട്ടിക  ഡിസംബറിൽ   ഗ്രാമസഭകൾ പരിശോധിച്ച്‌  അതിദരിദ്രരെ തീരുമാനിക്കും.  
 
വാർഡിൽ 5, പഞ്ചായത്ത്‌ 50 അതിദരിദ്രർ
വാർഡുകളിൽ അഞ്ചും പഞ്ചായത്തുകളിൽ അമ്പതും അതിദരിദ്രരുണ്ടാകുമെന്നാണ്‌ നിഗമനം. ആദിവാസി, തീരദേശ മേഖലകളിൽ ഇതിൽ കൂടുതലുണ്ടാവാനുള്ള സാധ്യതയും കണക്കിലെടുത്തിട്ടുണ്ട്‌. ഗ്രാമസഭകൾ അംഗീകരിക്കുന്ന അതി ദരിദ്രരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന  തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  സൂഷ്‌മ പദ്ധതികൾ നടപ്പാക്കും.
തദ്ദേശസ്ഥാപനതല  ജനകീയ സമിതികൾ, വാർഡുതല സമിതി അംഗങ്ങൾ, ജനപ്രതിധികൾ,ഉദ്യോഗസ്ഥർ, ജനകീയാസൂത്രണം  റിസോഴ്‌സ്‌ പേഴ്‌സൺമാർ, കുടുംബശ്രീ പ്രവർത്തകർ, ഇൻഫർമേഷൻ കേരള മിഷൻ ടെക്‌നിക്കൽ അസിസ്‌റ്റന്റുമാർ എന്നിവർക്കുള്ള പരിശീലനമാണ്‌ പൂർത്തിയായത്‌.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും കലക്ടറുടെയും നേതൃത്വത്തിലുള്ള സമിതിക്കാണ്‌ പദ്ധതിയുടെ ഏകോപനന ചുമതല.  ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടറാണ്‌ ജില്ലാ നോഡൽ ഓഫീസർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top