ഈരാറ്റുപേട്ട
ഈരാറ്റുപേട്ടയിൽ ഒരു ബാങ്കുണ്ട് പരസ്പരം സ്നേഹത്തിന്റെ വസ്ത്രങ്ങൾ കൈമാറുന്ന ഡ്രസ്സ് ബാങ്ക്. നിർധനരായ കുടുംബത്തിലെ അംഗങ്ങൾക്ക് വിവാഹ വസ്ത്രങ്ങൾ നൽകി സഹായിക്കുന്ന പദ്ധതിയാണ് ഡ്രസ് ബാങ്ക്. ബാങ്കിന്റെ പ്രവർത്തനത്തിലൂടെ നിർധന കുടുംബത്തിലെ യുവതി യുവാക്കൾക്ക് ആഢംബര വിവാഹ വസ്ത്രങ്ങൾ ധരിക്കണമെന്ന മോഹം പൂവണിയുന്നു. വിവാഹ സമയത്ത് വധുവും വരനും ധരിക്കുന്ന ആഡംബര വസ്ത്രങ്ങൾ പിന്നീട് ആരും തന്നെ ഉപയോഗിക്കാറില്ല. വിലകൂടിയ ഈ വസ്ത്രങ്ങൾ അലമാരയിൽ ഇരുന്ന് നശിക്കുകയാണ് പതിവ്. ഈ വസ്ത്രങ്ങൾ താല്പര്യമുള്ളവർക്ക് ഡ്രസ് ബാങ്കിന് നൽകാം. പുതിയ വസ്ത്രങ്ങളും ബാങ്കിലേക്ക് ചിലർ സംഭാവന ചെയ്തിട്ടുണ്ട്. ഈ വസ്ത്രങ്ങൾ ആവശ്യക്കാർക്ക് മതിയായ സാക്ഷ്യപത്രം നൽകി തെരഞ്ഞെടുക്കാം. വസ്ത്രങ്ങൾ സംഭാവന ചെയ്യുന്നവരുടെയും ഉപയോഗപ്പെടുത്തുന്നവരുടെയും പേരുവിവരങ്ങൾ ഡ്രസ് ബാങ്കിൽ രഹസ്യമായി സൂക്ഷിക്കും.
ഒരു വർഷം മുൻപാണ് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ മുൻ ജെ എച്ച് ഐ വി സി മഹ്‌റൂഫാണ് ആദ്യമായി ഈ ആശയം മുന്നോട്ടുവച്ചത്. ഇദ്ദേഹത്തിന്റെ നാടായ വയനാട് സമാനമായ ഒരു ബാങ്ക് വിജയകരമായി പ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. ഈ ആശയം ഈരാറ്റുപേട്ടയിൽ പ്രാവർത്തികമാക്കുവാൻ സന്നദ്ധപ്രവർത്തകരായ യുവാക്കളോട് പങ്കിടുകയായിരുന്നു തുടർന്ന് റിതാ ഇർഫാൻ, ഷമി നൗഷാദ് , സുഹാന ജീയാസ് എന്നിവർ ഡ്രസ് ബാങ്കിന്റെ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു. നൈനാർ ജുമാ മസ്ജിദിന്റെ കീഴിലുള്ള കെട്ടിടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
15 അംഗ സംഘമാണ് പ്രവർത്തനം നിയന്ത്രിക്കുന്നത്. ധാവണി, ലഹങ്ക, ഗൗൺ, സാരി, പുരുഷന്മാർക്കുള്ള ഷർവാണി എന്നിവയെല്ലാം ഇവിടെയുണ്ട്. വിവാഹ വസ്ത്രങ്ങൾ ആവശ്യമുള്ളവവർക്ക് 8075200704, 8606079559, 7994444648 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..