24 April Wednesday
യൂത്ത്‌ കോൺഗ്രസ്‌ മാർച്ച്‌

ആസൂത്രിതം

സ്വന്തം ലേഖകൻUpdated: Friday Sep 18, 2020
പാലക്കാട്
മന്ത്രി കെ ടി ജലീൽ രാജിവയ്‍ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ആസൂത്രിത ആക്രമണം. പൊലീസിനു‌നേരെയും വ്യാപക ആക്രമണമുണ്ടായി. വി ടി ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസിനുനേരേ ഇരുമ്പുവടിയും കത്തിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട്‌ വനിതാ പൊലീസ്‌ ഉൾപ്പെടെ 13 പൊലീസുകാർക്ക്‌ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്‌. നോർത്ത്‌ സ്‌റ്റേഷനിലെ സിപിഒ ലിജുവിനാണ്‌ പരിക്ക്‌. 
വ്യാഴാഴ്‌ച പകൽ 11 മുതൽ തുടങ്ങിയ അക്രമം രണ്ട്‌ മണിക്കൂർ നീണ്ടു. വടികളുമായി എത്തിയ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പകൽ 11.15 ഓടെയാണ് മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിയത്. നേതാക്കളുടെ പ്രസംഗത്തിനുപോലും കാത്തുനില്‍ക്കാതെ മുന്‍കൂട്ടി നിശ്ചയിച്ചപോലെ കല്ലെറിയുകയായിരുന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. 
ഇതിനുശേഷവും പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറി. രണ്ട് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് അകത്തുചെന്ന് നാശനഷ്‍ടമുണ്ടാക്കി. 
നൂറോളം പൊലീസുകാര്‍ എത്തിയാണ് സമരക്കാരെ നേരിട്ടത്. അക്രമം തുടര്‍ന്നതോടെ പൊലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചു. സമരത്തിന്‌ നേതൃത്വം നല്‍കിയ വി ടി ബല്‍റാം എംഎല്‍എക്ക് പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്‍തു. എന്നാല്‍ എംഎല്‍എയുടെ സാന്നിധ്യത്തിൽ യൂത്ത് കോണ്‍​ഗ്രസുകാർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വടികൊണ്ട് അടിക്കുകയും മുഖത്ത് കത്തികൊണ്ട്‌ കുത്തുകയും ചെയ്‍തു. ഇതോടെ പൊലീസ് ലാത്തി വീശി.
യൂത്ത് കോൺ​ഗ്രസുകാരുടെ ആക്രമണത്തിൽ 13 പൊലീസുകാർക്കാണ് പരിക്കേറ്റത്. നാല്‍പ്പതിലധികം യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ഇവരെ പൊലീസ്‌ ആംബുലൻസിലാണ്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്‌. 
പരിക്കേറ്റ ചിലരെ നേതൃത്വം ഇടപെട്ട്‌ ആദ്യം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട്‌ പൊലീസ്‌ ഇവരെ ജില്ലാ ആശുപത്രിയിലാക്കി.  
യൂത്ത് കോൺ​ഗ്രസ് അക്രമം തുടർന്നതോടെ സിവിൽ സ്റ്റേഷൻ റോഡിലൂടെയുള്ള ​ഗതാ​ഗതം ഉച്ചവരെ പൂർണമായി നിരോധിച്ചു. ഡിവൈഎസ്‌പി ആർ മനോജ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ പൊലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തത്‌. പൊലീസിനെ ആക്രമിച്ചതിന്‌ 45 യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരേയും കേസെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top