നടവയൽ
രാധയും കുടുംബവും ഇനി സിപിഐ എമ്മിന്റെ സ്‌നേഹത്തണലിൽ. നടവയലിലും പരിസര പ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാൻ മുൻകൈയെടുത്ത വി കെ കൃഷണൻകുട്ടിയുടെ വിധവ രാധക്കും കുടുംബത്തിനുമാണ് സിപിഐ എം നേതൃത്വത്തിൽ നെല്ലിയമ്പത്ത് വീട് നിർമിച്ച് നൽകിയത്. നെല്ലിയമ്പത്ത് ഉത്സവാന്തരീക്ഷത്തിലാണ് വീടിന്റെ താക്കോൽ രാധക്ക് പാർടി നേതാക്കൾ കൈമാറിയത്.
എട്ട് ലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചത്. 520 സ്‌ക്വയർഫീറ്റിൽ നിർമിച്ച വീട്ടിൽ രണ്ട് കിടപ്പുമുറി, അടുക്കള, വരാന്ത, ഹാൾ, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യമുണ്ട്. കൂടാതെ പൂർണമായി ടൈൽ, പെയിന്റിങ്, വയറിങ് വർക്കുകൾ എന്നിവ പൂർത്തീകരിച്ച വീടാണിത്. സ്‌നേഹവീടിന്റെ താക്കോൽ വിതരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. കെ എം സുധാകരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, പനമരം ഏരിയാ സെക്രട്ടറി എ ജോണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഷംസുദ്ദീൻ പള്ളിക്കര, റസാഖ് ചക്കര, ഗഫൂർ കീടക്കാട്ട്, കെ സി നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സി എം ജയേഷ് സ്വാഗതവും കെ ഗഫൂർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..