25 April Thursday

ചെങ്കൊടിയുയർന്നു

സ്വന്തം ലേഖകൻUpdated: Wednesday May 18, 2022

കേരള സ്റ്റേറ്റ്‌ ഹെഡ്‌ ലോഡ്‌ ആൻഡ് ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ 
(സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ 
സ്വഗതസംഘം ചെയർമാൻ എസ്‌ ജയമോഹൻ പതാക ഉയർത്തുന്നു

കൊല്ലം
കരുത്തുറ്റ ചുമട്ടുതൊഴിലാളി പ്രസ്ഥാനം കേരള ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു)സംസ്ഥാന സമ്മേളനത്തിന്‌ കൊല്ലം ക്യൂഎസി ഗ്രൗണ്ടിൽ ചൊവ്വാഴ്‌ച സായാഹ്നത്തിൽ ചെങ്കൊടി ഉയർന്നു. സ്വാഗതസംഘം ചെയർമാനും സിഐടിയു ജില്ലാ സെക്രട്ടറിയുമായ എസ്‌ ജയമോഹനാണ്‌ പതാക ഉയർത്തിയത്‌. സിഐടിയു നേതാക്കളുടെ സ്‌മരണയിരമ്പുന്ന സ്‌മൃതി മണ്ഡപങ്ങളിൽനിന്ന് പ്രയാണമാരംഭിച്ച കൊടിമര, പതാക, ദീപശിഖാ ജാഥകൾ ചിന്നക്കടയിൽ സംഗമിച്ചാണ്‌ പൊതുസമ്മേളന നഗരിയായ ക്യുഎസി മൈതാനത്തേക്ക്‌ എത്തിയത്‌. തേവള്ളി കെ തുളസീധരൻ സ്മൃതിമണ്ഡപത്തിൽ അഡ്വ. ഇ ഷാനവാസ്ഖാന്റെ നേതൃത്വത്തിൽ എത്തിച്ച ദീപശിഖ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ എറ്റുവാങ്ങി. ജാഥ സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ  ഉദ്ഘാടനംചെയ്‌തു. കൊട്ടാരക്കര തങ്ങൾകുഞ്ഞ് സ്മൃതി മണ്ഡപത്തിൽനിന്ന്‌ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്ത് അഡ്വ. വി രവീന്ദ്രൻനായർ ക്യാപ്റ്റനായി കൊണ്ടുവന്ന കൊടിമരം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണനും കുന്നത്തൂരിൽ ഇ കാസിം സ്മൃതി മണ്ഡപത്തിൽനിന്ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് ഉദ്‌ഘാടനംചെയ്‌ത്‌ എം എ രാജഗോപാൽ ക്യാപ്റ്റനായി എത്തിച്ച പതാക ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ രാമുവും ഏറ്റുവാങ്ങി. സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, സ്വാഗതസംഘം സെക്രട്ടറി എ എം ഇക്‌ബാൽ എന്നിവരും പങ്കെടുത്തു. ബുധനാഴ്‌ച രാവിലെ 10ന്‌ കാട്ടാക്കട ശശിനഗറിൽ (സി കേശവൻ സ്‌മാരക മുനിസിപ്പൽ ടൗൺ ഹാൾ)പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി  എളമരം കരീം ഉദ്ഘാടനംചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തും.

 
പ്രതിനിധി സമ്മേളനം എളമരം കരീം ഉദ്ഘാടനംചെയ്യും
സ്വന്തം ലേഖകൻ
കൊല്ലം 
കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) 14–--ാം സംസ്ഥാന സമ്മേളനം ബുധനും വ്യാഴവും കൊല്ലത്ത് നടക്കും. ബുധൻ രാവിലെ പത്തിന്‌ പ്രതിനിധി സമ്മേളനം കാട്ടാക്കട ശശി നഗറിൽ (സി കേശവൻ സ്‌മാരക ടൗൺ ഹാൾ) സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും.  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി ആർ രാമു  റിപ്പോർട്ട്‌ അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, എൻ പത്മലോചനൻ, എസ്‌ ജയമോഹൻ, എസ്‌ സുദേവൻ തുടങ്ങിയവർ പങ്കെടുക്കും. 
കെ തുളസീധരൻ നഗറിൽ (ക്യൂഎസി ഗ്രൗണ്ട്‌) പൊതുസമ്മേളനം വ്യാഴം വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ നാലിന്‌ ആശ്രാമം മൈതാനിയിൽ നിന്നാരംഭിക്കുന്ന പ്രകടനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുമട്ടുതൊഴിലാളികൾ അണിനിരക്കും. 
ചുമട്ടുതൊഴിലാളികൾക്കെതിരായ ആക്ഷേപ പ്രചാരണങ്ങളും ഇല്ലാക്കഥകൾ പടച്ചുണ്ടാക്കലും അവസാനിപ്പിക്കണമെന്ന്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളിവിരുദ്ധ ഉത്തരവുകൾ ഇല്ലായ്‌മ ചെയ്യാൻ തൊഴിലാളിക്ക്‌ അനുകൂലമായി സർക്കാർ നിയമം ഭേദഗതി ചെയ്യണം.  ഏതെങ്കിലും ഒരു വ്യാപാര–- വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനല്ല, തൊഴിൽ സംരക്ഷണത്തിനുവേണ്ടിയാണ്‌  സിഐടിയു സമരരംഗത്തിറങ്ങുതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എസ് ജയമോഹൻ, സെക്രട്ടറി എ എം ഇക്ബാൽ, രക്ഷാധികാരി  ഇ ഷാനവാസ്ഖാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സന്നദ്ധ സേവനത്തിന്‌ റെഡ്‌ ബ്രിഗേഡ്‌ 
കൊല്ലം
സന്നദ്ധ സേവന പ്രവർത്തനത്തിന്‌ സംസ്ഥാനത്ത്‌ 5000 ചുമട്ടുതൊഴിലാളികളെ അംഗങ്ങളാക്കി റെഡ്‌ ബ്രിഗേഡ്‌ രൂപീകരിക്കുമെന്ന്‌ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. തൊഴിലാളികൾക്ക്‌ പ്രത്യേക പരിശീലനം നൽകാൻ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും സഹായം തേടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top