17 December Wednesday

ഓർമകളുടെ തിരുമുറ്റത്ത്‌ ഒരുവട്ടം കൂടി...

സ്വന്തം ലേഖകൻUpdated: Monday Sep 18, 2023
 
ആലപ്പുഴ 
ഒരുവട്ടംകൂടി അവർ സ്‌കൂളിലെത്തുന്നു. വർഷങ്ങൾക്ക്​ മുമ്പ്​ പടിയിറങ്ങിയ സ്‌കൂൾമുറ്റത്തെ പഠനകാലത്തെ ഓർമകൾ വീണ്ടും തളിരിടും. ബാഗും ചോറ്റുപാത്രവും യൂണിഫോമും ധരിച്ചാകും ക്ലാസിലെത്തുക. ഒക്​ടോബർ ഒന്ന്​ മുതൽ ഡിസംബർ 10 വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘തിരികെ സ്‌കൂളിലേക്ക്​’ പദ്ധതിയുടെ ഭാഗമായിട്ടാണ്​ പ്രായഭേദമന്യേ വനിതകൾ അക്ഷരമുറ്റത്തേക്ക് വീണ്ടും എത്തുന്നത്‌. ജില്ലയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ നാലുലക്ഷം വനിതകൾ പഠിതാക്കളാകും. ഡിജിറ്റൽകാലത്തെ അറിവുകൾ നേടാൻ കൈയിൽ സ്‌മാർട്ട്​ ഫോണും ഇയർഫോണും കരുതണം. വിദ്യാഭ്യാസവകുപ്പിന്റെ സഹായത്തോ​ടെ ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിലാണ്​ ക്ലാസുകൾ. 
രാവിലെ 9.30ന്​​ അസംബ്ലിയോടെയാണ്​ ക്ലാസ്​ തുടങ്ങുക. ആദ്യം കുടുംബശ്രീയുടെ മുദ്രാഗീതം പാടും. സംഘശക്തി അനുഭവപാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനങ്ങൾ കണക്കിലാണ്, സംഘഗാനം ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. രാവിലെ മൂന്നും ഉച്ചക്ക്​ രണ്ടും പീരിഡുകളുണ്ടാകും. പകൽ ഒന്നുമുതൽ 1.45 വരെ ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനൊപ്പം കലാവതരണങ്ങളുമുണ്ടാകും. ഉച്ചഭക്ഷണം, കുടിവെള്ളം, ബിസ്‌കറ്റ്​​ അടക്കമുള്ള ലഘുഭക്ഷണം എന്നിവ സ്‌കൂൾ ബാഗിലാക്കി കൊണ്ടുവരണം. ഇതിന് മക്കളുടെ സ്‌കൂൾ ബാഗ് ഉപയോഗിക്കാനാണ് നിർദേശം. അതത്​ അയൽക്കൂട്ടങ്ങളിലെ യൂണിഫോം ആണ്​ നിശ്ചയിച്ചിരിക്കുന്നത്​. 
പരിപാടിയുടെ ജില്ലതല ഉദ്​ഘാടനവുമുണ്ടാകും. സിഡിഎസ്​ തലത്തിൽ പരിശീലനം ലഭിച്ച 10 മുതൽ 15വരെയുള്ള അധ്യാപകരാകും ക്ലാസെടുക്കുക. പഠനത്തിനായി ഒരുസ്കൂളിൽ പരമാവധി 12 മുതൽ 15വരെ ക്ലാസുമുറികൾ ഉപയോഗിക്കും. ഒരുക്ലാസ് മുറിയിൽ മൂന്ന്​ അയൽക്കൂട്ടങ്ങൾ കണക്കാക്കി പരമാവധി 50 പേരുണ്ടാകും. ഒരുഅയൽക്കൂട്ടത്തിന്​ ഒരുദിവസം മാത്രമായിരിക്കും ക്ലാസ്​. കാൽനൂറ്റാണ്ട്​ പിന്നിട്ട കുടുംബശ്രീ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനും പുതിയകാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയാണ്​ ലക്ഷ്യം. ഹരിതചട്ടം പാലിച്ച്​ പ്രദേശത്തെ സ്കൂളുകൾ അലങ്കരിച്ച്​ പ്ര​വേശനോത്സവവും മധുരപലഹാര വിതരണമുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top