കൊല്ലം
മലബാർ എക്‌സ്‌പ്രസിൽ ഉൾപ്പെടെ ഡി- റിസർവ്ഡ് കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കിയതോടെ മലബാറിലേക്കും തിരുവനന്തപുരത്തേക്കും പോയിവരുന്ന ജില്ലയിലെ യാത്രക്കാർ ദുരിതത്തിൽ. മലബാർ, നേത്രാവതി, മംഗള, വെസ്‌റ്റ്‌കോസ്‌റ്റ്, ശബരി, ഐലന്റ് എക്‌സ്‌പ്രസുകളിൽ ഓരോ ഡി- റിസർവ്ഡ് കോച്ചുകളാണ് എസി കോച്ചുകളാക്കിയത്. കൊച്ചുവേളി–-ജോരത്‌പൂർ, ജയന്തി എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഡി- റിസർവ്ഡ് കോച്ചുകൾ പൂർണമായും നിർത്തിലാക്കി. ഇതിൽ പരവൂർ, കൊല്ലം, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി എന്നീ റെയിൽവേ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പുള്ള മലബാർ, ഐലന്റ് എക്‌സ്‌പ്രസുകൾ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന വണ്ടികളാണ്. ഡി- റിസർവ്ഡ് കോച്ചുകൾ വെട്ടിക്കുറയ്‌ക്കുകയും പൂർണമായി നിർത്തലാക്കുകയും ചെയ്‌തതോടെ സാധാരണ യാത്രക്കാരും സീസൺ ടിക്കറ്റുകാരും പെരുവഴിയിലായി. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാതെ യാത്രാസമയത്ത് സ്‌റ്റേഷനിലെത്തി യാത്രക്കാർക്ക് സ്ലീപ്പർ ടിക്കറ്റ് എടുക്കാമായിരുന്നു. മലബാറിൽ ഉൾപ്പെടെ ഡി- റിസർവ്ഡ് കോച്ച് ഒന്നായി ചുരുങ്ങിയത് യാത്രക്കാർക്ക് തിരിച്ചടിയായി. അവശേഷിക്കുന്ന ഡി- റിസർവ്ഡ് കോച്ചിൽ കയറിക്കൂടാൻ കൊല്ലം സ്‌റ്റേഷനിൽ ഉൾപ്പെടെ ടിക്കറ്റ് ലഭിക്കാതായി. ഇതേറെ ബാധിച്ചിട്ടുള്ളത് സ്‌ത്രീകൾ, വയോധികർ, കുട്ടികൾ എന്നിവരെയാണ്. തിരക്കേറിയ ട്രെയിനുകളിൽ വെട്ടിക്കുറച്ച ഡി- റിസർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നും ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഉള്ള ആവശ്യം ശക്തമാവുന്നു. എസി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത് യാത്രക്കാരെ പിഴിഞ്ഞ് കൂടുതൽ വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
തിരക്കേറിയ എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം റെയിൽവേ അവഗണിക്കുകയാണ്. പുതിയ ട്രെയിനുകൾക്കായി ആവശ്യമുന്നയിക്കുന്ന എംപിമാർ ജനറൽ കോച്ചുകൾ വർധിപ്പിക്കമെന്ന ആവശ്യം ഗൗരവമായി കാണുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഓണ അവധിക്കാലത്തും ജനറൽ കോച്ചുകൾ അധികം അനുവദിച്ചില്ല. ഇതുമൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. തിരക്കുള്ളപ്പോൾ ആവശ്യാനുസരണം ട്രെയിനുകൾ ഓടിക്കാനും കോച്ചുകൾ വർധിപ്പിക്കാനും ഡിവിഷനുകൾക്ക് അനുമതിയുണ്ട്. എന്നാൽ, തിരുവനന്തപുരം ഡിവിഷൻ അനങ്ങാപ്പാറ നയത്തിലാണ്. 90 പേർക്കാണ് ജനറൽ കോച്ചിൽ യാത്രചെയ്യാൻ സൗകര്യമുള്ളത്. ഭൂരിഭാഗം ട്രെയിനുകളിലും ജനറൽ കോച്ചിൽ ഇതിന്റെ നാലും അഞ്ചും ഇരട്ടി യാത്രക്കാർ ഉണ്ടാകാറുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..