29 March Friday

അടവി കുട്ടവഞ്ചി സവാരി 
പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
ചിറ്റാർ
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന്  നിർത്തിവച്ച തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു.  ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് സവാരി കേന്ദ്രത്തിന്റെ പ്രവർത്തനം.
മുണ്ടോംമൂഴി കടവിൽ ആരംഭിച്ച് പാണ്ടിയാൻ കയത്തിൽ കറങ്ങിത്തിരിഞ്ഞ് തൊട്ടിക്കയവും മണൽവാരിയും കടന്ന്  തട്ടാത്തിക്കയത്തിലൂടെ പേരുവാലി കടവിൽ എത്തുന്ന ദീർഘദൂര സവാരിയും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. കാടിന്റെ കുളിർ നിറഞ്ഞ് കല്ലാറിന്റെ ഓളങ്ങളിൽ തുഴഞ്ഞുനീങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് സഞ്ചാരികൾ. 
ദീർഘദൂര സവാരി ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണ് തുഴച്ചിൽകാർ. പരമാവധി നാലുപേരടങ്ങുന്ന സംഘത്തിന് ഒരു കുട്ടവഞ്ചിയിൽ ഹ്രസ്വദൂര സവാരിക്ക് 500 രൂപയും ദീർഘദൂര സവാരിക്ക് 900 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുണ്ടോംമൂഴി കടവിൽ ആരംഭിച്ച് അതേ കടവിൽ തിരികെയെത്തുന്ന വിധം അരമണിക്കൂറോളമാണ് ഹ്രസ്വദൂര സവാരി. മുണ്ടോംമൂഴി കടവിൽനിന്ന് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ച് പേരുവാലി കടവിൽ എത്തുന്നതാണ് ദീർഘദൂര സവാരി. 
 കോവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് രണ്ടാഴ്ചയായവർക്കും കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർക്കും പ്രവേശനം ലഭിക്കും. ജോലി ചെയ്യുന്നവർക്കും സഞ്ചാരികൾക്കും ഇത് ബാധകമാണ്. വാക്സിൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയ സർട്ടിഫിക്കറ്റോ സഞ്ചാരികളുടെ കൈവശമുണ്ടാകണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top